Connect with us

Palakkad

ക്രൈം ബ്രാഞ്ച് മുക്കം മുസ്‌ലിം ഓര്‍ഫനേജ് ഭാരവാഹികളുടെ മൊഴിയെടുത്തു

Published

|

Last Updated

പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്നും മതിയായ രേഖകളില്ലാതെ കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മുക്കം മുസ്ലീം ഓര്‍ഫനേജ് ഭാരവാഹികളുടെ മൊഴിയെടുത്തു.
ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സുധാകരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിനു മുമ്പാകെ ഓര്‍ഫനേജിന്റെ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന ആറുപേരാണ് ഇന്നലെ നേരിട്ടെത്തി മൊഴി നല്‍കിയത്.
കഴിഞ്ഞമാസം 24, 25 തിയതികളിലാണ് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത്.
മുക്കം മുസ്ലീം ഓര്‍ഫനേജിലേക്ക് കൊണ്ടുപോകാനായി ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 456 കുട്ടികളെയാണ് 24 ന് പാലക്കാട്ടെത്തിച്ചത്. മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് ഇവരെ റെയില്‍വേ പോലീസ് തടഞ്ഞ് പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. 25 ന് പശ്ചിമബംഗാളില്‍ നിന്നുള്ള 123 കുട്ടികളും പാലക്കാട്ടെത്തി.
മലപ്പുറം വെട്ടത്തൂരിലുള്ള യത്തീംഖാനയിലേക്കാണ് ഇവരെ കൊണ്ടുവന്നിരുന്നത്. ഇവരെയും പോലീസ് തടഞ്ഞു.
വെട്ടത്തൂര്‍ യത്തീംഖാന ഭാരവാഹികളുടെയും മൊഴി ഇന്നും നാളെയുമായി രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസില്‍ തെളിവെടുപ്പിനായി ഝാര്‍ഖണ്ഡില്‍ പോയ ക്രൈംബ്രാഞ്ച് സംഘം അവിടെനിന്നും അറസ്റ്റ് ചെയ്ത് പാലക്കാട്ട് റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് പര്‍വേഷ് ആലം(34)നെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
ഇയാള്‍ കുട്ടികളെ കടത്തുന്നതിനായി വ്യാജരേഖ ചമക്കാന്‍ കൂട്ടുനിന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.