Connect with us

Ongoing News

മുഴുപ്പട്ടിണി, ക്രൂരമര്‍ദനവും; ഇറാഖില്‍ ദുരിതം സഹിച്ച് 19 മലയാളികള്‍

Published

|

Last Updated

Irakkil kudungiya Ajeesh

അജീഷ്‌

മണ്ണാര്‍ക്കാട്: തൊഴില്‍ തട്ടിപ്പിനിരയായി ഇറാഖിലെ കുര്‍ദിസ്ഥാനില്‍ കുടുങ്ങിയ 19 മലയാളികള്‍ ദുരിത പൂര്‍ണ ജീവിതം നയിക്കുന്നു. പുറത്തിറങ്ങാന്‍ അനുവദിക്കാത്ത ഇവര്‍ക്ക് ജോലി ചെയ്യുന്ന കമ്പനി ഭക്ഷണം പോലും നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് മണ്ണാര്‍ക്കാട് പളളിക്കുറുപ്പ് ചീരാത്ത് രാജന്റെ മകന്‍ അജീഷ് ടെലഫോണിലൂടെ പറഞ്ഞു.
ആറ് മാസം മുമ്പ് ആലുവ സ്വദേശി റിന്‍ഷാദാണ് എറണാകുളത്തുളള ഏജന്‍സി മുഖേനെ അജീഷിനെയും അലനല്ലൂര്‍ സ്വദേശി കരീമിനെയും ജോലി ആവശ്യാര്‍ഥം ഇറാഖിലേക്ക് കൊണ്ടിപോയത്. യു എസ് കമ്പനിയില്‍ വെല്‍ഡര്‍ ജോലിക്ക് 1000 ഡോളര്‍ ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയതെങ്കിലും 300 ഡോളര്‍ പ്രതിമാസം ശമ്പളത്തിന് ദുരിത പൂര്‍ണമായ സാഹചര്യത്തിലേക്കാണ് ഇവര്‍ എത്തിപ്പെട്ടത്.
ഇറാഖിലെ അഭ്യന്തര യുദ്ധം തുടങ്ങിയതോടെ ദുരിതം ഇരട്ടിച്ച ഇവര്‍ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ടെങ്കിലും പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കണമെങ്കില്‍ 2,000 ഡോളര്‍ നല്‍കണമെന്ന് കമ്പനി ആവശ്യപ്പെടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ഇവര്‍ക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുളളത്. ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങാനുളള അവസരം പോലുമില്ലാത്ത സ്ഥിതിയാണുളളത്.
എറണാകുളം സ്വദേശികളായ നാല് പേര്‍, തൃശൂര്‍ സ്വദേശിയായ ഒരാള്‍, കൊല്ലം സ്വദേശി ഒരാള്‍, കാസര്‍ക്കോട് സ്വദേശി ഒരാളടക്കം 19 പേരാണ് കടലിനക്കരെ ദുരിത മനുഭവിക്കുന്നതെന്ന് ടെലഫോണിലൂടെ അജീഷ് പറഞ്ഞു.അജീഷിന്റെതുള്‍പ്പെടെയുളള വീട്ടുകാര്‍ ആശങ്കയോടെയും ഭയത്തോടെയുമാണ് ദിവസങ്ങള്‍ തളളിനീക്കുന്നത്. പാലക്കാട് എം ബി രോജേഷ് എം പി, എംഎല്‍ എമാരായ അഡ്വ.എന്‍ ഷംസുദ്ദീന്‍, കെ വി വിജയദാസ്, ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ എന്നിവര്‍ സംഭവം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഇവരെ നാട്ടിലെത്തിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Latest