Connect with us

National

തമിഴ്‌നാട്ടില്‍ ഇനി മുതല്‍ അമ്മ മെഡിക്കല്‍ ഷോപ്പുകളും

Published

|

Last Updated

ചെന്നൈ: അമ്മ കാന്റീന്‍, അമ്മ വാട്ടര്‍, അമ്മ ഉപ്പ് എന്നിവക്ക് പിറകെ, തമിഴ്‌നാട് സര്‍ക്കാര്‍ അമ്മ മെഡിക്കല്‍ ഷോപ്പുകള്‍ക്കും തുടക്കം കുറിച്ചു. മരുന്ന് രംഗത്തെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ചെന്നൈയിലെ നംഗനല്ലൂരില്‍ ഉള്‍പ്പെടെ മൊത്തം പത്ത് മെഡിക്കല്‍ ഷോപ്പുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടന കര്‍മം. കാഞ്ചീപുരം, കുണ്ഡലോര്‍, ഈറോഡ് ശിവഗംഗ, സേലം, മധുരൈ, വിരുദ്ധുനഗര്‍ ജില്ലകളിലാണ് ഇപ്പോള്‍ മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. സംസ്ഥാനത്തുടനീളം നൂറിലധികം മെഡിക്കല്‍ ഷോപ്പുകള്‍ ഈ പദ്ധതിക്ക് കീഴില്‍ ആരംഭിക്കുകയെന്നതാണ് സര്‍ക്കാറിന്റെ ദീര്‍ഘകാല പദ്ധതി. പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ അനുകൂല്യം നല്‍കുന്ന ഈ പദ്ധതി ജയലളിതയുടെ ജനപ്രിയത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സര്‍ക്കാറിന്റെ ഈ പദ്ധതി വളരെ ഗുണകരമാണ്. ഇനിയും കൂടുതല്‍ കടകള്‍ തുറക്കുമെന്നാണ് കരുതുന്നത്. വിലക്കുറവിന് പുറമെ, ഇവിടെ വ്യാജ മരുന്നുകള്‍ ഉണ്ടാകില്ലെന്നതും ശുഭകരമാണെന്ന് നംഗനല്ലൂരിലെ വിരമിച്ച അധ്യാപകന്‍ കെ സാന്തനം ചൂണ്ടിക്കാട്ടുന്നു. അമ്മ കാന്റീന്‍ പോലെത്തന്നെ അമ്മ മെഡിക്കല്‍ ഷോപ്പുകളും നല്ല നിലയില്‍ മുന്നോട്ടുപോകുമെന്ന് ഇവര്‍ കരുതുന്നു.
കഴിഞ്ഞ ഫ്രെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍, മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി പനിനീര്‍സെല്‍വം വ്യക്തമാക്കിയിരുന്നു. ഇതിന് വേണ്ടി 20 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെക്കുന്നത്. മൊത്തം 100 ഷോപ്പുകളില്‍ പത്തെണ്ണവും ചെന്നൈയിലായിരിക്കും. ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പത്ത് ശതമാനം വിലക്കിഴിവ് നല്‍കും. പുതുതായി ഷോപ്പുകള്‍ ആരംഭിക്കേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള സര്‍വേ പുരോഗമിക്കുകയാണ്. കുറഞ്ഞ മെഡിക്കല്‍ ഷോപ്പുകളുള്ള മേഖലകളെയാണ് മുഖ്യമായും തിരഞ്ഞെടുക്കുക. ഇവിടെ ജോലിക്ക് പ്രവേശിക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് 7,000 രൂപ വരെ ശമ്പളം നല്‍കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്.