Connect with us

Kozhikode

എസ് എസ് എഫ് റമസാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം പ്രൗഢമായി

Published

|

Last Updated

കോഴിക്കോട്: റമസാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമസാന്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഹൃദയം നന്മകളാല്‍ സ്ഫുടം ചെയ്‌തെടുക്കാനുള്ള ഏറ്റവും മികച്ച അവസരമായി റമസാനിന്റെ ദിനരാത്രങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മനസ്സും ശരീരവും റമസാനിന് വേണ്ടി ഒരുങ്ങണം. അകവും പുറവും സംശുദ്ധമാവുമ്പോഴാണ് വ്രതാനുഷ്ഠാനങ്ങളും മറ്റ് ആരാധനാകര്‍മങ്ങളും ഹൃദ്യമാകുന്നത്. റമസാനിന്റെ പവിത്രതക്ക് കളങ്കം വരുത്തുന്ന വാക്കോ പ്രവൃത്തിയോ ചിന്തകളോ ഒരാളില്‍ നിന്നുണ്ടാകുകയാണെങ്കില്‍ പിശാച് അയാളില്‍ നിന്നും വിദൂരത്തല്ലെന്നാണ് മനസ്സിലാക്കേണ്ടത്. വ്രതശുദ്ധിക്ക് ഹാനിയാകുന്ന എല്ലാ ദൂര്‍വൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള പ്രതിജ്ഞയാണ് റമസാനിനെ വരവേല്‍ക്കുന്ന മുസ്‌ലിമിന്റെ പ്രഥമ ബാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ആമുഖ പ്രഭാഷണവും സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അഭാവാദ്യ പ്രസംഗവും നടത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ അബ്ദുല്‍ കലാം, സൈതൂട്ടി മുസ്‌ലിയാര്‍ കൊളത്തറ, ചെറുവണ്ണൂര്‍ അബൂബക്കര്‍ ഹാജി, ലത്തീഫ് സഖാഫി പെരുമുഖം, മുഹമ്മദലി കിനാലൂര്‍ സംബന്ധിച്ചു.

Latest