Connect with us

Gulf

മനസില്‍ കപ്പല്‍ യാത്രയുടെ തിരയിളക്കം; അബൂബക്കര്‍ ഹാജി ഇനി പാലറയില്‍

Published

|

Last Updated

അബുദാബി: 38 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മലപ്പുറം വളാഞ്ചേരി പാലറ അബൂബക്കര്‍ ഹാജി നാട്ടിലേക്ക്. 1977 ലാണ് ഹാജിയും സംഘവും ബോംബെയില്‍ നിന്നും ദുബൈയിലേക്ക് കപ്പല്‍ കയറിയത്. നാല് ദിവസത്തെയാത്രക്ക് 750 രൂപയായിരുന്നു ചാര്‍ജ്. നൂര്‍ജഹാന്‍ കപ്പലിലെ യാത്ര ഹാജിയുടെ മനസ്സില്‍ ഇന്നും തിരയിളക്കം സൃഷ്ടിക്കുകയാണ്. സ്വപ്‌നംകണ്ടിരുന്ന ഗള്‍ഫ് അല്ല യഥാര്‍ഥ ഗള്‍ഫ് എന്ന് എത്തിയപ്പോഴാണ് മനസിലായത്.
അബൂബക്കര്‍ ഹാജിയുടെ കൂടെ ഗള്‍ഫിലേക്ക് വന്നവരും സഹപ്രവര്‍ത്തകരില്‍ ചിലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഏറ്റവും അടുത്ത സുഹൃത്തായ മലപ്പുറത്തെ അലിയുടെ പെട്ടെന്നുള്ള മരണം മനസില്‍ ദുഃഖമായി സൂക്ഷിക്കുകയാണ് ഇദ്ദേഹം. ശക്തമായ മഴയും കാറ്റുമുണ്ടായ ദിവസമാണ് അലി മരണപ്പെട്ടത്.
ദുബൈയിലെത്തി ആറു മാസക്കാലം ജോലിയൊന്നുമില്ലാതെ കഴിച്ച് കൂട്ടി. പിന്നെ ഒരു സ്പാനിഷ് കമ്പനിയില്‍ ജോലികിട്ടി. ശേഷം അബുദാബിയിലേക്ക് മാറി. പൈപ്പ് ലൈന്‍ കമ്പനിയില്‍ മൂന്ന് കൊല്ലവും അഡ്‌നോക്കില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തു.
21 വര്‍ഷമായി ഇസ്മാഈല്‍ അല്‍ ഖാജ സണ്‍സ് ഗ്രൂപ്പില്‍ ക്യാഷ്യറായാണ് വിരമിക്കുന്നത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്. മൊബൈല്‍: 050-511294

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest