Connect with us

Articles

സന്തുഷ്ടിയുടെ ദിവസങ്ങള്‍

Published

|

Last Updated

റൊട്ടിയില്‍ പുരട്ടുന്ന മധുരമുള്ള ജാമിന്റെ പരസ്യത്തില്‍ പറയുമ്പോലെ, സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയെന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച ഒരു രഹസ്യ ഏജന്‍സി അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നു. ഇന്ത്യാ രാഷ്ട്രത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനും താറുമാറാക്കാനുമായി വിദേശ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടനകളെ (എന്‍ ജി ഒ) പട്ടികപ്പെടുത്തുകയും അവരെ രാജ്യദ്രോഹികളായി അടയാളപ്പെടുത്തുകയും മറ്റു നിയമ, ശിക്ഷണ നടപടികളിലേക്ക് നീങ്ങുകയും ചെയ്യാനുദ്ദേശിക്കുകയാണ് സര്‍ക്കാര്‍. സ്വന്തം രാജ്യം, രാജ്യസ്‌നേഹം, രാഷ്ട്ര നിര്‍മാണം, വിദേശ ശക്തികള്‍, ശത്രു രാജ്യങ്ങള്‍, പാശ്ചാത്യ സംസ്‌കാരം, വികസനം, സ്വാശ്രയത്വം തുടങ്ങി നിര്‍ണായകമായ വിഷയങ്ങളില്‍ നിലപാടുകളെടുക്കുന്നുവെന്ന് തോന്നിപ്പിച്ചുകൊണ്ട് നടത്തുന്ന അധികാര മുന്നേറ്റങ്ങളാണ് ഇത് എന്ന് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ബോധ്യപ്പെടും. ലാഭത്തില്‍ മാത്രം കണ്ണു നട്ട് മണ്ണും വെള്ളവും വനവും ധാതു സമ്പത്തുക്കളും കൊള്ളയടിക്കുകയും ആദിവാസികളെ ആട്ടിയോടിക്കുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്യുന്ന കോര്‍പറേറ്റുകളേക്കാള്‍ തങ്ങളുടെ നിവാസസ്ഥലത്തിന്മേല്‍ അവകാശം ആദിവാസികളും ദളിതരുമടക്കമുള്ള അവിടുത്തെ തദ്ദേശവാസികള്‍ക്കാണെന്ന പ്രാഥമികവും പ്രധാനവുമായ ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന സമരങ്ങളെയാണ് വികസനം, രാജ്യസ്‌നേഹം എന്നീ പുറം മോടിയുള്ള അധികാരദണ്ഡുകള്‍ കാട്ടി അടിച്ചമര്‍ത്താന്‍ പോകുന്നത്.
നര്‍മദാ ബച്ചാവോ ആന്തോളന്‍, കൂടംകുളം ആണവനിലയവിരുദ്ധ സമര സമിതി, ഒഡീഷയിലെ പോസ്‌കോവിരുദ്ധ സമര സമിതി എന്നിവയുടെ കഴുത്തിലാണ് ആദ്യം കത്തി വീഴാനിരിക്കുന്നത്. ഗ്രീന്‍ പീസ്, കോര്‍ഡ് എയ്ഡ്, ആംനസ്റ്റി, ആക്ഷന്‍ എയ്ഡ് എന്നീ എന്‍ ജി ഒകള്‍ വിദേശ ചട്ടുകങ്ങളായി പ്രവര്‍ത്തിച്ച് ഇന്ത്യാ രാജ്യത്തിന്റെ സാമ്പത്തിക വികസനം – ജി ഡി പി – രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ കുറച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാലിത്തരമൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തെയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത (?) രീതിയെയും ഗ്രീന്‍ പീസ് ഇന്ത്യയുടെയും മറ്റും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നുണ്ട്. കോര്‍പറേറ്റുകളുടെയോ സര്‍ക്കാറിന്റെയോ സഹായങ്ങള്‍ വാങ്ങിക്കുന്ന പതിവില്ലാത്ത ഗ്രീന്‍ പീസ് ഇന്ത്യ, ഇന്ത്യക്കകത്തുള്ള വ്യക്തികളുടെ സംഭാവനകള്‍ ശേഖരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗ്രീന്‍ പീസ് ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ സമീത് ഐച്ച് ആഭ്യന്തര മന്ത്രാലയത്തിനയച്ച കത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു. ഛത്തീസഗഢില്‍ ഖനി മാഫിയ കാടുകള്‍ നശിപ്പിക്കുന്നതിനെതിരായ സമരങ്ങളുടെ പേരില്‍ ഗോള്‍ഡ്മാന്‍ പരിസ്ഥിതി അവാര്‍ഡ് ലഭിച്ച രമേഷ് അഗര്‍വാള്‍, ഇത്തരമൊരു റിപോര്‍ട്ട് അങ്ങേയറ്റം ആക്ഷേപകരവും സംശയാസ്പദവുമാണെന്ന അഭിപ്രായക്കാരനാണ്. വിമതാഭിപ്രായത്തെ ഞെരിച്ചു കൊല്ലാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണിതൊക്കെയും. ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ വികസനവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമം എക്കാലത്തുമുണ്ടായിരുന്നു. ആഗോള താപനം ഭൂമിക്ക് തന്നെ ഭീഷണിയായിത്തീരുകയും അന്തരീക്ഷ മലിനീകരണം ഏറ്റവും വലിയ ആരോഗ്യ വിപത്തായിത്തീരുകയും ചെയ്ത ഘട്ടത്തില്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട സര്‍ക്കാര്‍ ഇപ്രകാരമുള്ള നടപടികളെടുക്കുന്നതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു.
ആണവോര്‍ജം, കല്‍ക്കരി ഖനനം, ബയോ ടെക്‌നോളജി എന്നീ മേഖലകളിലാണ് ഇത്തരം സമരക്കാരുടെ ശല്യമുള്ളതെന്നും ഈ രംഗങ്ങളിലൂടെ നടത്താനുേദ്ദശിക്കുന്ന രാഷ്ട്രത്തിന്റെ വന്‍ വികസന കുതിച്ചുചാട്ടത്തെ സമരക്കാര്‍ അട്ടിമറിക്കുമെന്നും റിപോര്‍ട്ട് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു. പ്രഫുല്‍ ബിദ്വായിമാരുടെയും മേധ പട്കര്‍മാരുടെയും പിന്നിലുള്ളത് ഈ വിദേശ ഫണ്ടുകളാല്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ കളാണെന്ന് റിപോര്‍ട്ട് ആരോപിക്കുന്നു. ഗ്രീന്‍ പീസിന് കഴിഞ്ഞ ഏഴ് വര്‍ഷക്കാലയളവില്‍ 45 കോടി രൂപയാണ് വിദേശ സഹായമായി ലഭിച്ചതെന്നാണ് റിപോര്‍ട്ട് പറയുന്നത്. കൂടംകുളംവിരുദ്ധ സമിതി നേതാവായ എസ് പി ഉദയകുമാറിന്റെ ബേങ്ക് അക്കൗണ്ടില്‍ വന്ന നാല്‍പതിനായിരം ഡോളറിന്റെ കാര്യവും റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. ഗുജറാത്ത് മോഡല്‍ വികസനത്തെ പ്രത്യേകം എതിര്‍ക്കാന്‍ ഇത്തരക്കാര്‍ക്ക് പദ്ധതിയുണ്ടെന്നും റിപോര്‍ട്ട് എഴുതിയ ഐ ബി ആരോപിക്കുന്നു.
ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് രാഷ്ട്രത്തിന്റെ സ്വത്ത് മുഴുവന്‍ പല തലങ്ങളിലായി ഏല്‍പ്പിച്ചു കൊടുക്കുന്ന പ്രക്രിയ മാറി മാറി വന്ന സര്‍ക്കാറുകള്‍ തന്നെ ആരംഭിച്ചിട്ട് 25 കൊല്ലം തികയാന്‍ പോകുകയാണ്. ഈ പ്രക്രിയയിലെന്തെങ്കിലും മെല്ലെപ്പോക്കുണ്ടായാല്‍ നയവ്യതിയാനം എന്നാരോപിക്കാന്‍ സര്‍ക്കാറിലുള്ളതും അല്ലാത്തതുമായ സാമ്പത്തിക വിദഗ്ധരും മാധ്യമങ്ങളും ചാടി വീഴുന്നതിനിടയിലാണ് എന്‍ ജി ഒ കള്‍ക്ക് ലഭിക്കുന്ന വിദേശ സഹായത്തെ അവലംബിച്ച് രാജ്യസ്‌നേഹം-രാജ്യദ്രോഹം എന്ന പിളര്‍പ്പുണ്ടാക്കാന്‍ നോക്കുന്നത് എന്നതാണ് തമാശ. ഫ്രാങ്കി, ഏരിയ മാപ്പിംഗ്, നാലാം ലോകം എന്നൊക്കെ പറഞ്ഞ് ജനകീയാസൂത്രണത്തെ തകര്‍ത്ത വ്യാജ ഇടതുപക്ഷ/മൃദുഹിന്ദുത്വ ശക്തികളെപ്പോലെ നമ്മെ ചിരിപ്പിക്കാന്‍ തന്നെയാണ് ഇവരുടെയും ഉദ്ദേശ്യമെന്നു തോന്നുന്നു.
2014 മാര്‍ച്ചിലാണ് ഡല്‍ഹി ഹൈക്കോടതി, വേദാന്ത കോര്‍പറേഷന്റെ ഉപകമ്പനികളില്‍ നിന്ന് വിദേശ ധനസഹായം സ്വീകരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിനെയും ബി ജെ പിയെയും വിമര്‍ശിച്ചത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ഥിയും ചെലവഴിച്ച തുകയെത്രയെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് ലഭിക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ പാര്‍ട്ടികള്‍ എത്ര ചെലവാക്കി എന്നതില്‍ കണക്കൊന്നുമെടുക്കുന്നില്ല. ഫൈനാന്‍ഷ്യല്‍ ടൈംസില്‍ ആമി കാസ്മിന്‍ എഴുതിയതു പോലെ, മോദി ഒരിടത്തു പ്രസംഗിക്കുമ്പോള്‍, അതിന്റെ പത്തടി ഉയരമുള്ള ഹോളോഗ്രാം ഇമേജ് തല്‍സമയം നൂറ് സ്റ്റേജുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. അവിടങ്ങളില്‍ തടിച്ചു കൂടിയവര്‍ക്ക് ത്രീ ഡി കണ്ണട ഒന്നും വെക്കാതെ തന്നെ, മോഡിയുടെ ത്രിമാന ഇഫക്ട് ലഭിക്കുമായിരുന്നു. തിരിച്ചാകട്ടെ, ഓരോ യോഗത്തിലും തിങ്ങിക്കൂടിയവരുടെ ഇമേജുകള്‍ തല്‍സമയം തന്നെ ബി ജെ പിയുടെ അഹമ്മദാബാദ് ഓഫീസിലും ലഭിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ സൗജന്യമായി ചെയ്യാന്‍ കഴിയുമെന്ന് ആരും വിശ്വസിക്കില്ല. നാലായിരത്തോളം പ്രവര്‍ത്തകരാണ് ഓരോ യോഗത്തിലും സാറ്റലൈറ്റ് ഡിഷും മറ്റും സ്ഥാപിക്കാനായി നീങ്ങിക്കൊണ്ടിരുന്നത്. ഇതിനു പുറമെ, ദേശീയ, പ്രാദേശിക പത്രങ്ങളില്‍ മുഴു പേജ് പരസ്യങ്ങള്‍, ടിവി കമേഴ്‌സ്യലുകള്‍, കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ എന്നിവ രാജ്യത്താകെ നിറഞ്ഞിരുന്നു. അമേരിക്കയിലുള്ള ആപ്‌കോ വേള്‍ഡ്‌വൈഡ് എന്ന കമ്പനിയെ മോദിയുടെ ഇമേജ് മഹത്വവത്കരിക്കുന്നതിനു വേണ്ടി വാടകക്കെടുത്തിരുന്നു. ഇരുപത്തയ്യായിരം ഡോളറായിരുന്നു മാസ വാടക. അതായത്, നര്‍മദാ ബച്ചാവോ ആന്തോളനോ കൂടംകുളംവിരുദ്ധ സമിതിയോ പോസ്‌കോവിരുദ്ധ സമിതിയോ സംഭാവന വാങ്ങിച്ചാല്‍ തെറ്റ്. ബി ജെ പിയാണെങ്കില്‍ കുഴപ്പമൊന്നുമില്ലെന്ന് ന്യായവും.
2004ല്‍ ആവാസ് – സൗത്ത് എഷ്യ വാച്ച് ലിമിറ്റഡ് എന്ന സംഘടന പുറത്തുവിട്ട കണക്കുകളനുസരിച്ച് ആര്‍ എസ് എസിന് ബ്രിട്ടനില്‍ നിന്ന് മാത്രം ദശലക്ഷക്കണക്കിന് പൗണ്ടുകള്‍ ലഭിച്ചിട്ടുണ്ട്. ലീസസ്റ്ററിലുള്ള രജിസ്റ്റര്‍ ചെയ്ത ഹിന്ദു സ്വയം സേവക് സംഘ് എന്ന സംഘടന വഴിയാണ് ഈ പണം ശേഖരിച്ചിരുന്നത്. സേവ ഇന്റര്‍നാഷനല്‍ എന്ന സംഘടനയും ഇതേ ആവശ്യത്തിനായി രൂപവത്കരിക്കപ്പെട്ടതായിരുന്നു. ഈ രണ്ട് സംഘടനകള്‍ക്കും ആര്‍ എസ് എസുമായി ബന്ധമുള്ള കാര്യം മറച്ചു വെക്കുകയും ചെയ്തിരുന്നു. അമേരിക്കയിലും ഇതേ രീതിയിലുള്ള സാമ്പത്തിക സമാഹരണം നടന്നതായി കണ്ടെത്തപ്പെട്ടു.
അതുമല്ല തമാശ. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ ഇറക്കിയ ഒരുത്തരവനുസരിച്ച് പ്രതിരോധ മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം സ്വീകരിക്കാന്‍ നടപടിയായിക്കഴിഞ്ഞു. ടെലികോം, പെട്രോളിയം, പ്രകൃതി വാതകം എന്നീ രംഗങ്ങളിലും സമ്പൂര്‍ണ വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടിട്ടുണ്ട്. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടി എത്ര വേണമെങ്കിലും വിദേശ ധനസഹായവും സാങ്കേതിക സഹായവും സ്വീകരിക്കാമെന്നു മാത്രമല്ല. ആണവനിലയങ്ങളില്‍ നിന്ന് എന്തെങ്കിലും ചോര്‍ച്ചയോ മറ്റോ ഉണ്ടായി ഇന്ത്യക്കാര്‍ക്ക് ജീവാപായമോ മറ്റോ സംഭവിച്ചാല്‍ വിദേശ സ്ഥാപനങ്ങളെ വിശേഷിച്ച് അമേരിക്കക്കാരെ ഒന്നും ചെയ്യരുതെന്ന് പാര്‍ലിമെന്റ് നിയമവും പാസാക്കി. ഇതിന്റെ പേരാണല്ലോ, കൊട്ടിഘോഷിച്ച ആണവക്കരാര്‍. അരേവ എന്‍ പി എന്ന ഫ്രഞ്ച് കമ്പനിയും ജി ഇ, ഹിത്താച്ചി, വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക്ക് തുടങ്ങിയ അമേരിക്കന്‍ കമ്പനികളും ഇന്ത്യന്‍ ആണവ മേഖലയില്‍ വന്‍ തോതിലുള്ള നിക്ഷേപം നടത്തിയിട്ടുണ്ട്. ഇനി ഇങ്ങനെ ചുരുക്കി പറയാം. ഫ്രഞ്ച്, അമേരിക്കന്‍ കമ്പനികള്‍ ആണവ നിലയങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതും നടത്തുന്നതും രാഷ്ട്രത്തിന് നല്ലത്. അതില്‍ നിന്ന് ചോര്‍ച്ചയോ മറ്റോ ഉണ്ടായാലോ എന്ന് പേടിച്ച് അതിനെതിരെ സമരം നടത്തുന്നത് ക്രിമിനല്‍ കുറ്റം, അതിന് വിദേശ സഹായം വാങ്ങിക്കുന്നത് രാജ്യദ്രോഹവും. ആണവക്കരാറിനെതിരെ സംസാരിക്കുന്ന ഇടതു കക്ഷികളുടെത് വികസനവിരുദ്ധതയും. നമ്പൂരി പറഞ്ഞതു പോലെ “ക്ഷ” പിടിച്ചു.
2014 ഏപ്രില്‍ ഒന്ന് മുതല്‍ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വ(കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) നിയമം നിലവില്‍ വന്നതിനെ തുടര്‍ന്ന്, സാമൂഹിക ക്ഷേമ- ആരോഗ്യ മേഖലയില്‍ നിന്ന് സര്‍ക്കാറുകള്‍ പിന്‍വാങ്ങുകയും എന്‍ ജി ഒകള്‍ ആ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യും എന്നാണ് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. കോര്‍പറേറ്റുകളെ ജനപ്രിയമാക്കുക എന്ന ഉദ്ദേശ്യവും അതിനു പിന്നിലുണ്ട്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. എന്‍ ജി ഒ, വിദേശ ഫണ്ട് എന്നീ ഉമ്മാക്കികള്‍ കാട്ടി ഭയപ്പെടുത്തുന്നവര്‍ സത്യത്തില്‍ അതേ ചെലവിലും നയത്തിലും തന്നെയാണ് ജീവിക്കുന്നത് എന്നതാണ്.
Reference:
When Are Foreign Funds Ok-ay? A Guide for the Perplexed (Kafila.org/June 13, 2014)-by Nivedita Menon

---- facebook comment plugin here -----

Latest