Connect with us

Ongoing News

അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാര്‍

Published

|

Last Updated

ബെലൊ ഹൊറിസോന്റെ: പൊരുതിക്കളിച്ച നൈജീരിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് അര്‍ജന്റീന ഗ്രൂപ്പ് എഫ് ചാമ്പ്യന്‍മാരായി. തോറ്റെങ്കിലും നൈജീരിയ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ബോസ്‌നിയ ഹെര്‍സെഗൊവിന 3-1ന് ഇറാനെ തോല്‍പ്പിച്ചതോടെയാണ് നൈജീരിയക്ക് മുന്നേറ്റം എളുപ്പമായത്. അര്‍ജന്റീനക്കായി ലയണല്‍ മെസി ഇരട്ടഗോളുകള്‍ നേടി. ഒന്ന് ഫ്രീകിക്കില്‍ നിന്നായിരുന്നു. മാര്‍കോസ് റോജോയാണ് മറ്റൊരു സ്‌കോറര്‍. നൈജീരിയക്കായി അഹമ്മദ് മൂസ ഇരട്ടഗോളുകള്‍ നേടി. മൂന്നാം മിനുട്ടിലും ആദ്യപകുതിയുടെ ഇഞ്ചുറിടൈമിലുമായിരുന്നു മെസിയുടെ ഗോളുകള്‍. അഹമ്മദ് മൂസ നാലാം മിനുട്ടിലും 47താം മിനുട്ടിലും വലകുലുക്കി. വിജയഗോള്‍ റോജോയുടെ വക.ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇന്ന് അവസാനിക്കും. ഗ്രൂപ്പ് ജിയില്‍ പോര്‍ച്ചുഗല്‍ – ഘാന, അമേരിക്ക – ജര്‍മനി. ഗ്രൂപ്പ് എച്ചില്‍ ദക്ഷിണകൊറിയ – ബെല്‍ജിയം, അള്‍ജീരിയ-റഷ്യ മത്സരങ്ങള്‍.
ജര്‍മനി-അമേരിക്ക മത്സരം സമനിലയായാല്‍ പോര്‍ച്ചുഗലിനും ഘാനക്കും പ്രീക്വാര്‍ട്ടര്‍ കാണാതെ മടങ്ങാം. ഇവര്‍ തമ്മിലുള്ള മത്സരം സമനിലയാണെങ്കിലും ഫലം മറിച്ചാകില്ല. നാല് ടീമുകള്‍ക്കും സാധ്യത അവശേഷിക്കുന്നുവെന്നതാണ് ഗ്രൂപ്പിനെ ആവേശകരമാക്കുന്നത്. ജര്‍മനി അമേരിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ പോര്‍ച്ചുഗലിന് സാധ്യത വരും. ഘാനയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയാല്‍ അത്ഭുതകരമായി അടുത്ത റൗണ്ടിലെത്താം. ഘാനക്ക് വന്‍ മാര്‍ജിനില്‍ ജയിക്കേണ്ട ആവശ്യമില്ല. അമേരിക്ക തോല്‍ക്കുകയും പോര്‍ച്ചുഗലിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഭാഗ്യം മാറിമറിയും. ജര്‍മനി തോറ്റാല്‍ അമേരിക്ക ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. നാല് ഗോളുകളുമായി ആവറേജില്‍ മുന്നിട്ട് നില്‍ക്കുന്ന ജര്‍മനിക്ക് സാധ്യത നിലനില്‍ക്കും. ഘാനയോ പോര്‍ച്ചുഗലോ വന്‍മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രം ജര്‍മനി പുറത്താകും. ഘാനയെയാകും ജര്‍മനിക്ക് പേടി. കഴിഞ്ഞ മത്സരത്തില്‍ അവര്‍ ജര്‍മനിയെ വിറപ്പിച്ചിരുന്നു.അവസാന ശ്വാസം വരെ പൊരുതുന്ന അമേരിക്ക ജര്‍മനിക്കെതിരെ അട്ടിമറി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. അതിനൊരു കാരണം ജര്‍മനിയുടെ മുന്‍ താരവും കോച്ചുമായിരുന്ന യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ ഒപ്പമുള്ളതാണ്.