Connect with us

Kozhikode

ജില്ലയില്‍ നാല് ഗ്യാസ് ഏജന്‍സികള്‍ കൂടി ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കീഴില്‍ ജില്ലയില്‍ നാല് ഗ്യാസ് ഏജന്‍സികള്‍ കൂടി ആരംഭിക്കുമെന്ന് മാനേജര്‍ ഇന്ദ്രപ്രകാശ് അറിയിച്ചു. വടകര, തിരുവമ്പാടി, പൂനൂര്‍, മാവൂര്‍ എന്നിവിടങ്ങളിലാണ് പുതിയ ഏജന്‍സികള്‍ ആരംഭിക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് തലങ്ങളില്‍ ഏജന്‍സികള്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പാചക വാതക വിതരണം സംബന്ധിച്ച ഓപണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേളാരിയിലെ ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിലെ തൊഴിലാളി സമരം മൂലം ഗ്യാസ് വിതരണത്തിന് ദൗര്‍ലഭ്യം നേരിടുന്നുണ്ട്. സമരം പരിഹരിക്കുന്നതിന് മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നടത്തുന്ന ചര്‍ച്ച തുടരും. നിലവിലുള്ള ഗ്യാസ് ക്ഷാമം പരിഹരിക്കാന്‍ താത്കാലികമായി പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഗ്യാസ് എത്തിക്കാന്‍ നടപടിയെടുക്കും.
വീടുകളിലെത്തിക്കുന്ന സിലിണ്ടറുകള്‍ സുരക്ഷിതമാണെന്നും അവക്ക് ചോര്‍ച്ചയില്ലെന്നും ഗുണഭോക്താക്കള്‍ ഉറപ്പു വരുത്തണമെന്ന് ഓപണ്‍ഫോറത്തിലെ പരാതികള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സിലിണ്ടറുകള്‍ക്ക് ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ അത് മാറ്റിവെക്കുകയും ഏജന്‍സിയെ അറിയിക്കുകയും വേണം. 0484 2356247 എന്ന നമ്പറിലേക്കോ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ 1800224344 ടോള്‍ ഫ്രീ നമ്പറിലേക്കോ അല്ലെങ്കില്‍ 0495 – 2370213 (തിങ്കള്‍ മുതല്‍ വെള്ളി വരെ 9.30 നും അഞ്ചിനും ഇടയില്‍) എന്ന നമ്പറിലേക്കോ വിളിക്കാവുന്നതാണ്. ഗ്യാസ് ഏജന്‍സികളില്‍ നിന്ന് വിതരണം ചെയ്യുന്ന അഞ്ച് വര്‍ഷം ഗ്യാരന്റിയുള്ള സുരക്ഷാ ഹോസ് മാത്രമേ ഉപയോഗിക്കാവൂ. ഉപഭോക്താവും വിതരണക്കാരനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഐ വി ആര്‍ സംവിധാനത്തിലൂടെ മാത്രമേ ബുക്കിംഗ് സ്വീകരിക്കാവൂ. ഗ്യാസ് വിതരണത്തിലെ സുതാര്യത ഉറപ്പു വരുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും ഇന്ദ്രപ്രകാശ് പറഞ്ഞു.
ഓപ്പണ്‍ ഫോറത്തില്‍ മൊത്തം 51 പരാതികള്‍ ലഭിച്ചു. ചില പരാതികളില്‍ സിലിണ്ടറുകള്‍ നല്‍കി തീര്‍പ്പാക്കി. ഏജന്‍സികളിലെ മോശം പെരുമാറ്റം, ഡെലിവറി ചാര്‍ജ് ഈടാക്കുന്നവ സംബന്ധിച്ച പരാതികളില്‍ നടപടിയെടുക്കാമെന്ന് ജില്ലാ സപ്ലൈ ഓഫിസറും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരും ഉറപ്പു നല്‍കി.

Latest