Connect with us

Editorial

ആധാര്‍ വിവരങ്ങളുടെ കൈമാറ്റം

Published

|

Last Updated

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഈയിടെ പുറത്തുവന്ന രണ്ട് വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ആധാറിന് നേണ്ടി ശേഖരിച്ച പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറാന്‍ വിവിധ കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും കോര്‍പറേറ്റുകളുമായി യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു ഐ ഇ) ധാരണയിലെത്തിയതാണ് അതിലൊന്ന്. ആധാറിനായി കേരളത്തിലെ മുന്ന് കോടിയോളം ജനങ്ങളില്‍ നിന്നെടുത്ത വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറിയതായിരുന്നു മറ്റൊന്ന്. രാജ്യത്തെ 55 കോടിയിലേറെ പേരുടെ വിവരങ്ങള്‍ ആധാറിന് വേണ്ടി യു ഐ ഇ ശേഖരിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളും സബ്‌സിഡികളും വിതരണം ചെയ്യാനെന്ന പേരില്‍ ശേഖരിച്ച ഈ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുമെന്നും മറ്റാര്‍ക്കും കൈമാറില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ആധാറിലെ വിവരങ്ങള്‍ ഉടമസ്ഥന്റെ അനുവാദമില്ലാതെ ഒരു അന്വേഷണ ഏജന്‍സിക്കും നല്‍കരുതെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി വിധിക്കുകയുമുണ്ടായി. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പും കോടതിയുടെ നിര്‍ദേശവും ലംഘിച്ചിരിക്കയാണിപ്പോള്‍ യു ഐ ഇ.
ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ യു ഐ ഇ ക്ക് കൈമാറണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്ക് അവ സ്വന്തമായി സൂക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് അധികാരപ്പെടുത്തിയിരുന്നത്. അവരാണിപ്പോള്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വറും സോഫ്റ്റ്‌വെയറും സൂക്ഷിക്കാനുള്ള ചുമതല ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത്. സംസ്ഥാന ഐ ടി മിഷനുമായി കെല്‍ട്രോണ്‍ ഒപ്പ് വെച്ച കരാറിന്റെ നഗ്നമായ ലംഘനമാണിത്.വിവര സാങ്കേതിക വകുപ്പോ മന്ത്രിയോ അറിയാതെയാണ് കെല്‍ട്രോണിന്റെ ഇടപാടെന്നാണ് ഐ ടി വകുപ്പ് മന്ത്രി പറയുന്നത്.
ആധാര്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ സാമ്രാജ്യത്വ ശക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഇന്ത്യക്കാരുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി കൊണ്ടുപോകാന്‍ ഇതവസരമൊരുക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. പൗരാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിതെന്നും പലരും ചൂണ്ടിക്കാണിക്കുകയുമുണ്ടായി. രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും ചിന്തകരും സാമൂഹിക ശാസ്ത്രജ്ഞന്മാരും അതിനെതിരെ അന്നേ ശബ്ദിച്ചതുമാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സി ഐ എക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന മോംഗോഡീബി എന്ന കമ്പനിയുടെ കൈവശമാണ് ഇന്ത്യയില്‍ നിന്നും ആധാര്‍വഴി സ്വീകരിച്ച വിവരങ്ങളെന്ന ആരോപണവും നേരത്തെ നിലനിര്‍ക്കുന്നുണ്ട്.
പൗരന്മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കണമെന്ന ആശയം എന്‍ ഡി എ ഭരണകാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയാണ് ആദ്യമായി മുന്നോട്ടു വെച്ചത്. ന്യൂനപക്ഷങ്ങളെ ലാക്കാക്കിയുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാരോപിച്ചു കോണ്‍ഗ്രസുകാര്‍ അന്ന് ഈ പദ്ധതിയെ എതിര്‍ക്കുകയാണുനണ്ടായത്. പിന്നീട് തങ്ങളുടെ ഭരണകാലത്ത് പദ്ധതി നടപ്പാക്കാന്‍ യു പി എ കാണിച്ച ആവേശത്തിന് പിന്നിലെ പ്രചോദക ശക്തി അജ്ഞാതമാണ്. ഏതെങ്കിലും ഗൂഢശക്തിയുടെ തലതിരിഞ്ഞ ബുദ്ധി അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സന്ദേഹിക്കുന്നവര്‍ ധാരാളമുണ്ട്. വോട്ടിംഗ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, െ്രെഡവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങി രാജ്യത്ത് ഒട്ടേറെ തിരിച്ചറിയല്‍ രേഖകള്‍ നിലവിലുണ്ട്. അതുപോലെയല്ല പൗരന്മാരുടെ വ്യക്തിത്വത്തെ ബാധിക്കുന്ന വിവരങ്ങളടങ്ങിയ രേഖകള്‍. നിര്‍ബന്ധിച്ചു അത്തരം വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിച്ചതാണ്. സുപ്രീംകോടതി ഈ നിലപാടിനെ ശരിവെക്കുകയും ചെയ്തു. എന്നിട്ടും കോടതിയെ പോലും അവഗണിച്ച് ഗ്യാസ് സിലിന്‍ഡര്‍ പോലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആധാര്‍ കാര്‍ഡുള്ളവര്‍ക്കേ നല്‍കുകയുള്ളുവെന്ന് ഭീഷണി സ്വരത്തില്‍ പ്രഖ്യാപിച്ചാണ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചത്.
ആധാറിലെ വിവരങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുന്നതോടെ സി ഐ എ, മൊസ്സാദ് തുടങ്ങിയ വിദേശ ചാരസംഘടനകള്‍ക്കും രാജ്യത്തിനകത്തെ ഹിന്ദുത്വ ഭീകരര്‍ക്കും ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കയാണ്. ഹിന്ദുത്വരുടെ വംശീയ ഉന്മൂലന പദ്ധതി ഇതോടെ എളുപ്പമാകുമെന്നതിനാല്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ വരും നാളുകള്‍ ഇനി കൂടുതല്‍ ഭീതിദമാകും.

Latest