Connect with us

Thrissur

പാട്ടുരായ്ക്കല്‍ വണ്‍വേ പരിഷ്‌കാരം: നാറ്റ്പാക് സംഘം എത്തും

Published

|

Last Updated

തൃശൂര്‍: പാട്ടുരായ്ക്കല്‍ പ്രദേശത്ത് നടപ്പാക്കിയ വണ്‍വേ പരിഷ്‌കാരം പിന്‍വലിക്കാന്‍ ജനകീയ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പഠനത്തിന് നാറ്റ്പാക് സംഘം എത്തും.
പരിഷ്‌കാരം സംബന്ധിച്ച് നാറ്റ്പാക് പഠനം നടത്തുമെന്നും അതുവരെ പരിഷ്‌കാരം നിര്‍ത്തിവെക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ജനാഭിപ്രായം മാനിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ടി ഡി എ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.
ജനങ്ങളുടെ ആവശ്യം മാനിച്ച് നാറ്റ്പാക് പഠനത്തിന് ജില്ലാ പോലീസ് സൂപ്രണ്ട് പി പ്രകാശ് തന്നെ മുന്‍കൈ എടുത്ത് നാറ്റ്പാക്കിനെ ബന്ധപ്പെട്ടിരുന്നു. ഈ ആഴ്ചതന്നെ നാറ്റ്പാക്കിന്റെ വിദഗ്ധസംഘം പഠനത്തിനെത്തുമെന്ന് കരുതുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെങ്കിലും അതുവരെ പരിഷ്‌കാരം നിറുത്തിവെക്കണമെന്ന ആവശ്യത്തോട് പോലീസിനും യോജിപ്പില്ല.
ടി ഡി എ ചെയര്‍മാന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ജനകീയസമിതി പ്രതിനിധികള്‍, എം പി സി എന്‍ ജയദേവന്‍, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ, മേയര്‍ രാജന്‍ പല്ലന്‍, കലക്ടര്‍ എം എസ് ജയ, പോലീസ് കമ്മീഷണര്‍ പി പ്രകാശ് എന്നിവരെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
സ്ഥലം സന്ദര്‍ശിച്ച എം പി ജയദേവന്‍ ജനങ്ങളുടെ ആവശ്യത്തിന് പൂര്‍ണപിന്തുണ നല്‍കി. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ കലക്ടറെ വിളിച്ച് ജനകീയാവശ്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രശ്‌നം പരിഗണിക്കാന്‍ ഇന്ന് തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്താമെന്ന് മേയര്‍ രാജന്‍ പല്ലന്‍ വ്യക്തമാക്കി. മേയര്‍ യോഗം വിളിക്കട്ടെ എന്നായിരുന്നു കലക്ടര്‍ എം എസ് ജയയുടെ പ്രതികരണം. വാഹനങ്ങളുടെ വര്‍ധനക്കനുസൃതമായി റോഡ് വികസനപദ്ധതികള്‍ നടപ്പാക്കാത്തതുമൂലമുണ്ടായ ഗതാഗതകുരുക്കഴിക്കാന്‍ നിര്‍ബന്ധിതസാഹചര്യത്തിലാണ് പരിഷ്‌കാരം നടപ്പാക്കിയതെന്നും ജനങ്ങളുടെ ഏതൊരു നിര്‍ദ്ദേശവും പരിഗണിക്കാന്‍ തയ്യാറാണെന്നുമായിരുന്നു പോലീസ് കമ്മീഷണര്‍ പി പ്രകാശിന്റെ പ്രതികരണമെന്ന് കെ രാധാകൃഷ്ണന്‍ അറിയിച്ചു.
ഗതാഗതകുരുക്കഴിക്കാന്‍ നാറ്റ്പാക്കിന്റെ പഠനറിപ്പോര്‍ട്ടിനുശേഷം മാത്രം നടപടി സ്വീകരിക്കണമെന്നും അതുവരെ പരിഷ്‌കാരം നിര്‍ത്തിവെക്കണമെന്നുമുള്ള ആവശ്യം അംഗീകരിക്കാന്‍ പോലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്. സ്ഥലം കൗണ്‍സിലര്‍മാരായ സ്മിനി ഷിജോയും കെ കെ വൈദേഹിയും പ്രതിഷേധത്തിന് നേതൃത്വം നല്‍കി രംഗത്തുണ്ട്.
സി പി എമ്മും പ്രശ്‌നത്തില്‍ ജനകീയപ്രക്ഷോഭത്തിനിറങ്ങിയിട്ടുണ്ട്. പരിഷ്‌കാരത്തിനെതിരെ നോട്ടീസ് അടിച്ച് വിതരണം നടത്തി. പ്രതിഷേധവും സമരമുന്നറിയിപ്പുമായി നിരവധി ഫഌക്‌സ് ബോര്‍ഡുകളും സി പി എം ഉയര്‍ത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി ജെ പി കക്ഷികളും ഡി വൈ എഫ് ഐ യൂത്ത് കോണ്‍ഗ്രസ് സംഘടനകളും റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, പ്രദേശത്തെ എല്ലാ റസിഡന്റ്‌സ് അസോസിയേഷനുകളും ഗതാഗതപരിഷ്‌കാരത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
പുതിയ വണ്‍വേ പരിഷ്‌കാരം പാട്ടുരായ്ക്കല്‍ ജംഗ്ഷനില്‍ മാത്രം ഒതുങ്ങിയിരുന്ന ഗതാഗതകുരുക്കിനെ പ്രാദേശികമായി വ്യാപകമാക്കിയെന്നും ഇടതടവില്ലാതെ വണ്‍വേ മൂലം പ്രദേശത്തെ വീടുകളില്‍നിന്നും ഇടവഴികളില്‍ നിന്നും ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രധാന റോഡിലേക്കിറങ്ങാനാകാത്ത സ്ഥിതിയില്‍ ജീവിതംതന്നെ ദുസ്സഹമാക്കിയെന്നുമാണ് പ്രദേശവാസികളുടെ പരാതി.
ജില്ലാ സഹകരണ ബേങ്ക് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളും പുതിയ പരിഷ്‌കാരത്തില്‍ ശക്തമായ പ്രതിഷേധത്തിലാണ്. അതേസമയം പ്രദേശവാസികള്‍ക്ക് അല്പം ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും ഗതാഗതം സുഗമമായിട്ടുണ്ടെന്ന നിലപാടിലാണ് പോലീസ്.