Connect with us

Ongoing News

ബ്രസീലിനെ വിറപ്പിച്ച് കാമറൂണ്‍ മടങ്ങി: നെയ്മര്‍ രക്ഷകന്‍

Published

|

Last Updated

ബ്രസീലിയ: 4-1 എന്ന മാര്‍ജിന്‍ ബ്രസീല്‍- കാമറൂണ്‍ മത്സരത്തെ വിലയിരുത്താന്‍ ഉതകുന്നതല്ല. സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ ബ്രസീലിന്റെ സര്‍വാധിപത്യം ഇല്ലായിരുന്നു. അതേ സമയം അതിവേഗത്തിലും ബുദ്ധിപരമായുമുള്ള ഇരച്ചുകയറ്റം ബ്രസീലിന്റെ മധ്യനിരയിലും പ്രതിരോധത്തിലും അനായാസം വിള്ളല്‍ സൃഷ്ടിക്കുമെന്ന് തുറന്നുകാണിക്കാന്‍ കാമറൂണിന് സാധിച്ചു. അല്പം ഭാഗ്യവും ഫിനിഷിംഗിലെ കണിശതയും ഉണ്ടായിരുന്നെങ്കില്‍ കാമറൂണ്‍ ബ്രസീലിനെ നിശബ്ദമാക്കുമായിരുന്നു. ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം നെയ്മറായിരുന്നു. ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ ബോയ് ഇമേജിനോട് നീതി പുലര്‍ത്തും വിധം നെയ്മര്‍ തകര്‍ത്താടുകയായിരുന്നു. അര്‍ധാവസരങ്ങള്‍ പോലും വിസ്മയിപ്പിക്കും വിധം ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ബ്രസീലിനെ വാനിലേക്കുയര്‍ത്തി. കാമറൂണ്‍ താരങ്ങളുടെ ശാരീരികമുറകളായിരുന്നു നെയ്മറിനെ പലപ്പോഴും തളച്ചിട്ടത്. എന്നാല്‍, ചില അവസരങ്ങളില്‍ അപാരമായ മെയ്‌വഴക്കത്തോടെ എതിര്‍ ഗോളിലേക്ക് ശരവേഗത്തില്‍ നെയ്മറെത്തി. ഹല്‍ക്കും ഫ്രെഡും ഫസ്റ്റ് ടച് ഗോളുകള്‍ക്ക് മടിച്ചു നിന്നില്ലായിരുന്നെങ്കില്‍ നെയ്മറിന്റെ അസിസ്റ്റുകള്‍ വര്‍ധിക്കുമായിരുന്നു. 17, 34 മിനുട്ടുകളിലായിരുന്നു നെയ്മറിന്റെ ഗോളുകള്‍. ടൂര്‍ണമെന്റിലെ നൂറാം ഗോള്‍ നെയ്മറിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഫ്രെഡ് നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ ഹെഡറിലൂടെ തന്റെ ആദ്യ ലോകകപ്പ് ഗോള്‍ കണ്ടെത്തിയെങ്കിലും അതിന് മാറ്റ് കുറവായിരുന്നു. ഓഫ് സൈഡ് പൊസിഷനില്‍ നിന്നായിരുന്നു ഫ്രെഡിന്റെ ഗോള്‍.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍നാണ്ടീഞ്ഞോ പകരക്കാരന്റെ റോളില്‍ തിളങ്ങിയത് എണ്‍പത്തിനാലാം മിനുട്ടിലെ ഗോളിലാണ്. നെയ്മര്‍ കഴിഞ്ഞാല്‍ സ്‌കൊളാരിക്ക് ഏറ്റവും സന്തോഷം നല്‍കിയത് ഫെര്‍നാണ്ടീഞ്ഞോയുടെ ആ ഗോളിലേക്കുള്ള കുതിപ്പായിരുന്നു. തന്റെ പദ്ധതികളിലുള്ള ഗോളെന്നാണ് സ്‌കൊളാരി അതിനെ വിശേഷിപ്പിച്ചത്. ബ്രസീലിന്റെ ആദ്യ ലൈനപ്പിനേക്കാള്‍ മെച്ചം രണ്ടാം ലൈനപ്പാണെന്നും മത്സരം വ്യക്തമായ ധാരണ നല്‍കി. സ്‌പെയിന്‍ കോച്ച് വിസെന്റ് ഡെല്‍ ബൊസ്‌കിന് സംഭവിച്ചതു പോലെ സെലക്ഷന്‍ പ്രശ്‌നം സ്‌കൊളാരിക്കും സംഭവിക്കുന്നത് ബ്രസീല്‍ ആരാധകരില്‍ ആശങ്കക്കിടയാക്കുന്നു.
ക്രൊയേഷ്യക്കെതിരെ തീര്‍ത്തും നിറം മങ്ങിയ മുന്നേറ്റ താരം ഹല്‍ക്ക് കാമറൂണിനെതിരെയും തന്റെ ദൗര്‍ബല്യം തുറന്നുകാണിച്ചു. തടിച്ച ശരീരവുമായി, ഒട്ടും വേഗമില്ലാതെ ഹല്‍ക്ക് മുന്നേറുമ്പോള്‍ കാമറൂണിന്റെ മാറ്റിപും എന്‍ഗ്യുമോയും ബെഡിമോയുമൊക്കെ അനായാസം പന്ത് റാഞ്ചിയെടുത്തു. തടിമിടുക്കുകൊണ്ടും ഹല്‍ക്കിന് കാമറൂണ്‍ പ്രതിരോധത്തെ മറികടക്കാന്‍ സാധ്യമായില്ല. ഹല്‍ക്കിന് പകരം റാമിറെസ് വന്നപ്പോള്‍ മാറ്റം കണ്ടു. നെയ്മറിന് പകരമെത്തിയ ചെല്‍സി താരം വില്ലെയിന്‍ ആദ്യ ലൈനപ്പില്‍ ഇടം അര്‍ഹിക്കുന്നുവെന്ന് ഓരോ നീക്കത്തിലും തെളിയിച്ചു. മധ്യനിരയിലെ മറ്റൊരു തണുപ്പന്‍ താരം പൗളിഞ്ഞോയാണ്. പകരമിറങ്ങിയ ഫെര്‍നാണ്ടീഞ്ഞോ പൗളീഞ്ഞോയുടെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിന് ഭീഷണിയാകും. പ്രത്യേകിച്ച് സ്‌കൊഌരിയുടെ പ്രശംസ പിടിച്ചു പറ്റിയ സ്ഥിതിക്ക്. അതിവേഗക്കാരനായ ബെര്‍നാഡിനെ സ്‌കൊളാരി ഇനിയും വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. വലിയ മത്സരങ്ങളില്‍ ബെര്‍നാഡിനെ പോലുള്ളവരെ സ്‌കൊളാരി കരുതിയിരിക്കുന്നതാകാം.
ഫ്രെഡിന് പകരം ഏതെങ്കിലും സ്‌കൂള്‍ താരത്തെ ഇറക്കിയാല്‍ ബ്രസീലിന് കുറേക്കൂടി സാധ്യതയുണ്ട്. ഇത്രമാത്രം നിറം മങ്ങിയ ഫ്രെഡ് ഓഫ്‌സൈഡ് ഗോള്‍ ആഘോഷിച്ചത് തന്നെ ഫുട്‌ബോളിന്റെ സ്പിരിറ്റിന് ചേര്‍ന്നതായില്ല.
നെയ്മറിന്റെ മാസ്മരിക പ്രകടനമാണ് ബ്രസീലിന് മികച്ച വിജയം സമ്മാനിച്ചത്. ഇരുപത്താറാം മിനുട്ടില്‍ അനുപമായ ഫീല്‍ഡ് ഗോളില്‍ മാറ്റിപ് കാമറൂണിന് സമനില നല്‍കിയപ്പോള്‍ ബ്രസീല്‍ ശരിക്കും ഞെട്ടിയിരുന്നു. കളിയുടെ മൊമെന്റം ആഫ്രിക്കക്കാരുടെ കാലുകളിലായി പിന്നീട്. അത് തിരികെ പിടിച്ചത് നെയ്മര്‍ തന്റെ പ്രതിഭാസ്പര്‍ശത്തോടെ നേടിയ രണ്ടാം ഗോളില്‍. ആദ്യ ഗോള്‍ ഇടത് വിംഗില്‍ നിന്നുള്ള ക്രോസിന് ഫസ്റ്റ് ടച്ചിലെ പ്ലെയ്‌സിംഗിലൂടെയെങ്കില്‍ രണ്ടാം ഗോള്‍ ഇടത് വിംഗില്‍ നിന്ന് രണ്ട് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നേടിയത്. പൊരുതിക്കളിച്ച കാമറൂണ്‍ ബ്രസീല്‍ ഗോള്‍മുഖത്ത് നിരന്തരം ഭീതി വിതച്ചു.
ഒരു കോര്‍ണര്‍കിക്കാകട്ടെ ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ തലയില്‍ തട്ടി വലയില്‍ കയറേണ്ടതായിരുന്നു. ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതോടെ സെല്‍ഫ് ഗോള്‍ ഒഴിവായി. ഒരു തവണ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് കാമറൂണ്‍ നിറയൊഴിച്ചപ്പോള്‍ മാര്‍സലോ നെഞ്ചുകൊണ്ട് തടുത്തിട്ടു.
ക്രൊയേഷ്യക്കെതിരെ സെല്‍ഫ് ഗോളടിച്ചതിന് പ്രായശ്ചിത്തം. അബൂബക്കറും മുകാന്‍ജോയും ചോപോ മോട്ടിംഗും എനോയും മികച്ച പാസിംഗുകളുമായി ബ്രസീലിന്റെ ബോക്‌സിലേക്ക് കയറുന്ന കാഴ്ച മനോഹരമായിരുന്നു. ഫിനിഷിംഗില്‍ അവര്‍ക്ക് പിഴച്ചു. ബ്രസീലാകട്ടെ, തുടക്കം മുതല്‍ ലോംഗ് പാസുകളിലൂടെ ഗോള്‍ അന്വേഷിച്ചു. ലൂയിസ് സില്‍വക്കായിരുന്നു നെയ്മറിലേക്ക് ലോംഗ് പാസുകള്‍ എത്തിക്കാന്‍ ചുമതല. ആദ്യ മിനുട്ടുകളില്‍ തന്നെ നെയ്മറിലേക്ക് മികച്ച പാസുകളെത്തുകയും ചെയ്തു. കണക്ട് ചെയ്യുന്നതില്‍ സൂപ്പര്‍ താരത്തിന് പിഴച്ചതോടെ ഗോളൊഴിവായി. ഹോളണ്ടിനോട് പരാജയപ്പെട്ട് ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ ചിലിയാണ് പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളി. മരിയോ സാംപോളിയുടെ ചിലി ടൂര്‍ണമെന്റിലെ മികച്ച അറ്റാക്കിംഗ് നിരയാണ്. പ്രതിരോധത്തിലെ പഴുതടച്ചില്ലെങ്കില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങേണ്ടി വരും. ലോകചാമ്പ്യന്‍മാരായ സ്‌പെയിനിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസം ചിലിക്ക് മുതല്‍ക്കൂട്ടാണ്. ഹോളണ്ടിനെതിരെയും മികച്ച പ്രകടനം കാഴ്ചവെച്ചാണ് തോല്‍വി സമ്മതിച്ചത്.