Connect with us

Kozhikode

മഅ്ദനിയുടെ ജാമ്യാപേക്ഷ: 30ന് സുപ്രീംകോടതി പരിഗണിക്കും

Published

|

Last Updated

കോഴിക്കോട്: ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദു നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ഈ മാസം 30ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ചലമേശ്വര്‍, ജസ്റ്റിസ് ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുക.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയതിന് ശേഷം ആദ്യമായി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ പി ഡി പി പ്രവര്‍ത്തകരും മഅ്ദനി ജസ്റ്റിസ് ഫോറം പ്രവര്‍ത്തകരും ആകാംക്ഷയോടെയാണ് വിധിയെ നോക്കികാണുന്നത്. കഴിഞ്ഞ മാര്‍ച്ച് 28ന് മഅ്ദനിക്ക് ചിക്തിസ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് തവണ അഗര്‍വാള്‍ കണ്ണാശുപത്രിയിലും രണ്ട് തവണ മണിപ്പാല്‍ ആശുപത്രിയിലും മഅ്ദനിയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ ആവും വിധത്തില്‍ ശാരീരിക സ്ഥിതി വീണ്ടെടുക്കാന്‍ മഅ്്ദനിക്ക് കഴിഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിക്ക് കര്‍ണാടക സര്‍ക്കാര്‍ കൈമാറിയിരുന്നു. മഅ്ദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിക്ക് കൈമാറണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. നേരത്തെ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശമുണ്ടായിട്ടും ഇത് ലംഘിച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ഒരാഴ്ചക്കുള്ളില്‍ മഅ്ദനിയുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറണമെന്നും മാര്‍ച്ചില്‍ നിര്‍ദേശിച്ചത്. ജയിലില്‍ തന്നെ തുടരുന്നതാണ് മഅ്ദനിയുടെ ആരോഗ്യ സ്ഥിതി മോശമാകാന്‍ കാരണമെന്നും വേഗത്തില്‍ നേത്രശസ്ത്രക്രിയ ചെയ്യാന്‍ ആയില്ലെങ്കില്‍ കാഴ്ച പൂര്‍ണമായും നഷ്ടപെടാന്‍ ഇടയാക്കുമെന്നും മഅ്ദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

Latest