Connect with us

Malappuram

ഐ ഒ സി പ്ലാന്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു; പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്

Published

|

Last Updated

മലപ്പുറം: ചേളാരി ഐ ഒ സിയി പ്ലാന്റിലെ തൊഴിലാളികളുടെ സമരം മൂന്നാംദിനം പിന്നിട്ടതോടെ പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇന്നു ഉച്ചക്ക് 12ന് എറണാകുളത്ത് വെച്ചു കേന്ദ്ര അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ യുജിന്‍ ഗോമസിന്റെ സാന്നിധ്യത്തില്‍ തൊഴിലാളികളുമായി ചര്‍ച്ച നടക്കും. തൊഴിലാളികള്‍ക്കു ന്യായമായി ലഭിക്കേണ്ട വേതന വര്‍ധനവ് ലഭിക്കുംവരെ സമരം ശക്തമായി തുടരുമെന്നാണ് തൊഴിലാളികളുടെ പക്ഷം. ചേളാരി ഐ ഒ സിയിലെ സിലണ്ടര്‍ ഹാന്റ്‌ലിംഗ് ആന്റ് ഹൗസ് കീപ്പിംഗ് തൊഴിലാളികളാണ് വേതന വര്‍ധനവ് ആവശ്യപ്പെട്ടു സമരം നടത്തുന്നത്.
പ്രതിമാസം 15000 രൂപയും 50 ശതമാനം ഡി.എയും ഒരു സിലണ്ടറിനു 20 പൈസയും ലഭിക്കണമെന്നും 2013 ജനുവരി മുതല്‍ 2014 മാര്‍ച്ച് വരെ മുന്‍കാല പ്രാബല്യമുണ്ടായിരിക്കണമെന്നുമാണു തൊഴിലാളികളുടെ ആവശ്യം. തൊഴിലാളികളുടെ സമരത്തെ തുടര്‍ന്നു നൂറിലധികം ലോഡ് സിലണ്ടറുകള്‍ കയറ്റി അയക്കുന്നത് തടസ്സപ്പെട്ടു. മാറിയ ജീവിത കാലഘട്ടത്തില്‍
തൊഴിലിനനുസരിച്ചുള്ള വേതനം ലഭിക്കണമെന്നുമാണു തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യം അനുവദിച്ചു തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണമെന്നു തൊഴിലാളി നേതാക്കള്‍ ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം സമരം ശക്തമായി തുടരാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. ഇന്നലെ നടന്ന സമരത്തിനു ടി.പി. ഗോപിനാഥ്, കെ. ഗോവിന്ദന്‍, ടി.പി. നന്ദന്‍, പി. പ്രിന്‍സ് കുമാര്‍ നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest