Connect with us

Gulf

രാജ്യത്തിനെതിരായ ഗൂഢാലോചന: അല്‍ ഖാഇദ സെല്ലിനെതിരെ വിധി

Published

|

Last Updated

അബുദാബി: രാജ്യത്തിനെതിരായ ഗൂഡാലോചന കേസില്‍ ഒമ്പത് പേരുള്‍പ്പെട്ട അല്‍ ഖാഇദ സെല്ലിനെതിരെ രാജ്യത്തെ സുപ്രിം കോടതി വിധി പ്രസ്താവിച്ചു. മുഖ്യ പ്രതിയായ ഫലസ്തീന്‍ സ്വദേശി റാഫത്ത് മുഹമ്മദ് ഹര്‍ബിന് ജീവപര്യന്തം തടവ് വിധിച്ചു. സുപ്രിം ഫെഡറല്‍ കോര്‍ട്ട് ചീഫ് ജസ്റ്റിസ് ഫലാഹ് അല്‍ ഹജ്‌രിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന ഭരണ സംവിധാനത്തെ അട്ടിമറിക്കാന്‍ യു എ ഇയുടെ ശത്രുക്കളുമായി ഗൂഡാലോചന നടത്തുകയും ഈ ലക്ഷ്യത്തിനായി അല്‍ നുസ്‌റ ഫ്രണ്ട് എന്ന സംഘടനയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നുമായിരുന്നു ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റം.

കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഇബ്രാഹീം ദാഗെര്‍, വാദി അബ്ദുല്‍ഖാദര്‍, റംസി സലിം, റാബി അബ്ദുല്‍ഖാദര്‍ സുലൈമാന്‍, ബദര്‍ നദര്‍ ഗസാവി, യൂസുഫ് അഹമ്മദ് എന്നിവര്‍ക്കെതിരെ ഏഴു വര്‍ഷം വീതം തടവും കോടതി വിധിച്ചിട്ടുണ്ട്. വാദി അബ്ദുല്‍ഖാദര്‍, ബദര്‍ നദര്‍ ഗസാവി എന്നിവര്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. തടവ് പൂര്‍ത്തിയായാല്‍ പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുഹമ്മദ് സുഹൈബ് ഹാദി, റുശ്ദി ബിന്‍ ഫരാഗ് എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടു. സംഘം ഉപയോഗിച്ച ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ കണ്ടുകെട്ടാനും അന്തിമ വിധിയായതിനാല്‍ കേസില്‍ ഇനി അപ്പീല്‍ പോകാനും സാധിക്കില്ല.
കേസുമായി ബന്ധപ്പെട്ട പ്രതികളുടെ അഭിഭാഷകരുടെ വാദങ്ങള്‍ രണ്ടു തവണ കോടതി കേട്ടിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ ആഴ്ച 23ന് കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുമെന്ന് സുപ്രിം ഫെഡറല്‍ കോര്‍ട്ട് വ്യക്തമാക്കിയത്. കേസില്‍ കുറ്റാരോപിതരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് തൊഴില്‍ മന്ത്രാലയം കേസ് വാദിക്കാന്‍ അഭിഭാഷകരെ നിയോഗിച്ചിരുന്നു.