Connect with us

International

ഇറാഖില്‍ കുര്‍ദ് നേതാക്കളുമായി കെറി ചര്‍ച്ച നടത്തി

Published

|

Last Updated

അര്‍ബില്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇറാഖിലെ കുര്‍ദിസ്ഥാന്‍ സന്ദര്‍ശിച്ചു. എണ്ണ നഗരമായ കിര്‍കുക്ക് പിടിച്ചെടുത്ത സാഹചര്യത്തില്‍ ബഗ്ദാദില്‍ നടക്കുന്ന രാഷ്ട്രീയ നടപടിക്രമങ്ങളില്‍ നിന്ന് പിന്നാക്കം പോകരുതെന്ന് കുര്‍ദ് നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്വയംഭരണാവകാശമുള്ള വടക്കന്‍ കുര്‍ദ് പ്രദേശത്തെ സുരക്ഷാ സൈന്യമായ പെഷ്‌മെര്‍ഗ സംഘം ജൂണ്‍ 12ന് കിര്‍കുക്ക് പിടിച്ചെടുത്തിരുന്നു. ഐ എസ് ഐ എല്‍ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഇറാഖി സൈന്യം പലായനം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.
സ്വയംഭരണാധികാരമുള്ള മേഖലക്ക് പുറത്തെ എണ്ണസമ്പന്നമായ കിര്‍കുക്ക് പിടിച്ചടക്കുകയെന്നത് കുര്‍ദുകളുടെ എക്കാലത്തേയും വലിയ സ്വപ്‌നമായിരുന്നു. ചരിത്രപരമായ തങ്ങളുടെ തലസ്ഥാനമായി ഇവര്‍ നോക്കിക്കാണുന്നതും കിര്‍കുക്ക് ആയിരുന്നു. കിര്‍കുക്ക് ഇവര്‍ കൈയടക്കി വെക്കുകയാണെങ്കില്‍ ബഗ്ദാദില്‍ നിന്നുള്ള ബജറ്റ് വാഗ്ദാനത്തേക്കാള്‍ വലിയ വരുമാനം ഇവിടെ നിന്നും ലഭിക്കും. സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കാനുള്ള ആഗ്രഹത്തെ ഇത് ഊട്ടിയുറപ്പിക്കും. അതേ സമയം രാജ്യത്തെ ഏറെ ആഴത്തില്‍ ബാധിച്ചിട്ടുള്ള പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച നടത്തിയ കെറി പുതിയ സര്‍ക്കാറില്‍ പങ്കാളികളാകേണ്ടത് സംബന്ധിച്ച ആവശ്യകത നേതാക്കള്‍ക്ക് ബോധ്യപ്പെട്ടതായി പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം ജുലൈ ഒന്നിന് മുമ്പ് എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പ്രധാനനമന്ത്രി നൂരി അല്‍ മാലികി ഉറപ്പ് നല്‍കിയതായി കഴിഞ്ഞ ദിവസം കെറി പറഞ്ഞിരുന്നു. രാജ്യത്ത് ഇസില്‍ സംഘം പിടിമുറുക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം മാലികിയെ നീക്കാനാണ് അമേരിക്ക സമ്മര്‍ദം ചെലുത്തുന്നത്.
കുര്‍ദ് നേതാക്കളുമായി കെറി നടത്തിയ ചര്‍ച്ചയില്‍ കുര്‍ദുകളുടെയും ഇറാഖികളുടെ മൊത്തത്തിലുമുള്ള താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ സജീവ ഇടപെടല്‍ നടത്താനും ആവശ്യപ്പെട്ടതായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. രാഷ്ട്രീയ പ്രക്രിയയില്‍ നിന്ന് കുര്‍ദുകള്‍ പിന്‍മാറിയാല്‍ അത് ഇപ്പോഴത്തെ സ്ഥിതി ഗുരുതരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest