Connect with us

Gulf

പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ പാര്‍ക്കിംഗ് കൈയേറിയ 90 പേര്‍ക്ക് പിഴ

Published

|

Last Updated

ഫുജൈറ: പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ പാര്‍ക്കിംഗ് കൈയേറിയ 90 പേര്‍ക്ക് ഫുജൈറ പോലീസ് പിഴ ചുമത്തി. ഫുജൈറ സിറ്റി സെന്റര്‍ മാളിന് സമീപം പാര്‍ക്കിംഗ് കൈയേറിയവര്‍ക്കെതിരെയാണ് നടപടി. ഒരു മാസത്തിനിടയിലാണ് ഇത്രയും അധികം പേര്‍ പാര്‍ക്കിംഗ് നിയമം ലംഘിച്ച് വാഹനം പാര്‍ക്ക് ചെയ്തതെന്ന് പോലീസ് വിശദീകരിച്ചു. ഫുജൈറ പോലീസ് ഓഫീസര്‍മാര്‍ രൂപകല്‍പ്പന ചെയ്ത മക്കാനിയെന്ന ഡിവൈസിന്റെ സഹായത്തോടെയാണ് പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ പാര്‍ക്കിംഗ് കൈയേരിയവരെ കണ്ടെത്തിയത്.
പോലീസിലെ മൂന്ന് ഓഫീസര്‍മാരാണ് ഈ സംവിധാനം വികസിപ്പിച്ചത്. ഇവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിരുന്നു. മക്കാനിയില്‍ നിയമം ലംഘിക്കുന്ന വാഹനത്തിന്റെ ഡ്രൈവറുടെയും വാഹനത്തിന്റെയും പടവും നമ്പര്‍ പ്ലേറ്റും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തും. പാര്‍ക്കിംഗ് ബേയോട് ചേര്‍ന്നു സ്ഥാപിച്ച മക്കാനി ഡിവൈസില്‍ നിന്നും പോലീസിന്റെ സെന്‍ട്രല്‍ കംപ്യൂട്ടര്‍ സംവിധാനത്തിലേക്ക് തത്സമയം ഈ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും. നിയമ ലംഘനം നടത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഓഡിയോ വിഷ്വല്‍ ജാഗ്രതാ നിര്‍ദ്ദേശവും ലഭിക്കും. സന്ദേശം ലഭിച്ച് 20 സെക്കന്റിനകം പാര്‍ക്കിംഗ് ബേയില്‍ നിന്നും മാറ്റിയില്ലെങ്കില്‍ ഇത്തരക്കാര്‍ക്ക് പോലീസ് പിഴ ചുമത്തും.
മേയ് മധ്യത്തില്‍ സംവിധാനം സ്ഥാപിച്ചത് മുതല്‍ മാസത്തിന്റെ രണ്ടാം പാദത്തില്‍ മാത്രം 64 പാര്‍ക്കിംഗ് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സാധിച്ചെന്ന് ഫുജൈറ പോലീസ് മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഹെഡ് മേജര്‍ ഡോ. സഈദ് മുഹമ്മദ് അല്‍ ഹസനി വെളിപ്പെടുത്തി. എന്നാല്‍ ജൂണ്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ 26 നിയമലംഘനങ്ങള്‍ മാത്രമാണ് ഡിവൈസില്‍ പതിഞ്ഞത്. പുതിയ ഡിവൈസിന്റെ കാര്യക്ഷമതയാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം നിയമ ലംഘകര്‍ക്ക് 1,000 ദിര്‍ഹം പിഴയാണ് ചുമത്തുന്നത്. ഒപ്പം നാലു ബ്ലാക്ക് പോയന്റും ലഭിക്കും.
ഫുജൈറയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളാണ് ഇതെന്നും ഇവിടുത്തെ പാര്‍ക്കിംഗ് ബേകളില്‍ മൊത്തം 15 ഡിവൈസുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.