Connect with us

Editorial

പേഴ്‌സനല്‍ സ്റ്റാഫിന്റെ നിയമനവും ശമ്പളവും

Published

|

Last Updated

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനായി 30 കോടിയോളം രൂപ ചെലവഴിച്ചെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചത്. ശമ്പളം, അലവന്‍സ്, ടി എ, ഡി എ, ചികിത്സാ ചെലവ് തുടങ്ങിയ ഇനങ്ങളിലായാണ് ഇത്. 70,000 രൂപ വരെ ശമ്പളം വാങ്ങുന്ന മുപ്പതോളം സ്റ്റാഫുകളുണ്ട് ഓരോ മന്ത്രിക്ക് കീഴിലും. എണ്ണത്തില്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലാത്ത പേഴ്‌സനല്‍ സ്റ്റാഫ് സമ്പ്രദായമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് ആക്ഷേപമു ണ്ട്. ഡെപ്യൂട്ടേഷനിലൂടെ സംസ്ഥാന ഖജനാവിന് ഒരു ബാധ്യതയും ഇല്ലാതെ പേഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കാമെന്നിരിക്കെ പ്രതിവര്‍ഷം 30 കോടി രൂപ ബാധ്യത വരുത്തി എന്തിനാണ് പുറത്തുനിന്നുള്ളവരെ നിയമിക്കുന്നതെന്ന ചോദ്യവും പ്രസക്തമാണ്.
സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ മുണ്ട് മുറുക്കിയുടുക്കണമെന്ന് മന്ത്രിമാര്‍ പലപ്പോഴും ജനങ്ങളെ ഉപദേശിക്കാറുണ്ട്. എന്നാല്‍ സ്റ്റാഫ് നിയമനം, വൈദ്യുതി ഉപയോഗം, യാത്രാ ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ നിയന്ത്രണം പാലിച്ചു മാതൃക കാട്ടാന്‍ ഒരു മന്ത്രിയും തയ്യാറാകാറില്ല. യു ഡി എഫും എല്‍ ഡി എഫും ഒരേ തൂവല്‍ പക്ഷികളാണ് ഇക്കാര്യത്തില്‍. കൃത്യനിര്‍വണത്തില്‍ തങ്ങളെ സഹായിക്കാനെന്നതിലുപരി തങ്ങളുടെ സ്വന്തക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റാനുള്ള ഇടമായി മാറ്റിയിരിക്കയാണിന്ന് പേഴ്‌സനല്‍ സ്റ്റാഫ് തസ്തിക. മന്ത്രിമാരില്‍ ജോലി ഭാരം വളരെ കുറഞ്ഞവര്‍ക്കും ഒരു ഫയല്‍ പോലും കൈകാര്യം ചയ്യേണ്ടതില്ലാത്ത ചീഫ് വിപ്പിനുമുണ്ട് മുപ്പത് സ്റ്റാഫെന്ന് വരുമ്പോള്‍ ഈ നിയമനത്തിന് പിന്നിലെ താത്പര്യങ്ങള്‍ ഊഹിക്കാകുന്നതാണ്.
പേഴ്‌സനല്‍ സ്റ്റാഫ് നിയനത്തിന് നിശ്ചിത യോഗ്യതയോ മാനദണ്ഡമോ നിര്‍ണയിച്ചിട്ടില്ലാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കയറിപ്പറ്റാറുണ്ട് ഈ തസ്തികയില്‍. സുപ്രധാന ഫയലുകള്‍ കൈകാര്യം ചെയ്യേണ്ട പേഴ്‌സനല്‍ സ്റ്റാഫില്‍ കേവലം പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളവര്‍ പോലുമുണ്ട്. മന്ത്രിയുടെ ഓഫീസില്‍ പാചകക്കാരനായി ജോലിയില്‍ പ്രവേശിച്ചവര്‍ പിന്നീട് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ട ചരിത്രവുമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഈ തസ്തികയിലേക്ക് നിയമിക്കപ്പെടണമെങ്കില്‍ ചുരുങ്ങിയത് ബിരുദമെങ്കിലും വേണമെന്നാണ് ചട്ടം. മിക്കവാറും ശിപാര്‍ശയും സ്വാധീനവുമാണ് പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന്റെ മാനദണ്ഡമെന്നതിനാല്‍ അവരുടെ വ്യക്തിഗത ചരിത്രമോ പിന്നാമ്പുറമോ അന്വേഷണ വിധേയമാകാറില്ല. മന്ത്രിമാരടെ സല്‍പേരിന് അവര്‍ കളങ്കമുണ്ടാക്കുന്നുവെന്നതാണ് അനന്തര ഫലം. മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഈ ദൂര്യോഗം അനുഭവിച്ചവരാണ്. സാളാര്‍ വിവാദത്തിലെ മുഖ്യ നായിക സരിത എസ് നായരുമായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാര്‍ക്കുള്ള ബന്ധം അദ്ദേഹത്തെ പോലും സംശയത്തിന്റെ നിഴലിലാക്കി. ഗണ്‍മാനെയും പേഴ്‌സനല്‍ സ്റ്റാഫിലെ മറ്റു രണ്ട് പേരെയും പുറത്താക്കിയാണ് മുഖ്യമന്ത്രി മുഖം രക്ഷിച്ചത്. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി മരിച്ച കേസില്‍ മന്ത്രി ആര്യാടന്റെ സ്റ്റാഫിലെ ഒരംഗം ഉള്‍പ്പെട്ടതാണ് അദ്ദേഹത്തിന് നാണക്കേടുണ്ടാക്കിയ സംഭവം.
മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയുടെ ദുര്‍ഗന്ധവും പുറത്തുവരാറുണ്ട്. പ്യൂണ്‍ മുതല്‍ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി വരെയുള്ള വിവിധ തസ്തികയിലേക്ക് ശമ്പള സ്‌കെയില്‍ അനുസരിച്ച് ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ രാഷ്ടീയ നേതാക്കളും ഇടയാളന്മാരും കോഴ വാങ്ങുന്നതായി വാര്‍ത്ത വന്നിരുന്നു. അവിഹിത സമ്പാദ്യത്തിന് ധാരാളം അവസരവും രണ്ട് വര്‍ഷം ജോലി ചെയ്താല്‍ പെന്‍ഷനും ലഭിക്കുമെന്നതിനാല്‍ വന്‍ തുക കോഴ നല്‍കിയും നിയമനം സമ്പാദിക്കാന്‍ ഈ മേഖലയില്‍ മത്സരമാണ്.
മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയ, കുടുംബ ബന്ധത്തിനല്ല വിദ്യാഭ്യാസ യോഗ്യതക്കും വ്യക്തിത്വ ശുദ്ധിക്കുമായിരിക്കണം ഈ നിയമനങ്ങളില്‍ മുന്‍ഗണന നല്‍കേണ്ടത്. നിയമനത്തിന് മുമ്പ് മുന്‍കാല ചരിത്രവും ജീവിത ചുറ്റുപാടും പഠിച്ചു ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്റലിജന്‍സിന്റ സഹായത്തോടെ അന്വേഷണം നടത്തിയ ശേഷമാണ് സ്റ്റാഫ് നിയമനം നടത്തിയതന്നാണ് വിവരം. ഇത് മാതൃകാപരമാണ്.