Connect with us

Malappuram

ഓപ്പറേഷന്‍ കുബേര: ജില്ലയില്‍ ഇതുവരെ അറസ്റ്റിലായത് 60 പേര്‍

Published

|

Last Updated

മലപ്പുറം: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായുള്ള പരിശോധനയില്‍ ജില്ലയില്‍ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത് 60 പേരെ.
ഇതില്‍ 100 പരാതികള്‍ ഫോണ്‍ വഴിയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 466 റെയ്ഡുകളാണ് നടത്തിയത്. പരിശോധനയിലൂടെ അനധികൃത പണമിടപാടുകാരെയും കൊള്ളപ്പലിശക്കാരെയും ഒരുപരിധി വരെ തടയാനായെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എസ് ശശികുമാര്‍ പറഞ്ഞു.
വട്ടിപലിശക്കാര്‍ക്കെതിരെ ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് നടത്തിയ പോലീസ് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നരമാസമായി വട്ടിപലിശ സംഘങ്ങളെ നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. പോലീസ് അദാലത്ത് ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നതില്‍ സംശയമില്ല. ഇരകള്‍ക്ക് നേരിട്ടു പരാതികള്‍ നല്‍കാമെന്നതാണ് അദാലത്തിന്റെ പ്രയോജനം.
എല്ലാ ആഴ്ചയും അദാലത്തുകള്‍ നടത്തും. പരാതികളുടെ തുടര്‍നടപടികള്‍ സംബന്ധിച്ചും ഓരോ ആഴ്ചയും അവലോകനം ചെയ്യും. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ ഡി വൈ എസ് പിമാര്‍, സി ഐമാര്‍ എന്നിവര്‍ക്കാണു കൈമാറുന്നത്. പരാതികളുടെ തുടര്‍നടപടികള്‍ സംബന്ധിച്ചു പിന്നീടുള്ളയാഴ്ച ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുമെന്നതാണ് അദാലത്തിന്റെ നേട്ടമെന്ന് എസ് പി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലുള്ള സീനിയര്‍ സിറ്റിസണ്‍ ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടത്തിയത്. അദാലത്തില്‍ ഏഴുപരാതികള്‍ മാത്രമാണ് ലഭിച്ചത്. വട്ടിപലിശ നല്‍കുന്നുവെന്ന പേരില്‍ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ അദാലത്തില്‍ പങ്കെടുത്തത് വിവാദമായിട്ടുണ്ട്.
ക്രൈംഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി കെ എം സൈതാലി, അഡ്മിനിസ്‌ട്രേറ്റീവ് ഡി വൈ എസ് പി എന്‍ വി അബ്ദുല്‍ഖാദിര്‍, തിരൂര്‍ ഡി വൈ എസ് പി അസൈനാര്‍, പെരിന്തല്‍മണ്ണ ഡി വൈ എസ് പി കെ പി വിജയകുമാര്‍, എസ് ഐമാരായ കെ ഭാസ്‌കരന്‍, പി അബ്ദുല്‍ ബശീര്‍ നേതൃത്വം നല്‍കി.