Connect with us

Ongoing News

സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ്: സര്‍ക്കാറും സി ബി ഐയും ഇടയുന്നു

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് മുഖ്യപ്രതിയായ കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സി ബി ഐയും സംസ്ഥാന സര്‍ക്കാറും ഇടയുന്നു. അന്വേഷണ സംഘത്തിന് ആവശ്യാമായ സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന് കാണിച്ച് സി ബി ഐ ഹൈക്കോടതിയില്‍ പരാതി നല്‍കിയതോടെയാണ് ഏറ്റമുട്ടല്‍ മറനീക്കി പുറത്തുവന്നത്. എന്നാല്‍ സി ബി ഐ ഹൈക്കോടതിയില്‍ നല്‍കിയ പരാതി പിന്‍വലിച്ചിട്ടുണ്ടെന്നും കോടതിക്ക് മുന്നില്‍ അങ്ങനെ ഒരു പരാതി നിലവിലില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി സി ബി ഐ അന്വേഷണ സംഘത്തിന് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്നും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും പ്രതികരിച്ചു. ഇതുസംബന്ധിച്ച അടിയന്തര ്രപമേയാവതരണ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം സംസ്ഥാന സര്‍ക്കാറിനെതിരായ പരാതി സാങ്കേതികമായ തിരുത്തലുകള്‍ക്കായി താത്കാലികമായി പിന്‍വലിച്ചതാണെന്നും പരാതി വീണ്ടും നല്‍കുമെന്നും സി ബി ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ കേസില്‍ നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അന്വേഷണ സംഘത്തിന് സൗകര്യങ്ങള്‍ നല്‍കിയില്ലെന്നാണ് സി ബി ഐ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.
അന്വേഷണത്തിന് ആവശ്യമായ വിവിധ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് സി ബി ഐ മൂന്ന് തവണ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. പോലീസ്, രജിസ്‌ട്രേഷന്‍, റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഇവയെല്ലാം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഒപ്പം സൗകര്യങ്ങള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ നല്‍കിയ പരാതിക്ക് പിന്നില്‍ മറ്റാരെങ്കിലുമാണെന്ന സംശയവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.
ഹൈക്കോടതിയില്‍ സി ബി ഐ പരാതി നല്‍കി മിനുട്ടുകള്‍ക്കകം മാധ്യമങ്ങളില്‍ അത് ബ്രേക്കിംഗ് ന്യൂസായി വന്നതില്‍ ദുരൂഹതയുണ്ട്. വാര്‍ത്ത കണ്ടിട്ടാണ് ഉദ്യോഗസ്ഥര്‍ പോലും ഇക്കാര്യം അറിയുന്നത്. ഓപ്പണ്‍ കോര്‍ട്ടിലാണ് ഇത്തരമൊരു പരാതി വരുന്നതെങ്കില്‍ മാധ്യമങ്ങള്‍ അത് വേഗം അറിയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയാണ് മിനുട്ടുകള്‍ക്കുള്ളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. അതുകൊണ്ടുതന്നെ ഈ പരാതിക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് സംശയിക്കേണ്ടി വരും. സി ബി ഐ അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെട്ട വിവാദ ഭൂമി ആയതിനാലാണ് ഭൂ ഉടമകളില്‍ നിന്ന് നികുതി സ്വീകരിക്കേണ്ടെന്ന് എ ജി നിര്‍ദ്ദേശം നല്‍കിയതെന്നും അതില്‍ തെറ്റുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ കടകംപള്ളിയിലെ വിവാദ ഭൂമിയുടെ അവകാശികളില്‍ നിന്ന് ഭൂനികുതി പിരിക്കേണ്ടതില്ലെന്ന് കലക്ടറോട് എ ജി പറഞ്ഞത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നും വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സേവനം സി ബി ഐ ആവശ്യപ്പെട്ടിട്ട് അത് നല്‍കിയിരുന്നില്ലെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം ആരോപിച്ചു. ഈ കേസിനെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളും അറിയാവുന്ന ഡെപ്യൂട്ടി കലക്ടര്‍ കഴിഞ്ഞ ദിവസം മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം കൂടി സി ബി ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അജിത്ത് എന്ന സി ഐയുടെ സേവനം ആവശ്യപ്പെട്ടപ്പോഴെല്ലാം സര്‍ക്കാര്‍ നല്‍കി. ഇനിയും ആവശ്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കും. എറണാകുളത്തെയും തിരുവനന്തപുരത്തെയും ടി ബികളില്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ മുറി വേണമെന്നായിരുന്നു സി ബി ഐയുടെ ഒരു കത്ത്. അതിന് അപ്പോള്‍ തന്നെ നടപടി സ്വീകരിച്ച് മുറി നല്‍കി. റവന്യൂ ഉദ്യോഗസ്ഥരെ വേണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest