Connect with us

Malappuram

നന്നംമുക്കില്‍ ഭരണം യു ഡി എഫ് തിരിച്ച് പിടിച്ചു

Published

|

Last Updated

ചങ്ങരംകുളം: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു ഡി എഫ് തിരിച്ചു പിടിച്ചു. കോണ്‍ഗ്രസിലെ റീന വേലായുധനാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. നേരത്തെ പ്രസിഡന്റായിരുന്ന സി പി എമ്മിലെ ബി ജി സുരേഷിനെ എട്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കാണ് റീന വേലായുധന്‍ പരാജയപ്പെടുത്തിയത്. യു ഡി എഫ് ഭൂരിപക്ഷമുള്ള നന്നംമുക്കില്‍ ലീഗ് കോണ്‍ഗ്രസ് പ്രശ്‌നങ്ങളെ തുടര്‍ന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളെ തുടര്‍ന്നും കഴിഞ്ഞ ഒരു വര്‍ഷം സി പി എമ്മിലെ ബിജി സുരേഷായിരുന്നു പ്രസിഡന്റ്. നേരത്തെ മൂന്ന് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ഇന്ദിര ചന്ദ്രനായിരുന്നു പ്രസിഡന്റ്. പിന്നീടാണ് മുന്നണിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടത്. എ ഗ്രൂപ്പിലെ മൂന്ന് അംഗങ്ങള്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം തിരൂരില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ഇവരെ അനുനയിപ്പിക്കുകയായിരുന്നു. എന്നാല്‍ എ ഗ്രൂപ്പ്കാര്‍ ഇപ്പോഴും പൂര്‍ണ തൃപ്തരായിട്ടില്ല. തിരഞ്ഞെടുപ്പ് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തില്‍ നിന്നും എ ഗ്രൂപ്പ് അംഗങ്ങളും ലീഗിലെ ചില അംഗങ്ങളും വിട്ടുനിന്നു. ഇത് യു ഡി എഫിലെ പ്രശ്‌നങ്ങള്‍ ഇനിയും അവസാനിച്ചില്ലെന്നാണ് പ്രകടമാകുന്നത്. പൊന്നാനി സെയില്‍ ടാക്‌സ് ഓഫീസര്‍ മാലതിയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വരണാധികാരി.