Connect with us

International

എ കെ പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തയാഴ്ച

Published

|

Last Updated

അങ്കാറ: തുര്‍ക്കിയില്‍ ആഗസ്റ്റില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ ഭരണകക്ഷിയായ എ കെ പാര്‍ട്ടി അടുത്തയാഴ്ച പ്രഖ്യാപിക്കും. അടുത്തയാഴ്ച നടക്കുന്ന പാര്‍ലിമെന്ററി ഗ്രൂപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. പ്രധാനമന്ത്രി ത്വയിപ് ഉര്‍ദുഗാന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇതാദ്യമായാണ് തുര്‍ക്കി ജനതക്ക് നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ലഭിക്കുന്നത്.
ഒരു ദശാബ്ദക്കാലമായി തുര്‍ക്കി രാഷ്ട്രീയത്തില്‍ പ്രബല സ്ഥാനം കൈയാളുന്ന ഉര്‍ദുഗാന്‍ തന്റെ പ്രസിഡന്റ്പദ മോഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം ഒന്നിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി യോഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. പ്രസിഡന്റ് സ്ഥാനം ഇനി ആചാരപരമായിരിക്കില്ലെന്നും രാജ്യവും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച എടുത്തുകളയുമെന്നും അവര്‍ പരസ്പരം പുണരുമെന്നും ഉര്‍ദുഗാന്‍ യോഗത്തില്‍ പറഞ്ഞതായി തുര്‍ക്കി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എ കെ പാര്‍ട്ടി 43 ശതമാനം വോട്ട് നേടിയെങ്കിലും അഴിമതി ആരോപണവും സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭവും ഉര്‍ദുഗാനെ വലച്ചിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒ ഐ സിയുടെ മുന്‍ തലവനായിരുന്ന എക്‌മെലിദിന്‍ ഇഹ്‌സാനോയെ സംയുക്ത സ്ഥാനാര്‍ഥിയാക്കാന്‍ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഷണല്‍ മൂവ്‌മെന്റ് പാര്‍ട്ടിയും ധാരണയായിട്ടുണ്ട്.

Latest