Connect with us

National

അന്ത്യശാസനം നിലനില്‍ക്കെ പുതിയ നിര്‍ദേശവുമായി ഡല്‍ഹി സര്‍വകലാശാല

Published

|

Last Updated

ന്യൂഡല്‍ഹി: നാല് വര്‍ഷത്തെ ബിരുദ കോഴ്‌സ് അവസാനിപ്പിച്ച് പഴയ രീതി തുടരണമെന്ന യു ജി സിയുടെ അന്ത്യശാസനം നിലനില്‍ക്കെ പുതിയ നിര്‍ദേശവുമായി ഡല്‍ഹി സര്‍വകലാശാല രംഗത്ത്. സര്‍വകലാശാലക്ക് കീഴിലുള്ള ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കെ യു ജി സിയും സര്‍വകലാശാലയും തമ്മിലുള്ള തര്‍ക്കം മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശവുമായ സര്‍വകലാശാല രംഗത്തെത്തിയത്. മൂന്ന് വര്‍ഷം കൊണ്ട് വിദ്യാര്‍ഥിക്ക് ഹോണേഴ്‌സ് ബിരുദം നല്‍കാമെന്നും നാലാമത്തെ വര്‍ഷം ഗവേഷണങ്ങള്‍ക്കായി ഉപയോഗപ്പെടുത്താമെന്നുമാണ് സര്‍വകലാശാല നിര്‍ദേശിച്ചത്. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഇക്കാര്യം അംഗീകരിക്കുകയാണെങ്കില്‍ പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ അധികം സമയം ആവശ്യമില്ലെന്ന് ഡല്‍ഹി സര്‍വകലാശാലാ പി ആര്‍ ഒ മലയ് നീരവ് പറഞ്ഞു.
ബിരുദ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ബിരുദ പഠനത്തിന് മൂന്ന് വര്‍ഷമെന്ന പഴയ രീതി നടപ്പാക്കണമെന്ന് യു ജി സി നിര്‍ദേശിച്ചത്. കഴിഞ്ഞ അധ്യയന വര്‍ഷം മുതലാണ് ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദ കോഴ്‌സ് നാല് വര്‍ഷമാക്കിയത്. പഴയ രീതിയില്‍ പ്രവേശനം നടത്തണമെങ്കില്‍ ധാരാളം സമയമെടുക്കുമെന്ന് നീരവ് പരഞ്ഞു. സര്‍വകലാശാലയിലെ അധ്യാപക സംഘടനയായ ഡി യു ടി എയും വിദ്യാര്‍ഥി സംഘടനകളും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. നാല് വര്‍ഷത്തെ ബിരുദ കോഴ്‌സ് അവസാനിപ്പിക്കണമെന്ന് യു ജി സി ആവശ്യപ്പെട്ടതോടെ പ്രവേശന നടപടികള്‍ അനന്തമായി നീളുകയാണ്. ഇതിനിടെ സര്‍വകലാശാലാ വി സി ദിനേഷ് സിംഗ് രാജിവെച്ചതും പ്രശ്‌നം വഷളാക്കിയിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലക്ക് കീഴില്‍ 64 കോളജുകളാണുള്ളത്.
മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സ് പുനരാരംഭിക്കാന്‍ ഇന്നലെ വരെയാണ് സര്‍വകലാശാലക്ക് യു ജി സി സമയം അനുവദിച്ചിരുന്നത്. സര്‍വകലാശാലക്ക് കീഴിലെ 57 കോളജുകളും യു ജി സിയുടെ നിര്‍ദേശം അംഗീകരിച്ചുവെന്നാണ് കമ്മീഷന്‍ അവകാശപ്പെടുന്നത്.
അതേസമയം, നാല് വര്‍ഷ ബിരുദ കോഴ്‌സിനെതിരെ പ്രതിഷേധിച്ച ഇരുപത് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. പ്രശ്‌നത്തില്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്ത ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളാണ് അറസ്റ്റിലായത്.

Latest