Connect with us

Ongoing News

നിയമസഭ നടക്കുമ്പോള്‍ മന്ത്രിമാര്‍ പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ റൂളിംഗ്

Published

|

Last Updated

തിരുവനന്തപുരം: നിയമസഭ സമ്മേളിക്കുമ്പോള്‍ അംഗങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന രീതിയില്‍ മന്ത്രിമാര്‍ പുറത്തുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് സ്പീക്കറുടെ റൂളിംഗ്. എന്നാല്‍ ദേശീയ ദിനങ്ങള്‍ ഉള്‍പ്പടെയുള്ള ചില അവസരങ്ങളില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോകാതിരിക്കാന്‍ കഴിയില്ല. ഇത്തരം അനിവാര്യമായ പരിപാടികള്‍ മാറ്റി നിര്‍ത്തിയാല്‍, മറ്റുള്ളവ കഴിയുന്നതും ഒഴിവാക്കുന്നതാവും നല്ലതെന്നും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു. കോട്ടണ്‍ഹില്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിന്‍മേലാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയത്.
അതേസമയം, അധ്യാപികക്കെതിരായ നടപടി ക്രമപ്രകാരം സ്വീകരിച്ചതാണെന്നും സ്ഥലംമാറ്റ നടപടിക്കെതിരെ അപ്പീല്‍ നല്‍കിയാല്‍ നിശ്ചയമായും പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നത്തിന് സാമുദായിക നിറം നല്‍കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
സഭയിലെ നിരവധി റൂളിംഗുകള്‍ക്ക് വിരുദ്ധമായാണ് മന്ത്രി പരിപാടിയില്‍ പങ്കെടുത്തതെന്ന് ക്രമപ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. മന്ത്രി മണിക്കൂറുകളോളം വൈകിയെത്തിയതു മൂലം അധ്യാപനം തടസ്സപ്പെട്ടു. ഡി പി ഐയുടെ ഉത്തരവിന് വിരുദ്ധമായി സ്‌കൂളില്‍ പരിപാടി സംഘടിപ്പിച്ചതിന് പ്രധാനാധ്യാപിക ഉത്തരവാദിയല്ല. 9.30ന് നിശ്ചയിച്ച പരിപാടിക്ക് 11 മണിവരെ കാത്തിരുന്ന ശേഷമാണ് അധ്യാപിക ഗേറ്റ് അടച്ച് ഓഫീസിലേക്ക് പോയത്. ക്യാന്‍സര്‍ രോഗിയായ അവര്‍ മരുന്നു കഴിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് ഓഫീസിലേക്ക് പോയത്. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ 15 ദിവസം കാലാവധി ഉണ്ടായിരിക്കെ വിശദീകരണത്തിന് കാത്തുനില്‍ക്കാതെ നടപടിയെടുത്ത് അസാധാരണ സംഭവമാണ്. ചീഫ് സെക്രട്ടറിയെ മാത്രമല്ല, മുഴുവന്‍ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഈ വിഷയത്തില്‍ എന്തുകൊണ്ട് ഉണ്ടായില്ലെന്നും വി എസ് ചോദിച്ചു.
പതിനൊന്ന് മണിക്കാണ് പരിപാടിക്ക് എത്താമെന്ന് ഏറ്റിരുന്നതെന്നും നിയമസഭയിലെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് വൈകിയതെന്നും മന്ത്രി പി കെ അബ്ദുര്‍റബ്ബ് വിശദീകരിച്ചു. ഒമ്പത് മണിക്കേ കുട്ടികളെ സദസ്സില്‍ ഇരുത്തിയതിന് താന്‍ ഉത്തരവാദിയല്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി എത്തിയ സമയത്ത് പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.