Connect with us

Kerala

ചീഫ് സെക്രട്ടറിയുടെ സ്വത്ത് വിവരം: വി എസിനെ തള്ളി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണനെതിരേ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളി. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഒരു സ്വത്തും ചീഫ് സെക്രട്ടറിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ചീഫ് സെക്രട്ടറി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി സബ്മിഷനിലൂടെയാണ് വിഷയം വി എസ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഐ എ എസ് ഉദ്യോഗസ്ഥര്‍ വാര്‍ഷിക സ്വത്തുവിവര സ്‌റ്റേറ്റ്‌മെന്റ് സര്‍ക്കാറിനെ അറിയിക്കണമെന്നാണ് ചട്ടം. ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ ആസ്തി വിവര സത്യവാങ്മൂലം യഥാസമയം സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
2010 ജൂണിലാണ് എറണാകുളത്ത് ഭാര്യയുടെ പേരില്‍ ചീഫ് സെക്രട്ടറി ഫഌറ്റ് വാങ്ങിയത്. കേന്ദ്ര സര്‍വീസിലായിരുന്നിട്ടും അദ്ദേഹം ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. 2011 ജൂണില്‍ സമര്‍പ്പിച്ച ആസ്തി വിവര സ്റ്റേറ്റ്‌മെന്റില്‍ ഇതുള്‍പ്പെടുത്തിയിട്ടുണ്ട്. ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടമനുസരിച്ച് ഓരോ വര്‍ഷവും ഉദ്യോഗസ്ഥരുടെ സ്വത്തുവിവരങ്ങള്‍ മാത്രം സ്‌റ്റേറ്റ്‌മെന്റില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും. ഭാര്യയുടെയോ ബന്ധുക്കളുടെയോ സ്വത്തുവിവരങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചാല്‍ മതി.
സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണമെന്ന് ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് 2011 നുശേഷം നല്‍കിയ ആസ്ഥി വിവര സ്റ്റേറ്റ്‌മെന്റില്‍ ചീഫ് സെക്രട്ടറിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുവിവരങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് ചീഫ് സെക്രട്ടറി പ്രവര്‍ത്തിച്ചത്. ആലപ്പുഴ, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ സ്വത്തുക്കളില്ല. അതേസമയം, തൃശൂരിലുള്ളത് ഭാര്യയുടെ പേരിലുള്ള കുടുംബസ്വത്താണ്.
സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഈ ജില്ലകളിലെ രജിസ്ട്രാര്‍ ഓഫീസുകളില്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കുറ്റം ചെയ്യാത്ത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തള്ളിപ്പറയില്ല. സംസ്ഥാനതാത്പര്യത്തിനായി ജോലി നോക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിയെയും സര്‍ക്കാര്‍ അനുകൂലിക്കില്ല. ശരി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആരായാലും അവര്‍ക്കൊപ്പമുണ്ടാകും.
ഒരു മന്ത്രിയെയും ചീഫ് സെക്രട്ടറി നോക്കുകുത്തിയാക്കിയിട്ടില്ല. മന്ത്രിമാരെ മറികടക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. എ ഡി ജി പിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി കാണേണ്ടതില്ല. എ ഡി ജി പിയുടെ റിപ്പോര്‍ട്ടിംഗ് ഓഫീസര്‍ ഡി ജി പിയും റിവ്യൂവിംഗ് ഓഫീസര്‍ ചീഫ് സെക്രട്ടറിയും അക്‌സപ്റ്റിംഗ് ഓഫീസര്‍ മുഖ്യമന്ത്രിയുമാണ്. 2004 മുതല്‍ ഇതേ നടപടിക്രമങ്ങളാണ് പാലിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ ചീഫ് സെക്രട്ടറി സ്വത്തുവിവരം മറച്ചുവെച്ചതിനെക്കുറിച്ച് സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു. സ്വത്ത് വിവരം സംബന്ധിച്ച് ദിവസങ്ങള്‍ക്കു മുമ്പ് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിക്കുന്ന രേഖകളാണ് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്. ചീഫ് സെക്രട്ടറി സ്വത്ത് വിവരം മറച്ചുവെച്ചത് ഗുരുതരമായ ചട്ടലംഘനമാണ്.
സ്വത്ത് വിവരം മറച്ചുവെച്ചതിന് മധ്യപ്രദേശില്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചപ്പോള്‍ ഇവിടെ അത്തരക്കാരെ സംരക്ഷിക്കുകയാണെന്നും വി എസ് ആരോപിച്ചു.
ശ്രദ്ധക്ഷണിക്കലിന് ശേഷം വിഷയം അവതരിപ്പിക്കാന്‍ വി എസ് ശ്രമിച്ചെങ്കിലും മുന്‍കൂട്ടി അറിയിക്കാത്ത സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനുശേഷം സ്പീക്കറെ രേഖാമൂലം വിഷയം ധരിപ്പിച്ചശേഷമാണ് വി എസ് സബ്മിഷന്‍ ഉന്നയിച്ചത്.

 

Latest