Connect with us

Ongoing News

മണി ചെയിന്‍ കേസ്: വിചാരണക്ക് പ്രത്യേക കോടതി ആരംഭിക്കുന്നു

Published

|

Last Updated

തൃശൂര്‍: മണി ചെയിന്‍ തട്ടിപ്പ് കേസുകള്‍ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിനുള്ള അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം രൂപവത്കരിച്ച പ്രത്യേക കോടതിയുടെ മജിസ്‌ട്രേറ്റായി കെ സോമനെ നിയോഗിച്ചിട്ടുണ്ട്. തൃശൂരില്‍ അഡീഷനല്‍ മുന്‍സിഫ് കോടതിയില്‍ മജിസ്‌ട്രേറ്റായി സേവനം അനുഷ്ഠിച്ചുവരികയാണ് ഇദ്ദേഹം.
നാനോ എക്‌സല്‍ കേസ് ഉള്‍പ്പെടെ കേരളത്തിലെ വിവിധ കോടതികളിലുള്ള മണി ചെയിന്‍ തട്ടിപ്പ് കേസുകളാണ് ഈ കോടതിയുടെ പരിഗണനക്ക് വരിക. മണി ചെയിന്‍ തട്ടിപ്പ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്തെ ആദ്യത്തെ കോടതിയാണ് തൃശൂരില്‍ സ്ഥാപിതമായത്. തൃശൂര്‍ സി ജെ എം കോടതിയിലുള്ള 600ലേറെ കേസുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ കോടതികളിലായുള്ള 880 നാനോ എക്‌സല്‍ മണി ചെയിന്‍ തട്ടിപ്പ് കേസുകള്‍ കൈകാര്യം ചെയ്യാനാണ് ഈ കോടതി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്.
കോടതിയില്‍ 20 ജീവനക്കാരെ നിയോഗിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതെങ്കിലും മൂന്ന് സ്ഥിരം ജീവനക്കാരെയും ആറ് താത്കാലിക ജീവനക്കാരെയുമാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.