Connect with us

Malappuram

നുരയുന്ന മദ്യക്കുപ്പികള്‍ക്ക് വിട; റഫീഖ് തിരിച്ചുപിടിച്ചത് നഷ്ടമായ ജീവിതം

Published

|

Last Updated

മലപ്പുറം: മദ്യപാനം നിങ്ങളുടെ ജീവിതം തകര്‍ത്ത് തരിപ്പണമാക്കും, കുടുംബവും സമൂഹവും നമുക്ക് മേല്‍ വെറുപ്പിന്റെ മുദ്ര കുത്തും, അരുത്, ഒരാളും മദ്യപിക്കരുത്. ഇരുപത്തിയഞ്ച് വര്‍ഷം മുഴുക്കുടിയനായി ജീവിച്ച എടപ്പാള്‍ നീലിയാട് റഫീഖ് എന്ന യുവാവിന്റെ വാക്കുകളാണിത്. നുരഞ്ഞു പൊന്തിയ മദ്യക്കുപ്പികള്‍ ജീവിതത്തിന്റെ താളം തെറ്റിച്ചതിന്റെ കറുത്ത ഓര്‍മകള്‍ പങ്ക് വെക്കുകയാണ് ഈ യുവാവ്. കുടുംബത്തിലെ സാമ്പത്തിക പരാധീനതകള്‍ കാരണം വീട്ടുകാരോട് പറയാതെ ഗുജറാത്തില്‍ പോയ റഫീഖ് ഇവിടെ വെച്ചാണ് മദ്യത്തിന്റെ രുചി ആദ്യമായി അറിയുന്നത്. അന്ന് പ്രായം പതിമൂന്ന്. കൂട്ടുകാര്‍ക്കൊപ്പം കമ്പനിയടിച്ച്‘വെള്ളമടി തുടങ്ങിയ ഇയാള്‍ക്ക് പിന്നീട് മദ്യം ജീവിതത്തിന്റെ ഭാഗമായി. മദ്യമില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് പോലും ആലോചിക്കാനാകാത്ത 25 വര്‍ഷങ്ങള്‍. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ നാടുവിട്ടയാള്‍ വീട്ടിലേക്ക് പണമയക്കുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. അതുവരെയും ചായക്കടയില്‍ ജോലി ചെയ്ത് ലഭിച്ച പണമെല്ലാം കുടിച്ച് തീര്‍ത്തു.

പിന്നീട് നാട്ടിലെത്തിയ റഫീഖ് മിക്ക ദിവസങ്ങളിലും അന്തിയുറങ്ങിയത് നീലിയാട് കള്ള് ഷാപ്പിലും തൊട്ടടുത്ത ഓവുപാലത്തിന്റെ ചുവട്ടിലുമെല്ലാമായിരുന്നു. രാവിലെ അഞ്ച് മണിക്ക് കള്ള് ഷാപ്പിലെത്തുന്ന റഫീഖ് ബോധം നഷ്ടപ്പെടുന്നതുവരെ മദ്യപിക്കും. വീട്ടുകാരും നാട്ടുകാരുമെല്ലാം പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും അതിന് കഴിയാത്ത വിധം ലഹരി ഇയാളെ വരിച്ചുകഴിഞ്ഞിരുന്നു. ഇതിനിടെ വിവാഹം കഴിച്ചെങ്കിലും ഭര്‍ത്താവിന്റെ മദ്യപാനം സഹിക്കാനാകാതെ ഭാര്യ പിണങ്ങിപ്പോയി. മദ്യപിച്ച് വീട്ടിലെത്തി ഭാര്യ സാബിറയുമായും ഉമ്മയുമായും നിത്യവും വഴക്കുണ്ടാക്കും. ഇതില്‍ സഹികെട്ട് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. 50,000 രൂപ പത്ത് ദിവസം കൊണ്ട് കൂട്ടുകാരോടൊപ്പം മദ്യപിച്ച് തീര്‍ത്ത അനുവഭങ്ങളുമുണ്ട് റഫീഖിന്.
പണില്ലാതെ വരുമ്പോള്‍ നാട്ടുകാരുടെ കിണറ്റില്‍ പൂച്ചയെയോ ചത്ത പാമ്പിനെയോ കൊണ്ടിടും. ഇവയെ കിണറ്റില്‍ നിന്നെടുക്കാന്‍ വീട്ടുകാര്‍ റഫീഖിനെയാകും വിളിക്കുക. ഇതിന് കൂലിയായി ലഭിക്കുന്ന പണംകൊണ്ട് മദ്യം വാങ്ങും. ഇങ്ങനെ നിരവധി വീട്ടുകാരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. വെള്ളമടിച്ച് പൂസാകുമ്പോള്‍ നാട്ടുകാരുമായി അടിയുണ്ടാക്കിയതിന് പോലീസ് കേസുകളും നിരവധി. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സഹോദരനുമായുണ്ടായ വാക്കേറ്റം നേരില്‍ കണ്ട മാതാവ് മകന്റെ ദുരവസ്ഥ സഹിക്കാനാകാതെ കണ്‍മുന്നില്‍ വീണ് മരിച്ചു. ഉമ്മയുടെ മയ്യിത്ത് നിസ്‌കരിക്കാന്‍ പോലും റഫീഖിനായില്ല.
ഈ നഷ്ടങ്ങളെല്ലാം എങ്ങനെ നികത്തും ? റഫീഖ് വേദനയോടെ ചോദിക്കുന്നു. ചെറിയ പ്രായത്തില്‍ തന്നെ ലഹരിയുടെ കരങ്ങളിലമര്‍ന്ന റഫീഖിന്റെ ജീവിതത്തെ മാറ്റി മറിച്ചത് മലപ്പുറം മഅ്ദിന്‍ ഡീഅഡിക്ഷന്‍ സെന്റര്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്ന സ്ഥാപനമാണ്. നാട്ടുകാരനായ ഒരു വിദ്യാര്‍ഥിയാണ് ഇവിടെയെത്തിച്ചത്. ഒരു മാസത്തെ കൗണ്‍സലിംഗിനും ക്ലാസുകള്‍ക്കും ശേഷം റഫീഖിന് നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം പതിയെ തിരികെ ലഭിക്കുകയായിരുന്നു. അവജ്ഞയോടെ കാണുകയും തന്നെ കാണുമ്പോള്‍ മുഖം തിരിക്കുകയും ചെയ്തിരുന്ന കുടുംബത്തെയും നാട്ടുകാരെയും തിരിച്ചുകിട്ടയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ റഫീഖ്.
രണ്ടര വര്‍ഷം മുമ്പ് റഫീഖ് മദ്യം പൂര്‍ണമായി ഉപേക്ഷിച്ചു. ഇതോടെ പിണങ്ങിപ്പോയ ഭാര്യ സാബിറ വീട്ടില്‍ തിരിച്ചെത്തി. വാടക വീട്ടിലാണെങ്കിലും നാല് മക്കളോടും ഭാര്യയോടുമൊപ്പം സന്തോഷത്തോടെ ജീവിതം നയിക്കുന്ന ഇയാളുടെ മനസ്സിനെ പിടിച്ചു വലിച്ചത് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരിയുടെ ഒരേയൊരു വാക്കായിരുന്നു;‘”കള്ളിന് സുര്‍ക്കയായി മാറാന്‍ കഴിയുമെങ്കില്‍ കള്ളുകുടിയന് എന്തുകൊണ്ട് നല്ല മനുഷ്യനായി മാറാന്‍ കഴിയില്ല”. ഒടുവില്‍ കള്ളിന് മാത്രമല്ല, മുഴുക്കുടിയനായ തനിക്കും മാറാന്‍ കഴിയുമെന്ന് റഫീഖ് ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു.