Connect with us

Palakkad

ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: പി കെ ബിജു എം പി

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി കെ ബിജു.എം പി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
മഴയെ തുടര്‍ന്ന് കോളറ ഉള്‍പ്പെടെയുളള പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും പടരുന്നത് തടയുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ ഡോകടര്‍മാരെ നിയമിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
പാലക്കാട് ജില്ലയിലെ കുത്തന്നൂരില്‍ ദമ്പതികളായ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എം പി ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ടത്. നാലു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊതു ആരോഗ്യ സംവിധാനം ജില്ലയില്‍ താറുമാറായി കിടക്കുന്നതിന്റെ ഉത്തമോദഹരണമാണ് കോളറ ഉള്‍പ്പെടെയുളള പകര്‍ച്ചവ്യാധികളുടെ മടങ്ങി വരവ്.
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജില്ലയിലെ സര്‍ക്കാരാശുപത്രികളില്‍ ഡോക്ടര്‍മാരില്ലെന്നത് പകര്‍ച്ച വ്യാധികള്‍ പെട്ടെന്ന് പടരുന്നതിന് കാരണമാകുന്നുണ്ടെന്നും എം പി ചൂണ്ടിക്കാട്ടി.
ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ അത്യാഹിത വിഭാഗവും ഡോക്ടര്‍മാരുടെ അഭാവത്തെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ട സാഹചര്യമാണ് നിലവിലുളളതെന്നും, ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിഞ്ഞു കിടക്കുന്നത് 88 ഡോക്ടര്‍മാരുടെ തസ്തികകളാണെന്നതും എം പി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയിലെ ആശുപത്രികളില്‍ ആവശ്യമായ മരുന്നിന്റെ ക്ഷാമവും രോഗികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാത്തതിനെ തുടര്‍ന്ന് സാധാരണക്കാര്‍ക്ക് നിര്‍ബന്ധമായും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്.
ഈ സാഹചര്യം സാധാരണക്കാരെ കടുത്ത സാമ്പത്തിക ബാധ്യതയിലെത്തിക്കുന്നുണ്ട്.
കാസര്‍ഗോഡ് ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നല്‍കി വരുന്ന ഇന്‍സെന്റീവ് സ്‌കീം സമ്പ്രദായം പാലക്കാട് ജില്ലയില്‍ നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെയ്യടുക്കണമെന്നും എം പി ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ചും, അവശ്യ മരുന്നുകള്‍ ലഭ്യമാക്കിയും ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നിതിനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ആരോഗ്യവുകുപ്പ് മന്ത്രിക്കും എം പി ഫാക്‌സ് സന്ദേശം അയച്ചു

Latest