Connect with us

Idukki

അന്തര്‍സംസ്ഥാന വാഹന മോഷണം; നാലംഗ സംഘം അറസ്റ്റില്‍

Published

|

Last Updated

തൊടുപുഴ: കേരളത്തില്‍ നിന്നും ജീപ്പുകള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്ന സംഘത്തെ കട്ടപ്പന പോലീസ് പിടികൂടി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നായി 30 ലേറെ ജീപ്പുകള്‍ മോഷ്ടിച്ച സംഘമാണ് പിടിയിലായത്. ശാന്തന്‍പാറ വക്കോടന്‍ സിറ്റി കുഴിവേലിക്കുന്നേല്‍ കാളശേരി ബിജു(36), പുത്തന്‍പുരയ്ക്കല്‍ സനീഷ് (25), ശാന്തന്‍പാറ ഇടശേരി മനേഷ് (28), തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി അടിമാലിയില്‍ താമസിച്ച് വാഹന കച്ചവടം നടത്തുന്ന കാര്‍വര്‍ണന്‍ എന്നുവിളിക്കുന്ന രാജന്‍(50) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ ബിജു, സനീഷ്, മനേഷ് എന്നിവര്‍ ചേര്‍ന്ന് മോഷണം നടത്തുന്ന വാഹനങ്ങള്‍ പൊളിച്ച് തമിഴ്‌നാട്ടിലേക്ക് കയറ്റി വിട്ടിരുന്നത് രാജനാണ്. ഇവരെ കൂടാതെ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള മറ്റു ചിലരും ഈ സംഘത്തിലെ കണ്ണികളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. അവര്‍ ഉടന്‍ കുടുങ്ങുമെന്നാണ് സൂചന. കൂടുതല്‍ അന്വേഷണത്തിനായി അന്വേഷണ സംഘം ഉടന്‍ തമിഴ്‌നാട്ടിലേക്ക് തിരിക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30ലേറെ ജീപ്പുകള്‍ സംഘം മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയതായാണ് പ്രാഥമിക കണ്ടെത്തല്‍. രാജന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ പൊളിച്ച് പാര്‍ട്‌സുകളാക്കുന്ന അടിമാലിയിലെ സ്ഥലത്ത് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. നിരവധി ജീപ്പുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് മോഷ്ടിച്ച വാഹനം വില്‍പ്പന നടത്താന്‍ വന്നവരാണെന്ന വ്യാജേനയാണ് അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. കട്ടപ്പന സി ഐ റജി എം കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.