Connect with us

Ongoing News

എച്ച് ഐ എല്‍; പരാതികള്‍ പരിഹരിക്കും-മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡിന്റെ പാട്ടഭൂമിയില്‍ മേലുള്ള വര്‍ധിപ്പിച്ച പാട്ടത്തുക ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എച്ച് ഐ എല്ലിന് 18 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിട്ടുള്ളത്. പാട്ടത്തുക നീതീകരിക്കാനാകാത്തവിധമാണ് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പ്രതിനിധികള്‍ പരാതിപ്പെട്ടു.
പ്രതിവര്‍ഷം 98,000 രൂപയാണ് പാട്ടം നല്‍കിവന്നിരുന്നത്. എന്നാല്‍ 2010ന് ശേഷം ഈ നിരക്കില്‍ പാട്ടം സ്വീകരിക്കാന്‍ അധികാരികള്‍ വിസമ്മതിക്കുകയാണ്. നിലവില്‍ 1.53 കോടി രൂപ കുടിശ്ശികയും പാട്ടത്തുകയിലെ വര്‍ധനയും ഒഴിവാക്കണമെന്നും കമ്പനി സി എം ഡി. കെ ഹരികുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നാല്‍പ്പത് കോടി രൂപ മുതല്‍മുടക്കില്‍ പദ്ധതികള്‍ ആരംഭിക്കാന്‍ കമ്പനി തയ്യാറെടുക്കുമ്പോള്‍ ഇത്തരം നടപടികള്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും സി എം ഡി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വ്യവസായ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ലാന്‍ഡ് റവന്യു അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി. മുഖ്യമന്ത്രിക്കു പുറമെ മന്ത്രി ഇബ്‌റാഹിം കുഞ്ഞ്, ഹൈബി ഈഡന്‍ എം എല്‍ എ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്‍, കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു.