Connect with us

Palakkad

നഗരം ഗതാഗതക്കുരുക്കില്‍

Published

|

Last Updated

പാലക്കാട്: നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പ്മുട്ടുന്നു. ഗേജ്മാറ്റുന്നതിന്റെ ഭാഗമായി റെയില്‍വേ പാലങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെയാണ് ഗതാഗതനിയന്ത്രണം വേണ്ടി വന്നത്.
ഇതോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തീരാദുരിതമായി. എന്നാല്‍ ഗതാഗതം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ ട്രാഫിക് പൊലീസ് എവിടെയുമില്ല. പകരം ഹോംഗാര്‍ഡുകളാണ് തിരക്കുള്ള സമയങ്ങളില്‍പോലും ഗതാഗതം നിയന്ത്രിക്കുന്നത്. പ്രധാന റോഡുകളില്‍ തിരക്ക് വര്‍ധിച്ചതോടെ നഗരത്തിലെ ഊടുവഴികളാണ് ചെറിയവാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഊടുവഴികളിലൂടെ പ്രധാനറോഡുകളിലേക്ക് തോന്നിയതുപോലെ തിരിയുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നു.
ശകുന്തള ജങ്ഷനിലെ റെയില്‍വെഗേറ്റ് അടച്ച് നിര്‍മാണം തുടങ്ങിയതോടെ ജി ബി റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ നഗരസഭാ സ്റ്റാന്‍ഡ്വഴി മേല്‍പ്പാലത്തില്‍കയറി ബി ഒ സി റോഡ്വഴി മാര്‍ക്കറ്റിലേക്കും ശകുന്തള ജങ്ഷനിലേക്കും പ്രവേശിക്കുകയാണ്.
ടി ബി റോഡ്വഴി വരുന്ന ബസുകളടക്കമുള്ള വാഹനങ്ങള്‍ ശകുന്തള ജങ്ഷനില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് മാര്‍ക്കറ്റ്‌റോഡിലൂടെ ബി ഒ സി റോഡ്വഴി മേല്‍പ്പാലത്തിലൂടെ പ്രവേശിപ്പിച്ച് മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്കും താരേക്കാട്”ഭാഗത്തേക്കും പോകുകയാണ്. കെ എസ് ആര്‍ടി സി സ്റ്റാന്‍ഡിലേക്കുള്ള ബസുകളും ഇരുചക്രവാഹനങ്ങളടക്കമുള്ള മറ്റ് വാഹനങ്ങളും റോബിന്‍സണ്‍റോഡ്വഴി പോകുന്നത് വന്‍കുരുക്കിനു കാരണമായിട്ടുണ്ട്.
ശകുന്തള ജങ്ഷന്‍ അടച്ചതോടെ കോയമ്പത്തൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന ഭൂരിഭാഗം വാഹനങ്ങളും റോബിന്‍സണ്‍ റോഡ്വഴിയാണ് പോകുന്നത്. ഇതിനാല്‍ നഗരത്തില്‍ കൂടുതല്‍ തിരക്ക് റോബിന്‍സണ്‍റോഡിലായി. ഇവിടെ വണ്‍വെ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചിട്ടില്ല. റോബിന്‍സണ്‍ റോഡില്‍തിരക്ക് കൂടിയതോടെ ജില്ലാ ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളും ഗതാഗതകുരുക്കില്‍പെടുന്നു.
കാല്‍നട യാത്രപോലും അസാധ്യമായി. സുല്‍ത്താന്‍പേട്ടയിലും കോയമ്പത്തൂര്‍റോഡിലും സമാനമായ ഗതാഗതക്കുരുക്കാണ്. ശകുന്തള ജങ്ഷനില്‍ റെയില്‍വേഗേറ്റ് മാലിന്യത്തിലൂടെ യാത്ര ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാര്‍. മഴക്കാലപൂര്‍വ ശുചീകരണത്തിന് നഗരസഭാ അധികൃതര്‍ ശ്രദ്ധിക്കാത്തതിനാല്‍ നഗരം മലിനമയമായി. അഴുക്കുചാലുകളുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബ് പലയിടത്തും തകര്‍ന്നുകിടക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്ക് ഇത് ഭീഷണിയുര്‍ത്തുകയാണ്.