Connect with us

National

കോടികള്‍ വായ്പയെടുത്ത് മുങ്ങുന്ന കുത്തകകള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

Published

|

Last Updated

ന്യുഡല്‍ഹി: പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത ശേഷം തിരിച്ചടക്കാതിരിക്കുന്ന പ്രമുഖരായ 50 പേരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബേങ്ക്‌മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കോടികള്‍ വായ്പയെടുത്ത വമ്പന്മാരായ വ്യക്തികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും തങ്ങള്‍ക്കെതിരെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്. ആ വിശ്വാസം അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ആഴ്ച ധനകാര്യ സെക്രട്ടറി ജി എസ് സന്ധു ബേങ്ക് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്‍കിടക്കാരായ കുടിശ്ശികക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദേശിച്ചത്. വായ്പ തിരിച്ചടക്കാതിരുന്നാലും തങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും, എല്ലാം ചെറുകിട- ഇടത്തരക്കാരില്‍ ഒതുങ്ങുമെന്നുമുള്ള വിശ്വാസം തിരുത്തിയെടുക്കണമെന്നും ധനകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബേങ്ക്, ഐ ഡി ബി ഐ ബേങ്ക് തുടങ്ങി നിരവധി ബേങ്ക് മേധാവികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വായ്പയിലേക്ക് തിരിച്ചടവ് നടത്താത്ത വന്‍കിടക്കാരായ 50 പേരെ കണ്ടെത്തി, വായ്പ തിരിച്ചടക്കാതെ രക്ഷപ്പെടാമെന്ന ചിന്ത വേണ്ടെന്ന് കാണിച്ച് അവര്‍ക്ക് നോട്ടീസ് നല്‍കാനാണ് നിര്‍ദേശം. വന്‍കിടക്കാരില്‍ നിന്നും വായ്പ തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ലെന്ന് ബേങ്ക് ഓഫീസര്‍മാര്‍ ചൂണ്ടിക്കാട്ടി. സുദീര്‍ഘമായ നിയമ നടപടികളിലേക്ക് അവര്‍ നീങ്ങും. വായ്പ തിരിച്ചടക്കാനാവശ്യപ്പെട്ട് അയക്കുന്ന ഓരോ നോട്ടീസും അവര്‍ കോടതിയില്‍ ചോദ്യം ചെയ്യും. വായ്പ പുനഃസംഘടിപ്പിച്ച് നല്‍കാന്‍ ബേങ്കര്‍മാര്‍ക്ക് മേല്‍ ധനമന്ത്രാലയത്തില്‍ നിന്നും സമ്മര്‍ദങ്ങളും ഉണ്ടാകും. പ്രവര്‍ത്തനക്ഷമമല്ലാത്ത ആസ്തി(കിട്ടാക്കടം) കുന്നുകൂടുന്നതിലേക്കാണ് ഇത് നയിക്കുക- ബേങ്ക് ഓഫീസര്‍മാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായെങ്കിലും മറ്റെല്ലാ സംവിധാനങ്ങളും പഴയത് തന്നെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കിംഗ്ഫിഷര്‍ വിമാനക്കമ്പനിയുടെ ഉടമയും ഏറെ രാഷ്ട്രീയ സ്വാധീനവുമുള്ള വിജയ് മല്യ ബേങ്കുകള്‍ക്ക് വരുത്തിയിരിക്കുന്ന കടബാധ്യത 7,000 കോടി രൂപയാണ്. വിമാനക്കമ്പനി ഇപ്പോള്‍ അടച്ചു പൂട്ടിയിരിക്കുകയാണ്. എന്നിട്ടും മല്യയും മറ്റും തുടരുന്ന ജീവിത ശൈലി ആരേയും അമ്പരപ്പിക്കുന്നതാണ്. കോടികള്‍ കിട്ടാക്കടമായി കിടക്കുന്ന കൊല്‍ക്കത്തയിലെ യുനൈറ്റഡ് ബേങ്ക് ഓഫ് ഇന്ത്യ വിജയ് മല്യക്കെതിരെ നോട്ടീസ് അയച്ചു. പക്ഷെ ഒരു കുലുക്കവുമില്ല. വിന്‍സം ഡയമണ്ട്, സൂം ഡവലപ്പേഴ്‌സ്, എസ് കുമാര്‍സ് തുടങ്ങിയ കുത്തകകളും ബേങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടവ് നടത്താത്തവയാണ്.
പൊതുമേഖലാ ബേങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് നടത്താത്ത വന്‍കിടക്കാര്‍ 407 പേരുണ്ടെന്ന് ആള്‍ ഇന്ത്യാ ബേങ്ക് എംപ്ലോയീസ് യൂനിയന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ ബേങ്കുകള്‍ക്ക് വരുത്തിവെച്ച കുടിശ്ശിക 70,000 കോടിയാണെന്നാണ് കണക്ക്.

 

Latest