Connect with us

Gulf

രാജ്യം തിളക്കുന്നു; ഉമ്മു അല്‍ സമൂലില്‍ 47.8 ഡിഗ്രി

Published

|

Last Updated

അല്‍ ഐന്‍: ന്‍കാല ചരിത്രമെല്ലാം തിരുത്തി താപനില ഉയരുമെന്ന് പൊതുവില്‍ വിലയിരുത്തവേ ഇന്നലെ ഉമ്മു അല്‍ സമൂലില്‍ അനുഭവപ്പെട്ടത് 47.8 ഡിഗ്രി സെല്‍ഷ്യസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്. ശരാശരി 45 ഡിഗ്രിക്ക് മുകളിലാണ് താപനില.
ഉച്ച സമയങ്ങളില്‍ പട്ടണങ്ങളും റോഡുകളുമെല്ലാം വിജനമാവുന്ന കാഴ്ചയാണ്. ഒരു നിമിഷം പോലും ചൂട് താങ്ങാന്‍ സാധിക്കാത്തതാണ് റോഡുകളും തിരക്കുപിടിച്ച കച്ചവട കേന്ദ്രങ്ങളുമെല്ലാം വിജനമാകാന്‍ ഇടയാക്കുന്നത്. ഉച്ച സമയങ്ങളില്‍ ഉപഭോക്താക്കള്‍ നന്നേ കുറഞ്ഞെന്നാണ് പല കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നത്.
രാജ്യത്ത് ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞുണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇന്നലെ വിവിധ നഗരങ്ങളില്‍ ശരാശരി 45 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനിലയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. തീരപ്രദേശങ്ങളില്‍ ഇന്ന് ചൂടിന് നേരിയ കുറവുണ്ടായേക്കും. കടലില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ കാറ്റുണ്ടാവുമെന്നതാണ് താപനിലയില്‍ നേരിയ കുറവിന് ഇടയാക്കുക. വരുന്ന ദിനങ്ങളിലും താപനില ഉയരുന്ന പ്രവണതയാവും തുടരുക. ചില ഭാഗങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം സൂചന നല്‍കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് ദുസ്സഹമായിരിക്കയാണ്. പ്രത്യേകിച്ചും അബുദാബിയില്‍. അല്‍ ഐന്‍ മേഖലയില്‍ ഇന്നലെ ശരാശരി 45.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു പരമാവധി താപനില. ചില ഭാഗങ്ങളില്‍ ചുടുകാറ്റിനൊപ്പം പൊടിക്കാറ്റും അനുഭവപ്പെട്ടു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടിയ ചൂട് ഉമ്മു അല്‍ സമൂലിലാണ് അനുഭവപ്പെട്ടത്. 47.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇത്. ഈ വര്‍ഷത്തെ ജൂണ്‍ മാസത്തില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. വരുന്ന ദിനങ്ങളിലും ചൂടിന് യാതൊരു അയവും പൊതുവില്‍ പ്രതീക്ഷിക്കാനാവില്ല.
ദുബൈ, അബുദാബി, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുകയാണ്. വാഹനങ്ങളില്‍ നിന്നുണ്ടാവുന്ന അന്തരീക്ഷ മലിനീകരണവും പൊടിയുമെല്ലാം അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്നതിന് കാരണമാവുന്നുണ്ട്.
വായു അശുദ്ധമാവുന്നത് പ്രായമായവരില്‍ പല ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കും. കുഞ്ഞുങ്ങള്‍ക്കും ശ്വാസന സംബന്ധമായ അസുഖമുള്ളവര്‍ക്കും നിലവിലെ കാലാവസ്ഥ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വരും ദിനങ്ങളിലെല്ലാം താപനില 40 ഡിഗ്രിക്ക് മുകളിലാവും രാജ്യത്ത് അനുഭവപ്പെടുക. ഇന്ന് ഉച്ചക്ക് ശേഷം കിഴക്കന്‍ മലമ്പ്രദേശങ്ങളില്‍ ആകാശം മേഘാവൃതമാവാന്‍ സാധ്യതയുണ്ട്. മിതമായ തോതിലാവും കാറ്റുണ്ടാവുക. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെടാന്‍ ഇടയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

Latest