Connect with us

Articles

വ്യക്തിപൂജയും വ്യക്തിഹത്യയും ഒരു മാഗസിനും

Published

|

Last Updated

സാധാരണഗതിയില്‍ കോളജ് മാഗസിനുകളിലെ രചനകള്‍ അവ എഴുതിയവരല്ലാതെ മറ്റാരും വായിക്കാറില്ല. ഇതറിയാവുന്നതു കൊണ്ടാകാം ചില കുശാഗ്രബുദ്ധികളായ മാഗസിന്‍ എഡിറ്റര്‍മാര്‍ നാടാകെ വിവാദമാകാന്‍ പാകത്തില്‍ എന്തെങ്കിലും ചില സാധനങ്ങള്‍ മാഗസിനുകളില്‍ തിരുകിക്കയറ്റി ചരിത്രപുരുഷന്മാരാകാനുള്ള ശ്രമം നടത്തും. അന്യഥാ ബഹുകാര്യവ്യഗ്രരായ സ്റ്റാഫ് എഡിറ്ററും പ്രിന്‍സിപ്പലന്മാരും ഒക്കെ തങ്ങളുടെ സ്ഥാപനത്തിലെ മാഗസിനിലെ ഉള്ളടക്കം നാട്ടില്‍ ചര്‍ച്ചാവിഷയമായതിനു ശേഷമായിരിക്കും വായിച്ചുനോക്കുന്നതു തന്നെ. ഇത്തരം ഒരബദ്ധമായിരിക്കണം കുന്നംകുളത്തെ ഗവ. പോളിടെക്കിനിക്കിലെ മാഗസിന്‍ ഭാരവാഹികള്‍ക്കും സംഭവിച്ചത്. നരേന്ദ്ര മോദിയെ അവഹേളിക്കുന്ന എന്തൊക്കെയോ ചിലത് ആ മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നും അതിന്റെ പേരില്‍ മാഗസിനുമായി ബന്ധപ്പെട്ട ഏതാനും പേരെ രാജ്യരക്ഷാനിയമത്തിന്റെ പിന്‍ബലത്തോടെ അറസ്റ്റ് ചെയ്തുവെന്നുമുള്ള വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. ഇത്രയൊക്കെ അധികാരം കുന്നംകുളത്തെ പോലീസുകാര്‍ക്ക് ആര് നല്‍കി എവിടെ നിന്നു ലഭിച്ചു? അതാണ് നമ്മളെ അലട്ടുന്ന വിഷയം.
മോദി പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് പ്രസിദ്ധീകരിച്ച മാഗസിനില്‍ നെഗറ്റീവ് ഫെയ്‌സ് എന്ന തലക്കെട്ടില്‍ ഹിറ്റ്‌ലര്‍, ഉസാമ ബിന്‍ലാദന്‍ എന്നിവര്‍ക്കൊപ്പം മോദിയുടെ ചിത്രം പ്രസിദ്ധീകരിച്ചു എന്നതാണ് പോലീസുകാരുടെ ദൃഷ്ടിയില്‍ മാഗസിന്‍ പ്രവര്‍ത്തകര്‍ നടത്തിയ രാജ്യദ്രോഹ കുറ്റം. കേരളത്തിലൊരിടത്തും കെട്ടിവെച്ച കാശിനു പോലും അര്‍ഹതയില്ലാത്ത ഒരു പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ തങ്ങളുടെ ദേശീയ നേതാവിനെ അവഹേളിച്ചു എന്നാക്ഷേപിച്ചുകൊണ്ട് പോലീസ് സ്റ്റേഷനെ സമീപിച്ചാല്‍ ഇതാണവസ്ഥയെങ്കില്‍ ഈ പാര്‍ട്ടിക്കു സാമാന്യം നല്ല നിലയില്‍ വേരോട്ടമുള്ള ഗുജറാത്തിലോ രാജസ്ഥാനിലോ മധ്യപ്രദേശിലൊ ആണ് വല്ല കുസൃതികളായ വിദ്യാര്‍ഥികളും മോദിയെക്കുറിച്ച് ഇങ്ങനെ വല്ല കൊസ്രാക്കൊള്ളികളും ഒപ്പിച്ചിരുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ? അവരെ തത്ക്ഷണം വെടിവെച്ചു കൊല്ലുകയോ മരിക്കുന്നതു വരെ തൂക്കിക്കൊല്ലാനുള്ള വിധിപ്രഖ്യാപനം ഉണ്ടാകുകയോ ചെയ്യുമായിരുന്നില്ലേ? രാജാവിനേക്കാള്‍ വലിയ രാജഭക്തി പുലര്‍ത്തുന്ന ഇത്തരം തിരുമുമ്പില്‍സേവക്കാര്‍ക്ക് നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി വീട്ടില്‍ പറഞ്ഞയക്കാന്‍ വല്ല പഴുതുകളും ഉണ്ടോ എന്ന കാര്യം കേരളത്തിന്റെ ആഭ്യന്തരമന്ത്രി എന്നറിയപ്പെടുന്ന രമേശ് ചെന്നിത്തലക്കു ആലോചിക്കാവുന്നതാണ്.
ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം മോദിയെ ചീത്ത പറയുന്ന സ്വയം ഇടതുപക്ഷമെന്നും പുരോഗമനക്കാരെന്നുമൊക്കെ അവകാശപ്പെടുന്ന ചെറുകിട സഖാക്കളുടെ സമീപനങ്ങളോട് യോജിക്കുന്നു എന്ന് അര്‍ഥമില്ല. “നമോ” എന്നാല്‍ “നായിന്റെമോനേ”ന്നും അമൃതാനന്ദമയി എന്നാല്‍ “ചുരുങ്ങിയ ചെലവില്‍ ഒത്തിരി ഉമ്മ സമ്മാനിക്കുന്ന സത്രീ”യെന്നുമൊക്കെ ആക്ഷേപിച്ചുകൊണ്ട് ഏതോ കോളജ് മാഗസിനില്‍ ചില ഇടതുപക്ഷ വിദ്യാര്‍ഥികള്‍ എഴുതി എന്നു ഒരു ബി ജെ പി പ്രവര്‍ത്തകന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ആക്ഷേപിക്കുന്നതു കേട്ടു. അതു ശരിയാണെങ്കില്‍ നമ്മുടെ നാട്ടിലെ ഇടതുപക്ഷ യുവത്വത്തെ ഓര്‍ത്ത് ലജ്ജിക്കാനേ കഴിയൂ. ചരിത്രത്തെക്കുറിച്ചു സദാ വാചാലമായി സംസാരിക്കുന്ന ഇടതുപക്ഷം ചരിത്രത്തില്‍ നിന്നു യാതൊന്നും പഠിക്കുന്നില്ല എന്ന നിഗമനത്തിലേക്കു നമ്മള്‍ക്കു അതിവേഗം എത്തേണ്ടി വരും.
ഒരു നേതാവിനെ അത്യുന്നത സ്ഥാനങ്ങളിലേക്കുയര്‍ത്തുന്നതില്‍ ആ നേതാവിന്റെ അനുയായികള്‍ വഹിക്കുന്നതിലും അധികം പങ്ക് അയാളുടെ എതിരാളികള്‍ വഹിക്കുന്നു എന്നതാണ് ചരിത്രം നല്‍കുന്ന പാഠം. അത് അലക്‌സാണ്ടറാകട്ടെ ജൂലിയസ് സീസറാകട്ടെ നെപ്പോളിയനാകട്ടെ ഹിറ്റ്‌ലറാകട്ടെ, അവരുടെ ജീവിത കഥയെടുത്തു പരിശോധിച്ചാല്‍ അനുയായികളേക്കാളധികം അവര്‍ക്ക് എതിരാളികളാണുണ്ടായിരുന്നതെന്ന് കാണാം. ഒരു വ്യക്തി അധികമായി ആരാധിക്കപ്പെടുമ്പോള്‍ അയാളുടെ യശസ്സിന് മങ്ങലേല്‍ക്കുന്നതും അതിരുവിട്ട് ആക്ഷേപിക്കപ്പെടുമ്പോള്‍ അയാളുടെ പ്രതിച്ഛായക്കു തിളക്കം വര്‍ധിക്കുന്നതുമായ എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്നും എടുത്തു കാണിക്കാന്‍ കഴിയും. ഇത് കൃത്യമായി മനസ്സിലാക്കിയ ആര്‍ എസ് എസ് കാര്യാലയത്തിലെ ബുദ്ധിരാക്ഷസന്മാര്‍ മോദിയെ ഭാരതീയ പൗരുഷത്തിന്റെ പ്രതിരൂപമായി ജനങ്ങളുടെ ഇടയില്‍ വളര്‍ത്തിക്കൊണ്ടു വന്നു.
സ്വതവേ ബുദ്ധിമാന്ദ്യം ബാധിച്ചവരെന്നാക്ഷേപിക്കപ്പെടുന്ന കോണ്‍ഗ്രസുകാര്‍ക്കിതു മനസ്സിലായില്ലെങ്കില്‍ പോകട്ടെ, സമസ്ത ബുദ്ധിയുടെയും കുത്തകാവകാശം സ്വായത്തമാക്കിയെന്നവകാശപ്പെടുന്ന മാര്‍ക്‌സിസ്റ്റുകാര്‍ക്ക് എന്തുകൊണ്ട് ഈ ആര്‍ എസ് എസ് തന്ത്രം മനസ്സിലാകാതെ പോയി? സി പി എം, സി പി ഐ, ആര്‍ എസ് പി തുടങ്ങിയ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടികളുടെ പത്ത് വര്‍ഷത്തെ പ്രസിദ്ധീകൃതമായ ഔദ്യോഗിക രേഖകള്‍ പരിശോധിച്ചാല്‍ അവരുടെ കുന്തമുന തിരിച്ചുവെച്ചിരിക്കുന്നത് മോദിക്കെതിരെയാണ് എന്നു ബോധ്യമാകും. മന്‍മോഹന്‍ സിംഗും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഒന്നും അവര്‍ക്കൊരു പ്രശ്‌നമായിരുന്നില്ല. മോദിവിരുദ്ധത ഒരു മന്ത്രം പോലെ അവര്‍ ഉരുവിട്ടു. അതിന്റെ അനന്തരഫലമാണ് പശ്ചിമ ബംഗാളിലും കേരളത്തിലും എല്ലാം അവര്‍ക്കനുഭവിക്കേണ്ടി വന്നത്.
മോദിയെ എതിര്‍ക്കുന്നതിന്റെ പകുതി വീര്യത്തോടെയെങ്കിലും മോദി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കാനുള്ള പ്രത്യയശാസ്ത്ര സാമഗ്രികള്‍ അവരുടെ പക്കലില്ലാതെ പോയി. ബ്രാഹ്മണ ഹിന്ദുത്വം നമ്മുടെ നാട്ടില്‍ നട്ടുനനച്ചുവളര്‍ത്തിയ സവര്‍ണ കുലീന വാഴ്ചാസങ്കല്‍പ്പങ്ങളെ വിമര്‍ശവിധേയമാക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല. ന്യൂനപക്ഷങ്ങളും മറ്റു പിന്നാക്കവിഭാഗങ്ങളും ഇതിനകം ആര്‍ജിച്ചുകഴിഞ്ഞിരുന്ന സ്വത്വബോധത്തെ ഹിന്ദു ആഭിജാത്യ സങ്കല്‍പ്പങ്ങള്‍ക്കു നേരെ മുഖാമുഖം നിര്‍ത്തി വിചാരണ ചെയ്യാനോ കണക്കു തീര്‍ക്കാനോ ലഭിച്ച എല്ലാ അവസരങ്ങളും അവര്‍ കളഞ്ഞു കുളിച്ചു. ന്യൂനപക്ഷങ്ങളുടെ വോട്ട് ബേങ്കില്‍ കണ്ണ് നട്ടുകൊണ്ട് ന്യൂനപക്ഷങ്ങള്‍ യഥാര്‍ഥത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ അവരുടെ സമുദായാധ്യക്ഷന്മാരുമായി പിന്‍വാതില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ചില പരിശ്രമങ്ങള്‍ നടത്തി. ഫലമോ, കക്ഷത്തിലുണ്ടായിരുന്ന ചിലതൊക്കെ പോകുകയും പറന്നു നടന്ന ചിലതിനെ പിടിക്കാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തു. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രം സഹായകമായ മോദിനിന്ദയില്‍ നിന്നു വിവേകമതികള്‍ പിന്‍തിരിയുകയും മോദി പ്രതീകവല്‍ക്കരിക്കുന്ന സവര്‍ണ ഹിന്ദുത്വാഭിജാത്യ വര്‍ഗതാത്പര്യങ്ങളെയും സമ്പന്നവര്‍ഗ പക്ഷപാതിത്വങ്ങളെയും വിമര്‍ശവിധേയമാക്കാന്‍ കെല്‍പ്പാര്‍ജിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
വസ്തുനിഷ്ഠമായ ഇത്തരം ഒരു സമീപനത്തിനു മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ പ്രാപ്തിയറ്റവരാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അവയില്‍ ചിലതു കൂടി പരിശോധനാവിധേയമാക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനായാലും ഇടതുപക്ഷത്തിനായാലും തങ്ങള്‍ക്കിടയിലെ വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം ഈ വിഷയത്തില്‍ ഒരു മുഖ്യ പ്രതിബന്ധമാണ്. ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണെന്നൊക്കെ ചരിത്ര പണ്ഡിതന്മാര്‍ പറയുമെങ്കിലും നമ്മുടെ അനുഭവത്തില്‍ വ്യക്തികളാണ് ചരിത്രനിര്‍മിതിയുടെ മുന്‍നിരയില്‍ നില്‍ക്കുന്നത്. വലതുപക്ഷം അതിനെ ഈശ്വരാനുഗ്രഹമെന്നും ദൈവികവരദാനമെന്നുമൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഇടതുപക്ഷം കേന്ദ്രീകൃത ജനാധിപത്യത്തിന്റെ അനിവാര്യത എന്നൊക്കെപ്പറഞ്ഞ് വ്യക്തികളുടെ അപ്രമാദിത്തപരമായ അവകാശവാദത്തെ വൈരുധ്യാധിഷ്ഠിത ഭൗതികവാദം, ചരിത്രപരമായ ഭൗതികവാദം എന്നൊക്കെപ്പറഞ്ഞ് ന്യായീകരിച്ചുകളയും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നെഹ്‌റു ആയിരുന്നു ഇങ്ങനെ ഊതി വീര്‍പ്പിച്ച ഒരു ആരാധനാ ബിംബം. ദീര്‍ഘകാലത്തെ ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളുടെ മഹത്തായ ഒരു പാരമ്പര്യം നെഹ്‌റു കുടുംബത്തിനുണ്ടായിരുന്നു. പുറമെ ജനങ്ങള്‍ സ്വമേധയാ രാഷ്ട്രപിതാവായി വരിച്ച മഹാത്മാ ഗാന്ധിയുടെ മാനസപുത്രന്‍ എന്ന അംഗീകാരവും കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തെ മൊത്തത്തില്‍ നെഹ്‌റുവിലേക്കു വെട്ടിയൊതുക്കി. നെഹ്‌റുവിന്റെ നിഴല്‍ പറ്റി വെയില്‍ കൊള്ളാതെ നിലയുറപ്പിക്കുക എന്ന തന്ത്രമായിരുന്നു അമ്പതുകളിലും അറുപതുകളിലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അനുവര്‍ത്തിച്ചത്. നെഹ്‌റുവിനു ശേഷം ആര്? എന്ന ഒരു ഭീകരമായ ചോദ്യവുമായിട്ടാണ് കോണ്‍ഗ്രസുകാരും അവരുടെ പിന്‍താങ്ങികളായ പൊതുസമ്മതിനിര്‍മാതാക്കളും ജനങ്ങളെ അഭിമുഖീകരിച്ചത്. ഈ ചോദ്യം ചോദിച്ചവര്‍ തന്നെ അതിനുത്തരവും കണ്ടെത്തി; ഇന്ദിരയാണ് ഇന്ത്യ. ഇന്ത്യയാണ് ഇന്ദിര! ഏതാണ്ടതേ തന്ത്രമാണ് ബി ജെ പി മോദിയുടെ കാര്യത്തിലും പരീക്ഷിക്കുന്നത്. നെഹ്‌റുവിന് അന്ന് അലങ്കാരമായി ഇന്ത്യന്‍ ഹിന്ദുവിന്റെ എല്ലാ വിധ ആഭിജാത്യ പാരമ്പര്യങ്ങളുമുണ്ടായിരുന്നെങ്കില്‍ ഇന്ന് മോദിയെ വലയം ചെയ്തു നില്‍ക്കുന്നത് ആഭിജാത്യഹിന്ദുത്വം ഏറ്റവും വലിയ ഭീഷണിയായി കാണുന്ന ദളിത് പിന്നാക്കവര്‍ഗ പാരമ്പര്യമാണ്. ആദ്യത്തെ ആള്‍ രാമനാണെങ്കില്‍ രണ്ടാമത്തെ ആള്‍ ഹനുമാനാണ്. രാവണനെ വീഴിക്കാന്‍ രാമനേക്കാള്‍ പറ്റിയ ആള്‍ ഹനുമാന്‍ എന്ന വാനരനായകനും അയാളുടെ വാനരപ്പടയുമാണെന്നു നന്നായി അറിയാവുന്നവരാണ് രാമായണം രചിച്ചത്. അവരുടെ പിന്‍മുറക്കാരിതാ രാമായണത്തിന്റെ സ്ഥാനത്ത് മറ്റൊരു “മോദിയാണ”വുമായി ഇന്ത്യയെ മൊത്തത്തില്‍ അധീനമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. നടക്കട്ടെ ഇതേതറ്റം വരെ പോകും എന്നു നമുക്കു ക്ഷമാപൂര്‍വം കാത്തിരിക്കാം. അതല്ലേ ഭംഗി?
വ്യക്തിപൂജയും വ്യക്തിഹത്യയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇത് തിരിച്ചറിയാതെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ വ്യക്തികേന്ദ്രീകൃതരാഷ്ട്രീയം അരങ്ങ് തകര്‍ക്കുന്നു. ആരൊക്കെയാണോ അതിശക്തമായി എതിര്‍ക്കപ്പെട്ടത് അവരെല്ലാം അതീവശക്തരായി ജനസമ്മതിനേടി മുന്നോട്ട് വരുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു ദശകമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബംഗാളില്‍ മമതാ ബാനര്‍ജി 35 വര്‍ഷത്തെ മാര്‍ക്‌സിസ്റ്റ് ഭരണത്തെ മാത്രമല്ല ബംഗാളിന്റെ മണ്ണില്‍ നിന്നു കിളിര്‍ത്തു വന്ന നാഷനല്‍ കോണ്‍ഗ്രസിനെയും നാമാവശേഷമാക്കിക്കൊണ്ട് നാടടക്കി വാഴുന്നു. തമിഴ്‌നാട്ടില്‍ ജയലളിത. (ഇതെല്ലാം കാണുമ്പോള്‍ നമ്മുടെ മാണി സാറിന്റെ നാവില്‍ വെള്ളം ഊറുന്നത് സ്വാഭാവികം. അദ്ദേഹം തന്റെ ഉള്ളിലിരുപ്പ് സ്വന്തം ജോര്‍ജിനെക്കൊണ്ട് പറയിച്ചു കഴിഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര എന്തിനു വേണ്ടെന്നു വെക്കണം? കടമ്മനിട്ടയുടെ തള്ളക്കോഴി കുഞ്ഞുകോഴിയോട് പറഞ്ഞ അതേ ഉപദേശം മാണി സാര്‍ കോണ്‍ഗ്രസുകാരോട് പറഞ്ഞുകഴിഞ്ഞു:“എന്നും എന്റെ ചിറകിന്റെ കീഴില്‍ നിന്നു നിന്റെ വയറു നിറക്കാമെന്നു തോന്നുന്ന തോന്നല്‍ വേണ്ടാ. നിന്റെ ജീവിതം നിന്‍ കാര്യം മാത്രം അതു തനിക്കു നേരിട്ടു പറയാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ചീഫ് വിപ്പിനെക്കൊണ്ട് തന്നെ ഇതെല്ലാം അര്‍ഥശങ്കക്കിടയില്ലാതെ അങ്ങ് പറയിച്ചത്)
വ്യക്തിപൂജ, വ്യക്തിഹത്യ തുടങ്ങിയ രാഷ്ട്രീയ അര്‍ബുദബാധയില്‍ നിന്നു ഇടതുപക്ഷവും വിമുക്തമല്ല. അതല്ലേ സഖാവ് എം എ ബേബി ഇപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്-സ്വന്തം നിയോജകമണ്ഡലത്തിലെ പാര്‍ട്ടിക്കാര്‍ പോലും തന്നെ പാലത്തില്‍ കയറ്റിയിട്ട് പാലം വലിച്ചു എന്നാണദ്ദേഹത്തിന്റെ പരാതി. അതുകൊണ്ട് രാജി വെച്ച് കുണ്ടറയിലെ ജനങ്ങളെ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂ എന്നാണ് ബേബി സഖാവിനു ലഭിച്ച വെളിപാട്. ബേബി അങ്ങനെ ഒരു ത്യാഗി ആകാനൊന്നും നോക്കണ്ടാ എന്നാണ് രാഷ്ട്രീയത്തിലെ ആദര്‍ശശുദ്ധിക്ക് പേരുകേട്ട പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം. ഇതിലൊക്കെ എത്രയോ ഓണം കൂടുതലുണ്ട സാക്ഷാല്‍ പുന്നപ്ര വയലാര്‍ സഖാവ് വി എസ് അച്യുതാനന്ദനെ ഒതുക്കിയ കണ്ണൂര്‍ സഖാക്കളുണ്ടോ ഈ കുണ്ടറ സഖാവിനെ ഭയപ്പെടുന്നു.
തങ്ങളിലാരാണ് വലിയവന്‍, അതാണ് ഇന്ന് മോദിയുടെ ബി ജെ പി മുതല്‍ കെജരിവാളിന്റെ എ എ പി വരെയുള്ള ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഭിമുഖീകരിക്കുന്ന മുഖ്യ പ്രതിസന്ധി. പണ്ട് യേശുവിന്റെ ശിഷ്യന്മാര്‍ തമ്മില്‍ ഇങ്ങനെ ഒരു തര്‍ക്കം നടന്നു. അതെക്കുറിച്ച് ബൈബിളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു; “തങ്ങളില്‍ വലിയവന്‍ ആരാണ് എന്നൊരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി. അവന്‍ അവരോട് പറഞ്ഞു വിജാതീയരുടെ രാജാക്കന്മാര്‍ അവരുടെ മേല്‍ ആധിപത്യം ചെലുത്തുന്നു. അവരുടെ മേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. നിങ്ങളോ അങ്ങനെയല്ല. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവം ചെറിയവനെപ്പോലെയും നായകന്‍ സേവകനെപ്പോലെയും ആയിരിക്കണം. ആരാണ് വലിയവന്‍- ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവന്‍ അല്ലെ? എന്നാല്‍ ഞാന്‍ നിങ്ങളുടെയിടയില്‍ ശുശ്രൂഷകനെപ്പോലെയാണ്.
ഇങ്ങനെ ജനങ്ങളുടെ ശുശ്രൂഷകരാകുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന രാഷ്ട്രീയക്കാര്‍ എന്നുണ്ടാകുമോ അന്ന് മാത്രമേ രാഷ്ട്രീയ രംഗം സംശുദ്ധമാകൂ.