Connect with us

International

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് ഇറാന്‍ അനുമതി നല്‍കിയേക്കും

Published

|

Last Updated

തെഹ്‌റാന്‍: തങ്ങളുടെ ആണവായുധ ശേഖരങ്ങളില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് ഇറാന്‍ അനുമതി നല്‍കിയേക്കും. ഇറാനിലെ ആണവോര്‍ജ വിഭാഗം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പിനിടയിലും ആണവോര്‍ജ പരിപാടികളുമായി മുന്നോട്ടുപോകുന്ന ഇറാനുമായി ലോക രാജ്യങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2003ല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് നിബന്ധനകളോടെ ആണവ നിലയങ്ങളില്‍ സന്ദര്‍ശനത്തിന് ഇറാന്‍ അനുവദിച്ചിരുന്നെങ്കിലും പാര്‍ലിമെന്റ് ഇതിന് സാധൂകരണം നല്‍കിയിരുന്നില്ല.
നിലവില്‍ ലോക രാജ്യങ്ങളും ഇറാനും തമ്മില്‍ ആണവോര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ ഇറാന്‍ സര്‍ക്കാര്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ സാധ്യതയുള്ളതായി ഇറാനിലെ ഇര്‍ന ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു. അതേസമയം, ഈ വിഷയത്തിലെ അവസാന തീരുമാനം പാര്‍ലിമെന്റിന്റെതുമായിരിക്കും.
യു എന്‍ അംഗത്വമുള്ള അഞ്ച് ലോക രാജ്യങ്ങളും ജര്‍മനിയും ഉള്‍പ്പെടെയുള്ളവരുമായി ഇറാന്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത മാസം രണ്ടിന് നടക്കുന്ന അടുത്ത ഘട്ട ചര്‍ച്ചയില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയുമെന്നാണ് ഇരു കൂട്ടരും പ്രതീക്ഷിക്കുന്നത്.
ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യം വെച്ചാണ് ഇറാന്റെ ആണവ നീക്കങ്ങളെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. അതേ സമയം, രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇറാനും ആവര്‍ത്തിക്കുന്നു.

Latest