Connect with us

Wayanad

ജില്ലാ പഞ്ചായത്തിന് 58.54 കോടി രൂപയുടെ വാര്‍ഷിക പദ്ധതി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം 58,54,35,262 രൂപയുടെ വിവിധ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കും. വാര്‍ഷിക സെമിനാറില്‍ അവതരിപ്പിച്ച കരട് വികസന റിപ്പോര്‍ട്ട് പ്രകാരം പൊതുവിഭാഗത്തില്‍ 19,70,82,024 രൂപയും പ്രത്യേക ഘടക പദ്ധതിയില്‍ 3,16,07,774 രൂപയും പട്ടികവര്‍ക്ഷ ഉപ പദ്ധതിയില്‍ 15,77,08,628 രൂപയുമാണ് മുന്‍വര്‍ഷത്തെ സ്പില്‍ ഓവറടക്കം ജില്ലാ പഞ്ചായത്തിന് ലഭിക്കുന്നത്. മെയിന്റനന്‍സ് ഗ്രാന്റിനത്തില്‍ മുന്‍ ബാക്കി ഉള്‍പ്പെടെ നോണ്‍റോഡ് വിഭാഗത്തില്‍ 4,35,87,042 രൂപയും റോഡിനത്തില്‍ 8,44,81,674 രൂപയുമാണ് പദ്ധതി വിഹിതമായി ലഭിക്കുക. മറ്റ് ഇനങ്ങളിലുള്ള വിഹിതമായി 7,09,68,120 രൂപയും വരുമാനമായി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം പൊതു വിഭാഗത്തില്‍ 13,04,79,727 രൂപയാണ് പദ്ധതി വിഹിതമായി ലഭിച്ചത്. പ്ലാന്‍ ഫണ്ടിന്റെ 71 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ആകെ ചെലവഴിച്ചതെന്ന് വികസന രേഖയില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് മെയിന്റനന്‍സ് ഫണ്ട് റോഡിനത്തിലാണ് – 85.36 ശതമാനം.സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി ടീച്ചര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേവലം പ്രാദേശിക താല്‍പര്യങ്ങള്‍ക്കപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കണമെന്ന് റോസക്കുട്ടി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് അദ്ധ്യക്ഷനായിരുന്നു. കരട് പദ്ധതി രേഖ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാറിന് നല്‍കി റോസക്കുട്ടി ടീച്ചര്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഉഷാകുമാരി സ്വാഗതവും സെക്രട്ടറി വി.സി. രാജപ്പന്‍ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എ.പി. ശ്രീകുമാര്‍, എം.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വത്സാചാക്കോ, എ.എസ്. വിജയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.