Connect with us

International

ഇസ്‌റാഈലിലെ ഫലസ്തീന്‍ തടവുകാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

Published

|

Last Updated

ഗാസ: രണ്ട് മാസം നീണ്ടുനിന്ന നിരാഹാര സമരം ഇസ്‌റാഈല്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാര്‍ അവസാനിപ്പിച്ചു. കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും തടവില്‍ പാര്‍പ്പിക്കപ്പെട്ട തടവുകാരാണ് നിരാഹാര സമരം ചെയ്തത്. ഇസ്‌റാഈല്‍ പക്ഷത്ത് നിന്ന് ഇളവുകളൊന്നും ലഭിക്കാതെ തന്നെയാണ് സമരം അവസാനിപ്പിച്ചതെന്ന് ഫലസ്തീന്‍ ജയില്‍ വകുപ്പ് മന്ത്രി സ്വാദിഖി ഈസ പറഞ്ഞു.
63 തടവുകാരാണ് സമരം നിര്‍ത്തിവെച്ചതായി ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. ഉടമ്പടിയില്‍ തടവുകാര്‍ക്ക് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ലഭിച്ചിട്ടില്ല. തടവുകാരെ യഥാര്‍ഥ ജയിലുകളിലേക്ക് മാറ്റാനും തീരുമാനമുണ്ട്. പല തടവുകാരെയും മാറ്റിയ സ്ഥലത്ത് നിന്ന് നേരത്തെയുണ്ടായിരുന്ന ജയിലുകളിലേക്ക് മാറ്റാമെന്നാണ് ഉടമ്പടിയില്‍ ഉറപ്പ് നല്‍കുന്നത്. ഇത് വലിയ വിജയമല്ലെങ്കിലും മുന്നോട്ടുള്ള ഒരു ചുവടുവെപ്പാണെന്ന് റാമല്ല ആസ്ഥാനമായിട്ടുള്ള ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് നേതാവ് ഖദൂറ ഫാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
118 ദിവസം നിരാഹാരം സമരം നടത്തിയ അയ്മന്‍ ബീഷ് സമരം തുടരാനാണ് തീരുമാനമെന്ന് മന്ത്രി ഈസ പറഞ്ഞു. സമരം ഇസ്‌റാഈല്‍ അധികൃതരില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചെങ്കിലും ജൂണ്‍ 12ന് വെസ്റ്റ് ബാങ്കില്‍ നിന്ന് മൂന്ന് ഇസ്‌റാഈലി ബാലന്‍മാര്‍ കാണാതായതോടെ തടവുകാര്‍ക്ക് നല്‍കാന്‍ സധ്യതയുള്ള ഇളവുകള്‍ നിര്‍ത്തി വെക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് 400 ഫലസ്തീനികളെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ പലരും 2011ല്‍ ഇസ്‌റാഈല്‍ തടവില്‍ നിന്നും മോചിതരായവരാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇസ്‌റാഈല്‍ നിയമനിര്‍മാണ സഭയായ നസറ്റില്‍ നിര്‍ബിന്ധിപ്പിച്ച് ഭക്ഷിപ്പിക്കുന്ന ബില്‍ വരുന്നതിന് മുന്നോടിയായിട്ടാണ് തീരുമാനമെന്ന് ഇസ്‌റാഈല്‍ ജയില്‍ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. 5000 ഫലസ്തീനികള്‍ ഇസ്‌റാഈല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. 200 പേര്‍ കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ജയിലുകളില്‍ കഴിയുകയാണ്.