Connect with us

National

ഇറാഖിലെ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇറാഖില്‍ വിമത സായുധ സംഘം ബന്ദിയാക്കിയവരെ മനുഷ്യകവചമായി ഉപയോഗിച്ചേക്കാമെന്ന റിപോര്‍ട്ടുകള്‍ക്കിടെ എല്ലാവരും സുരക്ഷിതമാണെന്ന ഉറപ്പുമായി വിദേശകാര്യ മന്ത്രാലയം. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലുള്ള മുഴുവന്‍ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് അവകാശപ്പെട്ട മന്ത്രാലയം, അവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള എല്ലാ സാധ്യതകളും ആരായുന്നുണ്ടെന്നും വ്യക്തമാക്കി.
കുടുങ്ങിക്കിടക്കുന്നവരില്‍ 17 പേരെ പുറത്തെത്തിക്കാന്‍ സാധിച്ചുവെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. തിക്‌രീത്തിലുള്ള 46 നഴ്‌സുമാര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ബന്ദികാളക്കപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ദിനംപ്രതി ശ്രമിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതില്‍ പരിമിതിയുണ്ട്. റെഡ് ക്രസന്റ് അടക്കമുള്ളവയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. നയതന്ത്ര രംഗത്ത് ചിട്ടയായ നീക്കങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. ചില വാതിലുകള്‍ തുറക്കുന്നുമുണ്ട്. എങ്കിലും ആശങ്കക്ക് തീരെ സാധ്യതയില്ലെന്ന് പറയുന്നില്ല.
പൗരന്‍മാരെ സംഘര്‍ഷ മേഖലയില്‍ നിന്ന് പുറത്തെത്തിക്കാന്‍ വൈകുന്നുവെന്നത് ആശങ്കാജനകം തന്നെയാണ്. 120 സഹായ അഭ്യര്‍ഥനകളാണ് ബഗ്ദാദിലെ ഓഫീസില്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി 300 പേര്‍ ഡല്‍ഹി കണ്‍ട്രോള്‍ റൂമുമായും ബന്ധപ്പെട്ടു. ബസ്‌റയില്‍ അഞ്ഞൂറോളംപേരുണ്ട്. എന്നാല്‍ സംഘര്‍ഷ മേഖലയില്‍ നിന്ന് ഏറെ അകലെയാണ് ഈ നഗരമെന്നതിനാല്‍ ഭയപ്പെടാനില്ല- അക്ബറുദ്ദീന്‍ പറഞ്ഞു.
ഇറാഖിലുള്ളവരുടെ ബന്ധുക്കള്‍ക്ക് controlroom@mea.gov.in. എന്ന മെയില്‍ ഐ ഡിയില്‍ ബന്ധപ്പെടാമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ബഗ്ദാദിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍ നമ്പറുകളിലും ബന്ധപ്പെടാം:+9647704444899, +9647704843247 എന്നിവയാണ് നമ്പറുകള്‍.
ജോയിന്റ് സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ദിനേന 70-80 വിളികള്‍ വരുന്നുണ്ട്. മൂസ്വിലില്‍ ബന്ദിയാക്കപ്പെട്ട 40 പേരില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. ഇയാള്‍ ബഗ്ദാദിലെ ഇന്ത്യന്‍ എംബസിയിലാണ് ഇപ്പോഴുള്ളത്.
തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുമ്പോഴും രക്ഷാ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇറാഖ് സര്‍ക്കാറിനോ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കോ സാധിച്ചിട്ടില്ല. നജഫില്‍ നൂറ് കണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ പലര്‍ക്കും തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ വിസമ്മതിക്കുകയാണ്. മാസങ്ങളായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു.