Connect with us

Ongoing News

ആന്ധ്രാപ്രദേശിലെ ഒഎന്‍ജിസി പൈപ്പ്‌ലൈനില്‍ തീപ്പിടുത്തം: 15 മരണം

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ജി എ ഐ എല്‍- ഗെയ്ല്‍) വാതക പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് പതിനഞ്ച് പേര്‍ മരിച്ചു. ശക്തമായ സ്‌ഫോടനത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പതിനഞ്ച് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ നഗരം ഗ്രാമത്തില്‍ ഇന്നലെ രാവിലെ 5.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്. അപകടത്തെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പൈപ്പ്‌ലൈനില്‍ നിന്ന് വാതകം ചോര്‍ന്നതാണ് അപകടത്തിനിടയാക്കിയത്.
ഇന്നലെ പുലര്‍ച്ചെ 4.30 ഓടെ പൈപ്പ്‌ലൈനില്‍ നിന്ന് വാതകം ചോര്‍ന്നു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പതിനെട്ട് ഇഞ്ച് വ്യാസമുള്ള പൈപ്പ് ലൈനില്‍ നിന്നാണ് വാതകം ചോര്‍ന്നത്. സമീപത്തുള്ള ചായക്കടയില്‍ സ്റ്റൗ പ്രവര്‍ത്തിപ്പിച്ചതോടെ വന്‍ സ്‌ഫോടനം നടക്കുകയായിരുന്നുവെന്ന് വടക്കന്‍ തീരദേശ മേഖലാ ഐ ജി അതുല്‍ സിംഗ് പറഞ്ഞു. ചായക്കടക്കാരനും അഞ്ച് കുടുംബാംഗങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടും. പരുക്കേറ്റവരെ സമീപത്തുള്ള അമലാപുരം, കാക്കിനാഡ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ലെന്നാണ് ഗെയ്ല്‍ അധികൃതര്‍ പറയുന്നത്.
സ്‌ഫോടനത്തെ തുടര്‍ന്ന് മീറ്ററുകളോളം ഉയരത്തില്‍ തീ ഉയര്‍ന്നു. അപകട സമയത്ത് സമീപ പ്രദേശത്തുള്ള ഭൂരിഭാഗം ആളുകളും ഉറക്കത്തിലായിരുന്നു. സമീപ ഗ്രാമങ്ങളിലും സ്‌ഫോടനത്തെ തുടര്‍ന്ന് പ്രകമ്പനമുണ്ടായി. അപകടത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായി സംസ്ഥാന ധനമന്ത്രി യാനമല രാമകൃഷ്ണുഡു പറഞ്ഞു. പത്ത് ഏക്കറിലുള്ള തെങ്ങുകളും മറ്റ് മരങ്ങളും കത്തി നശിച്ചിട്ടുണ്ട്. പ്രദേശത്തുള്ള വീടുകളും മറ്റു കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു.
സമീപവാസികളെ ഒഴിപ്പിച്ച ശേഷമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അഗ്നിശമന സേനയുടെ ഇരുപത് യൂനിറ്റെത്തിയാണ് തീ അണച്ചത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രയിലെ രണ്ട് എണ്ണക്കിണറുകളുടെ പ്രവര്‍ത്തനം ഒ എന്‍ ജി സി നിര്‍ത്തിവെച്ചു.
ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സംഭവ സ്ഥലം സന്ദര്‍ശിച്ചു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഗെയ്‌ലിലെയും ഒ എന്‍ ജി സിയിലെയും മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ അപകട മേഖല സന്ദര്‍ശിച്ചു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട പെട്രോളിയം മന്ത്രി, എണ്ണ, വാതക മേഖലയുടെ സുരക്ഷ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാറും പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജനവാസ കേന്ദ്രത്തിലൂടെ വാതക പൈപ്പ്‌ലൈന്‍ പോകുമ്പോള്‍ നാട്ടുകാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി.
അപകടത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുവിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. സാരമായി പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പെട്രോളിയം മന്ത്രാലയവും ഗെയ്‌ലും നഷ്ടപരിഹാരം നല്‍കുന്നതിന് പുറമെയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.