Connect with us

Articles

ദുര്‍ബല വിഭാഗങ്ങളോട് നമ്മള്‍ ചെയ്തുകൂട്ടുന്നത്‌

Published

|

Last Updated

ഓരോ മഴ പെയ്‌തൊഴിയുമ്പോഴും മാറാവ്യാധികളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഇനിയെങ്കിലും ഒന്ന് പരിശോധിക്കണം. തകര്‍ന്നടിഞ്ഞ ജീവിത ചുറ്റുപാടുകളില്‍ നിന്ന് ഏന്തിവലിഞ്ഞുവന്ന് ആശുപത്രി വരാന്തകളില്‍ നിരന്നു നില്‍ക്കുന്ന ഇക്കൂട്ടരുടെ എണ്ണമെടുത്താല്‍ ആരും അതിശയപ്പെടില്ല. എന്നാല്‍ മാറാവ്യാധികള്‍ക്ക് മരുന്ന് പുരട്ടാന്‍ ഓരോ വര്‍ഷവും നാം കെട്ടിയിറക്കുന്ന പദ്ധതികളുടെയും അതില്‍ കൈയിട്ട് വാരി മണിമാളിക പണിതവരുടെയും കണക്കൊന്ന് ചികഞ്ഞെടുത്താല്‍ ചിലപ്പോള്‍ നാം അമ്പരന്നു പോയേക്കാം. ആദിവാസികളും ദളിതരുമടങ്ങുന്ന ദരിദ്ര ജനവിഭാഗത്തില്‍പ്പെട്ടവര്‍ എവിടെയായിരുന്നാലും അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും എപ്പോഴുമുണ്ടാകുന്നില്ലെന്ന സത്യം അവരെ പോലെ തന്നെ നമ്മളും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അപരിഷ്‌കൃതരെന്ന് നാം മുദ്ര കുത്തുന്ന ആദിവാസി, ദളിത് പിന്നാക്ക വിഭാഗങ്ങള്‍ ഇപ്പോഴും എന്തുകൊണ്ടാണ് പിന്‍ബെഞ്ചിലിരിക്കേണ്ടി വരുന്നുവെന്നതെന്നതിനെക്കുറിച്ച് വലിയൊരന്വേഷണം നടത്തേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. കണ്ണൂരിലെ ആറളത്തുള്‍പ്പെടെ ദീര്‍ഘകാലമായി നടക്കുന്ന ആദിവാസി സമരങ്ങളോട് ഇപ്പോഴും പുറം തിരിഞ്ഞു നില്‍ക്കുന്നതെന്തിനാണെന്ന് ആരെങ്കിലുമൊരു ചോദ്യമുന്നയിച്ചാല്‍ അതിന് മറുപടി പറയാനുള്ള ബാധ്യതയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുണ്ടെന്ന് പറയാതെ വയ്യ. പിന്നാക്കക്കാരനാണെന്ന് സ്വയം പ്രഖ്യാപിച്ച് അധികാരത്തിലെത്തിയവര്‍ പോലും അധികാരത്തിന്റെ ശീതളിമയില്‍ പുതച്ചു മൂടിക്കിടന്നുറങ്ങുന്ന പതിവു കാഴ്ചകള്‍ക്ക് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല.
സമൂഹത്തിന്റെ വികസനമെന്നുദ്ദേശിക്കുന്നത് സര്‍വതല സ്പര്‍ശിയായ അടിസ്ഥാനപരമായ മാറ്റവും പുരോഗമനവുമായിരിക്കണമെന്നാണ് പറയാറ്. കേരളത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നുവെന്ന് നാം അഭിമാനപൂര്‍വം പറയുമ്പോള്‍ ആദിവാസികളുടെയും പട്ടിക ജാതിക്കാരുടെയും മറ്റ് പിന്നാക്ക വിഭാഗക്കാരുടെയും ജീവിതത്തില്‍ എത്രത്തോളം മാറ്റം വന്നുവെന്ന് വിലയിരുത്തേണ്ടതുണ്ട്. അടിത്തട്ടിലെ ആളുകളുടെ ചുറ്റുപാട് അനുദിനം വഷളായിക്കൊണ്ടിരിക്കെ, മലയാളികളുടെ നിലവാരം വര്‍ധിച്ചുവെന്ന് ഏത് അടിസ്ഥാനത്തിലാണ് നാം സമര്‍ഥിക്കുക? 2007 മുതല്‍ 2012 വരെയുള്ള പഞ്ചവത്സര പദ്ധതിയില്‍ പോലും ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനമാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെങ്കിലും എത്രത്തോളമത് ഫലപ്രാപ്തി കൈവരിച്ചുവെന്നത് നമുക്ക് തന്നെ അറിയാവുന്ന കാര്യമാണ്. പ്രാദേശിക വികസനത്തിലൂടെ സമൂഹത്തിലെ താരതമ്യേന കൂടുതല്‍ ദരിദ്രരായവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് പതിനൊന്നാം പദ്ധതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഒമ്പതും പത്തും പഞ്ചവത്സര പദ്ധതി കാലയളവില്‍ പട്ടികവര്‍ഗ വികസന മേഖലയില്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതത്തോടെയാണ് പതിനൊന്നാം പദ്ധതിയില്‍ ദരിദ്രരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന പരിഗണന നല്‍കിയത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന വികസനപ്രക്രിയായ കഴിഞ്ഞ പഞ്ചവത്സര പദ്ധതി പൂര്‍ണമായും നടപ്പാക്കുമെന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രത്യേക ഉറപ്പും നല്‍കിയിരുന്നു. വീട്, വൈദ്യുതി, വെള്ളം, കക്കൂസ്, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ പാവപ്പെട്ടവര്‍ക്ക് കൃത്യമായി നല്‍കാനായിരുന്നു കോടികള്‍ നിരത്തിയുള്ള വികസന പദ്ധതിയില്‍ പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാല്‍ ഏറ്റവുമൊടുവില്‍ കിട്ടിയ ചിത്രങ്ങളനുസരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചതൊന്നും എവിടെയും നന്നായി നടപ്പായില്ലെന്ന് മാലോകര്‍ക്കാക്കെ മനസ്സിലാകുകയും ചെയ്തു.
പട്ടികജാതി, പട്ടികവര്‍ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റവുമൊടുവില്‍ നടത്തിയ സര്‍വേ മാത്രം കണ്ടാല്‍ മതി ഇക്കാലമത്രയും നടത്തിയ ഒരു പദ്ധതിയും ഫലവത്തായില്ലെന്ന് മനസ്സിലാക്കാന്‍. സര്‍വേയിലൂടെ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്ത് 1,00,912 കുടുംബങ്ങളിലായി 4,01,401 പട്ടികവര്‍ഗ ജനസംഖ്യയുണ്ടെന്നാണ് കണക്ക്. 2001ലെ സെന്‍സസില്‍ നിന്ന് 10.2 ശതമാനം വര്‍ധവാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍, കുറുമ്പന്‍, കാടര്‍, കൊറഗര്‍ തുടങ്ങിയ പ്രാക്തന ഗോത്രവര്‍ഗങ്ങളുള്‍പ്പെടെ 33 പട്ടികവര്‍ഗ സമുദായങ്ങള്‍ സംസ്ഥാനത്തധിവസിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേക ഗോത്രവര്‍ഗങ്ങളായി അംഗീകരിച്ച അഞ്ച് സമുദായങ്ങളിലായി 26,273 അംഗങ്ങളുണ്ടെന്നും സെന്‍സസില്‍ വ്യക്തമാക്കുന്നുണ്ട്. പട്ടികവര്‍ഗ വനിതകളില്‍ 20,301 പേര്‍ വിധവകളാണെന്നും 887 പേര്‍ അവിവാഹിത അമ്മരാണെന്നും കണക്കെടുപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. മുഖ്യ കുടുംബങ്ങളോടൊപ്പം സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തതു കൊണ്ട് 16,027 ഉപ കുടുംബങ്ങള്‍ കൂടി താമസിക്കുന്നുണ്ടെന്നത് പട്ടികവര്‍ഗക്കാരുടെ ശോചനീയമായ ജീവിതാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. ഭൂമി വിതരണത്തിനായി കഴിഞ്ഞ രണ്ട് പദ്ധതികളിലും കോടികള്‍ മാറ്റിവെച്ചിരുന്നുവെങ്കിലും അവയുടെ വിനിയോഗം എത്രത്തോളം കാര്യക്ഷമമായിരുന്നുവെന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തമാകും. പട്ടികവര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്ന ആകെയുള്ള 4,644 ഊരുകളില്‍ 361 ഊരുകള്‍ എത്തിച്ചേരാന്‍ നടപ്പാത പോലുമില്ലാത്തവയാണെന്നതാണ് മറ്റൊരു പ്രധാന വസ്തുത. കാടിന്റെയും വെള്ളക്കെട്ടുകളുടെയും നടുവിലായി ഒറ്റപ്പെട്ട് കഴിയുന്നവരാണ് ഇക്കൂട്ടര്‍. എത്രയോ വര്‍ഷങ്ങളായി ഇതിന് യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് വയനാട്ടിലോ കാസര്‍കോട്ടോ ഉള്ള ഏതെങ്കിലുമൊരു പട്ടികവര്‍ഗമേഖലയില്‍ ചെന്നാല്‍ മനസ്സിലാകും. 7,789 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് യാതൊരു വിധ ചികിത്സാസൗകര്യവും പ്രാപ്തമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പട്ടികവര്‍ഗക്കാരില്‍ 24,044 പേര്‍ ഭിന്നശേഷിയുള്ളവരാണ്. അവരില്‍ 14,036 പേര്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും 2,386 പേര്‍ മാനസികരോഗികളും 3,133 പേര്‍ ഒന്നിലധികം വെല്ലുവിളികള്‍ നേരിടുന്നവരുമാണ്. പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ നിത്യരോഗികളായ 40,323 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും കണക്കുകളില്‍ പറയുന്നു. 4,614 കുടുംബങ്ങളാണ് ഭൂരഹിതരായിട്ടുള്ളത്. 8,781 കുടുംബങ്ങള്‍ ഭവനരഹിതരും. സംസ്ഥാനത്തെ 49 ശതമാനം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും കക്കൂസ് സൗകര്യമില്ലെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്ന് സര്‍വേ നടത്തിയ തദ്ദേശസ്ഥാപനമായ “കില” തന്നെ പറയുന്നുണ്ട്. 59 ശതമാനം വൈദ്യുതീകരിക്കാത്ത വീടുകളും പട്ടിക വര്‍ഗമേഖലയുടെ ശോചനീയാവസ്ഥയെ വെളിപ്പെടുത്തുന്നവയാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. വന്യമൃഗഭീഷണിയുള്ള 1,303 ഊരുകളും പട്ടികവര്‍ഗവിഭാഗങ്ങളുടെതായുണ്ട്. സാമൂഹിക സുരക്ഷാപദ്ധതികളൊന്നും തന്നെ ഇവര്‍ക്ക് പൂര്‍ണമായും ലഭിക്കുന്നില്ലെന്നാണ് സര്‍വെയുടെ മറ്റൊരു പ്രധാന കണ്ടെത്തല്‍. 17 ശതമാനം പേര്‍ക്ക് മാത്രമാണ് വിധവാ പെന്‍ഷനെങ്കിലും ലഭിക്കുന്നത്.
സര്‍വേ ഡാറ്റ ക്രോഡീകരിച്ച് ലഭിച്ച വിവരങ്ങളനുസരിച്ച് സംസ്ഥാനത്ത് 26,342 പട്ടികജാതി സങ്കേതങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. പട്ടികജാതിക്കാര്‍ക്കിടയില്‍ സാക്ഷരതയില്‍ മുന്നേറ്റമുണ്ടെങ്കിലും ഉന്നതബിരുദം നേടുന്നവരുടെയെണ്ണം കുറവാണ്. ഗാര്‍ഹിക കക്കൂസോ പൊതു കക്കൂസോ ഇല്ലാത്ത 70,000ത്തോളം പട്ടികജാതി കുടുംബങ്ങള്‍ ഉണ്ടെന്നുള്ളത് ഇവരുടെ പിന്നാക്കാവസ്ഥയുടെ നേര്‍ക്കാഴ്ചകളാണ്.
ആദിവാസികള്‍ക്കും പട്ടികവര്‍ഗ, പട്ടികജാതി വിഭാഗങ്ങള്‍ക്കുമായി തയ്യാറാക്കിയ നിയമങ്ങളും ഭരണഘടനാവകാശങ്ങളും കൃത്യമായി ലഭിക്കാത്തതാണ് അഥവാ അനുവദിച്ചു നല്‍കാത്തതാണ് അവര്‍ക്കെതിരെയുള്ള ചൂഷണങ്ങളും പ്രശ്‌നങ്ങളും വര്‍ധിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2006ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കിയ വനാവകാശ നിയമം പൂര്‍ണമായി നടപ്പാക്കാനാകാത്തതിനെ ഒരുദാഹരണമായി എടുത്തുപറയാം. പാരമ്പര്യമായി വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്കും 75 വര്‍ഷമായി താമസിക്കുന്ന അനാദിവാസികള്‍ക്കുമാണ് വനാവകാശ നിയമം ബാധകമാക്കിയിരുന്നത്. വനോത്പന്നങ്ങള്‍ ഭാഗികമായി അനുഭവിക്കാനും വനത്തില്‍ കൃഷിഭൂമി കൈവശം വെച്ച് കൃഷി ചെയ്യാനുള്ള ഉടമസ്ഥാവകാശവും വനം കാത്ത് പരിപാലിക്കാനുള്ള അവരുടെ ബാധ്യത കൂടിയായും നിയമം നിര്‍വചിക്കുന്നുണ്ട്. 2006ല്‍ പാസാക്കിയ ഈ ചട്ടങ്ങള്‍ 2008ല്‍ ദേശീയ തലത്തില്‍ നടപ്പാക്കി തുടങ്ങിയെങ്കിലും കേരളത്തില്‍ ഇത് ഭാഗികമായി മാത്രമാണ് നടപ്പാക്കപ്പെട്ടത്. വനത്തില്‍ നിന്ന് ഉപജീവനത്തിനായി ആവശ്യമുള്ള വിഭവങ്ങള്‍ ശേഖരിക്കുന്നതുള്‍പ്പെടെ 12 ഓളം അവകാശങ്ങള്‍ ഈ നിയമത്തില്‍ പറയുന്നുണ്ട്. മൃഗങ്ങളെ വേട്ടയാടുന്നതൊഴികെയുള്ള അവകാശങ്ങള്‍ എന്ന് ചുരുക്കിപ്പറയാം. അതില്‍ മര്‍മപ്രധാനമായ ഭാഗം ജൈവസംരക്ഷണത്തില്‍ വനവാസികളുടെ സ്ഥാനം ഉറപ്പിച്ചു പറയുന്നതാണ്. അതവരുടെ അവകാശവും ബാധ്യതയുമായാണ് നിയമം വിശദീകരിക്കുന്നത്. ഈ ഭാഗം ആസൂത്രിതമായി ഒഴിവാക്കിക്കൊണ്ട് ഇവര്‍ക്ക് “കുടികിടപ്പ്” കൊടുക്കുന്നതിലേക്ക് കേരള സര്‍ക്കാര്‍ വനാവകാശത്തെ ചുരുക്കിക്കളഞ്ഞുവെന്നാണ് ആക്ഷേപം. ഭൂമിയുണ്ടെങ്കിലും അതങ്ങനെ എല്ലാവര്‍ക്കും കൊടുക്കാന്‍ കഴിയില്ലെന്ന മനോഭാവമാണ് സര്‍ക്കാറിനുള്ളതെന്നാണ് ആദിവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. എത്രയേറെ പദ്ധതികള്‍ രൂപവത്കരിച്ചാലും കോടികള്‍ ബജറ്റില്‍ അനുവദിച്ചാലും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി നടത്തിക്കൊടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് പ്രത്യേക വൈമനസ്യമാണുള്ളതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി സംഘടനകള്‍ പറയുന്നു. അനുവദിച്ച പദ്ധതികള്‍ നടപ്പാക്കിക്കിട്ടാന്‍ സമരങ്ങളുടെ പരമ്പര തന്നെ വേണ്ടിവരുന്നുവെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.
പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുകയാണെന്നാരോപിച്ച് ഒരു മാസത്തിലധികമായി കണ്ണൂരില്‍ ആദിവാസികളുടെ സത്യഗ്രഹം നടന്നുവരികയാണ്. ജനിതക രോഗങ്ങളെ വിളിച്ചു വരുത്തുന്ന ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കണമെന്നതാണ് അവര്‍ നടത്തുന്ന സമരത്തിലെ മുദ്രാവാക്യം. ആദിവാസി ക്ഷേമത്തിനെന്ന പേരില്‍ രൂപം നല്‍കിയ കമ്പനി, പാട്ടത്തിന് സ്വകാര്യമുതലാളിമാര്‍ക്ക് ഭൂമി നല്‍കുകയും അവര്‍ അതില്‍ പൈനാപ്പിള്‍ കൃഷി നടത്തുകയുമാണ്. ഏക്കറുകണക്കിന് ഭൂമി കൈയേറി നടത്തുന്ന പൈനാപ്പിള്‍ കൃഷിക്ക് മാരക വിഷം തളിച്ചാണ് കീടബാധയകറ്റുന്നത്. ഒട്ടേറെ ജനിതകവൈകല്യങ്ങള്‍ക്ക് കാരണമാകുന്ന രാസവിഷപദാര്‍ഥങ്ങള്‍ തളിക്കാന്‍ മറ്റേതു മേഖലയായാലും പാട്ടത്തിനെടുത്തവര്‍ മടിച്ചേക്കാം. എന്നാല്‍ ആദിവാസികേന്ദ്രങ്ങളില്‍ ആരും ചോദ്യം ചെയ്യില്ലെന്നും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നുമുള്ള തിരിച്ചറിവായിരിക്കാം ഇവരെ ഇതിന് പ്രേരിപ്പിച്ചത്. പൈനാപ്പിള്‍ കൃഷിയില്‍ ആകൃഷ്ടരായി ആറളത്തെ ആദിവാസി മേഖലകളിലേക്ക് കാട്ടാനകളുള്‍പ്പെടെ കടന്നുചെന്ന് അവ ആദിവാസികളെ കൊല്ലുന്നത് പതിവ് വാര്‍ത്തയായിട്ടും ഒന്നും ചെയ്യാനാകാതെ ഭരണകൂടം കൈമലര്‍ത്തുകയാണ്. ഒടുവില്‍ ഗതികെട്ട് സമരം ചെയ്യേണ്ടി വരുന്ന ആദിവാസികള്‍ക്ക് നേരെ ഒന്ന് കണ്ണ് പായിക്കാനുള്ള ആര്‍ജവം പോലും ഭരണതലപ്പത്തുള്ളവര്‍ കാട്ടുന്നില്ലെന്നതാണ് കഷ്ടം.
കേരളത്തിന്റെ പൊതുആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിരിക്കെ, ആദിവാസികളുടെ ജീവിതദൈര്‍ഘ്യം അടുത്ത കാലത്ത് 75ല്‍ നിന്ന് 59 ആയി കുറഞ്ഞു. ചികിത്സിക്കാന്‍ മികച്ച ആശുപത്രികളില്ലാത്തതും നല്ല വിദ്യാഭ്യാസമില്ലാത്തതും മാത്രമല്ല ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ഇവര്‍ക്കിടയില്‍ ജീവിതനൈരാശ്യം ബാധിച്ചു. ദളിതരുടെയും പിന്നാക്ക സമുദായത്തില്‍പ്പെട്ടവരുടെയും താഴെത്തട്ടിലുള്ളവരുടെയും അവസ്ഥയും ഇതുതന്നെയാണ്. അവരുടെ അവസ്ഥയെക്കുറിച്ച് ചോദിക്കാനും പരാതികള്‍ കേള്‍ക്കാനും ആരുമില്ല. ആദിവാസികള്‍ക്ക് വോട്ട് ശക്തിയില്ലെന്ന ബലഹീനതയാണ് ഇത്രയും കാലം പറഞ്ഞിരുന്നത്. എന്നാല്‍ ആദിവാസികള്‍ക്ക് വോട്ട് ശക്തിയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടും എന്തിനാണിങ്ങനെ ഇവരെ അവഗണിച്ചുകൊണ്ടേയിരിക്കുന്നത്?

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest