Connect with us

National

ബി ജെ പിയെ സമ്മര്‍ദത്തിലാക്കി മധ്യപ്രദേശ് പരീക്ഷാ തട്ടിപ്പ് കേസ്

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസ പരീക്ഷാ നടത്തിപ്പിനും നിയമനത്തിനുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിനെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്ത്. തനിക്കും ഭാര്യക്കുമെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ചൗഹാന്‍ പറഞ്ഞു. എന്നാല്‍ ഏത് നേതാവിനെതിരെയാണ് അപകീര്‍ത്തി കേസ് നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (എം പി പി ഇ ബി) നടത്തിയ പ്രീ മെഡിക്കല്‍ പരീക്ഷകളിലും സര്‍ക്കാറിന്റെ വിവിധ സര്‍വീസുകളിലേക്ക് നടത്തിയ നിയമനങ്ങളിലും വന്‍ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. മുഖ്യമന്ത്രി ചൗഹാന്റെയും ഭാര്യ സാധ്‌ന സിംഗിന്റെയും ഒത്താശയോടെയാണ് ക്രമക്കേടുകള്‍ നടന്നതെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ഇവര്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയെന്നുമാണ് ആരോപണം. കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിയും ചില അധ്യാപകര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്തുവെന്ന ആരോപണം വന്നതോടെ കേന്ദ്ര സര്‍ക്കാറും സമ്മര്‍ദത്തിലായിരിക്കുകയാണ്.
എം പി പി ഇ ബി കണ്‍ട്രോളര്‍ പങ്കജ് ത്രിവേദിയും സിസ്റ്റം അനലിസ്റ്റ് നിതിന്‍ മഹീന്ദ്രയും അറസ്റ്റിലായിരുന്നു. ബി ജെ പിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഖനി രാജാവ് സുധീര്‍ ശര്‍മ, മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സനന്‍ അസിസ്റ്റന്റ് പ്രേംപ്രസാദ് എന്നിവരും കേസില്‍ പ്രതികളാണ്. ഇവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നുള്ള 19 പേര്‍ മെഡിക്കല്‍ പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ടതാണ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിലേക്ക് വെളിച്ചം വീശിയത്. ബി ജെ പി നേതാവ് കൂടിയായ മുഖ്യമന്ത്രി ചൗഹാന്റെ ഭാര്യാസഹോദരനാണ് തിരുകിക്കയറ്റിയതിന് പിന്നിലെന്നാണ് ആരോപണം. പ്രീ മെഡിക്കല്‍ പരീക്ഷയില്‍ നൂറിലധികം വിദ്യാര്‍ഥികളാണ് നിയമവിരുദ്ധമായി കടന്നു കൂടിയത്. ഇവരില്‍ മിക്കവരെയും അന്വേഷണ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ അറസ്റ്റിലായവര്‍ ബലിയാടുകളാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗിദ്‌വിജയ് സിംഗ് ചൂണ്ടിക്കാട്ടി. മഞ്ഞു മലയുടെ തുമ്പ് മാത്രമാണ് ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളത്. ഇടനിലക്കാരും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട റാക്കറ്റിനെ മുഴുവനായി വെളിച്ചത്തു കൊണ്ടുവരണം. ഹൈക്കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പല വമ്പന്‍മാരും അറസ്റ്റിലാകാനുണ്ട്. അതുകൊണ്ട് സി ബി ഐ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ജയിലിലുള്ള പ്രതികളിലൊരാളുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒരു സ്ത്രീ 139 തവണ വിളിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ശക്കീല്‍ അഹ്മദ് ട്വീറ്റ് ചെയ്തിരുന്നു.
1970ല്‍ ബോര്‍ഡ് നിലവില്‍ വന്നത് മുതല്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും അന്നൊന്നും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ബി ജെ പി വാദിക്കുന്നു. അതിനിടെ, കേസിലുള്‍പ്പെട്ട ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉമാഭാരതി പ്രതികരിച്ചു.

 

Latest