Connect with us

Eranakulam

പോലീസിലെ സംഘടനാ പ്രവര്‍ത്തനം നിരോധിക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: പോലീസ് സേനയിലെ സംഘടനാ പ്രവര്‍ത്തനം നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി. സേനയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കാരണം രാഷ്ട്രീയ കൊലപാതക കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും ജസ്റ്റിസ് പി രാമകൃഷ്ണന്‍ നിരീക്ഷിച്ചു. രാഷ്ട്രീയ കൊലപാതക കേസുകളില്‍ സര്‍ക്കാറുകള്‍ക്ക് സി ബി ഐ അന്വേഷണം ആവശ്യപ്പെടേണ്ട സാഹചര്യം ഉണ്ടാകുന്നത് ഇതിന് തെളിവാണെന്നും കോടതി വിലയിരുത്തി.

ഇക്കാരണത്താല്‍ കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിന് ജനങ്ങള്‍ക്ക് സി ബി ഐയെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണ്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയുടെ ബാഹുല്യവും കോടതി ചൂണ്ടിക്കാട്ടി. പയ്യോളിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി ബി ഐക്കു കൈമാറണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.
സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നതും സംഘര്‍ഷത്തിലേര്‍പ്പെടുന്നതും പോലെയാണ് പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ പോലീസുകാര്‍ ഏറ്റുമുട്ടിയതെന്നും കോടതി പറഞ്ഞു. അതേസമയം, രാഷ്ട്രീയ കൊലപാതക കേസുകളുടെ അന്വേഷണം സി ബി ഐക്ക് കൈമാറേണ്ടതില്ലെന്നും സി ബി ഐ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇത്തരം കേസുകള്‍ സി ബി ഐക്ക് കൈമാറാന്‍ സര്‍ക്കാറുകള്‍ തീരുമാനിക്കുന്നത് രാഷ്ട്രീയപ്രേരിതമായാണെന്നും ഇത് അനാവശ്യ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നും സി ബി ഐ വിശദീകരിച്ചു. പയ്യോളി മനോജ് വധക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി ആവശ്യപ്പെട്ടു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കേസ് സി ബി ഐക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചു. കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തലുകളില്‍ വൈരുധ്യമുണ്ടെന്നും യഥാര്‍ഥ പ്രതികളെയല്ല ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തതെന്നുമുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. കൊലപാതകതത്തില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ വിദഗ്ധമായ അന്വേഷണം വേണമെന്നും അറസ്റ്റിലായ പ്രതികള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നാര്‍കോ പരിശോധകള്‍ക്ക് വിധേയരാകാന്‍ സന്നദ്ധത അറിയിച്ചിരുന്നതായും ക്രൈം ബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സി ബി ഐയോട് കോടതി ആവശ്യപ്പെട്ടു.

Latest