Connect with us

International

പി എ ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് സര്‍ക്കാറിന്റെ രൂക്ഷവിമര്‍ശകനായ തഹ്‌രീറുല്‍ ഖാദിരിയുടെ വിമാനം സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്‌ലാമാബാദിലിറക്കാതെ ലാഹോറിലേക്ക് തിരിച്ചുവിട്ടു. ലണ്ടനില്‍ നിന്ന് ദുബൈ വഴി വരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് ഇദ്ദേഹത്തിന്റെ പാര്‍ട്ടി പാക്കിസ്ഥാന്‍ അവാമി തഹ്‌രീക്(പി എ ടി) പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതോടെയാണ് ലാഹോറിലേക്ക് വിമാനം തിരിച്ചുവിട്ടത്.
പാക് സര്‍ക്കാറില്‍ അഴിമതി പിടിമുറുക്കിയിരിക്കുന്നുവെന്നും ജനവിരുദ്ധമായ നയങ്ങളുമായാണ് നവാസ് ശരീഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ആരോപിക്കുന്ന നേതാവാണ് തഹ്‌രീറുല്‍ ഖാദിരി. ഖാദിരിയും ഇദ്ദേഹത്തിന്റെ അനുയായികളും പരസ്പരം കണ്ടുമുട്ടാതിരിക്കാന്‍ പോക് പോലീസ് വിമാനത്താവളത്തിന് ചുറ്റും മാര്‍ഗതടസ്സം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധക്കാര്‍ തിരിച്ച് പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. കഴിഞ്ഞ ആഴ്ച പി എ ടിയുടെ ലാഹോറിലുള്ള ആസ്ഥാന മന്ദിരത്തിന് സമീപം പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പി എ ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
ഖാദിരിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയോ അദ്ദേഹത്തിന്റെ വിമാനം വഴി തിരിച്ചുവിടുകയോ ചെയ്താല്‍ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്നും ഇത് പി എം എല്‍- എന്നിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും ലണ്ടനില്‍ നിന്ന് ഖാദിരി യാത്ര പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞിരുന്നു.
2012 ഡിസംബറിലാണ് നിലവിലെ സര്‍ക്കാറിന്റെ ഭരണത്തെ വെല്ലുവിളിച്ച് ഖാദിരി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പി പി പി സര്‍ക്കാറിനെ താഴെയിറക്കാന്‍ ചരിത്രപ്രസിദ്ധമായ ലോംഗ് മാര്‍ച്ചിനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.
സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഇസ്‌ലാമാബാദിലും റാവല്‍പിണ്ടിയിലും സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നിരവധി മണിക്കൂറുകള്‍ മൊബൈല്‍ ഫോണുകളുടെ സര്‍വീസ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.