Connect with us

National

രാജധാനി ട്രെയിന്‍ അപകടം: വിശദമായി അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി

Published

|

Last Updated

DayPics-250614-ra3

ട്രെയിനപകടമുണ്ടായ ബീഹാറിലെ ഛപ്രയില്‍ റെയില്‍വേ മന്ത്രി
സദാനന്ദ ഗൗഡ സന്ദര്‍ശിക്കുന്നു

പാറ്റ്‌ന: ഡല്‍ഹി- ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടം സബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. അപകടം സംബന്ധിച്ച് ഉയരുന്ന അട്ടിമറി സംശയങ്ങളടക്കമുള്ളവ അന്വേഷണ പരിധിയില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ സുരക്ഷാ വിഭാഗം കിഴക്കന്‍ മേഖലാ കമ്മീഷനറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൗഡ. മാവോയിസ്റ്റ് അട്ടിമറി എന്ന നിലയില്‍ മാത്രം അന്വേഷിക്കുന്നതിന് പകരം സമഗ്രമായ അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരുക്കുള്ളവര്‍ക്ക് 20,000 രൂപയും വീതം അടിയന്തര സഹായം മന്ത്രി പ്രഖ്യാപിച്ചു. പരുക്കേറ്റവരെ ചികിത്സിക്കുന്ന ഛപ്രയിലെ സദര്‍ ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. അപകടം നടന്നയുടനെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രദേശത്തെ ജനങ്ങളോട് മന്ത്രി നന്ദി അറിയിച്ചു.
അപകട സ്ഥലം സന്ദര്‍ശിച്ച സദാനന്ദ ഗൗഡക്കൊപ്പം സംസ്ഥാന റെയില്‍വേ മന്ത്രി മനോജ് സിന്‍ഹ, മുതിര്‍ന്ന ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി, സ്ഥലം എം പി രാജീവ് പ്രതാപ് റൂഡി എന്നിവരും സംഘത്തിലുണ്ടായിരുന്നു.