Connect with us

Ongoing News

റെയില്‍വേ നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധിക്കാന്‍ കെ പി സി സി ആഹ്വാനം

Published

|

Last Updated

തിരുവനന്തപുരം: സാധാരണ ജനജീവിതം ദുരിതത്തിലാക്കിയ റെയില്‍വേ ചാര്‍ജ് വര്‍ധനക്കെതിരെ പ്രതിഷേധിക്കാന്‍ കെ പി സി സി ആഹ്വാ നം. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും കൂട്ടിയത് ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് വര്‍ധനവാണ്.
എല്ലാ ക്ലാസ്സുകളിലും ഒരു പോലെ നിരക്ക് വര്‍ധിപ്പിക്കുന്നതും ചരക്ക് കൂലിയുടെ വര്‍ധനവും സാധാരണക്കാരുടെ ജീവിതത്തില്‍ തീകോരി ഇടുന്നതിനു തുല്യമാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍ ചൂണ്ടിക്കാട്ടി.
ചരക്കുകൂലി വര്‍ധന ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. നാസിക്കില്‍ നിന്ന് സവാളയും ആന്ധ്രയില്‍ നിന്ന്് അരിയും മറ്റു പലവ്യഞ്ജനവും തമിഴ്‌നാട്ടില്‍ നിന്നു പച്ചക്കറിയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു നിത്യോപയോഗ സാധനങ്ങളും കേരളത്തിലെത്തുമ്പോള്‍ അതിനു തീപിച്ച വിലക്കയറ്റമുണ്ടാകുമെന്ന് ഹസ്സന്‍ പറഞ്ഞു. സീസണ്‍ ടിക്കറ്റുകാരോട് കടുത്ത ക്രൂരതയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.
റെയില്‍വേ ബജറ്റിനു കാത്തുനില്‍ക്കാതെ പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കി റെയില്‍വേ നിരക്കുകള്‍ പ്രഖ്യാപിച്ചത് കേരളത്തില്‍ ഒരു വാഗണ്‍ ട്രാജഡിയുടെ പ്രതീതി സൃഷ്ടിച്ചിരിക്കുകയാണെ് എം എം ഹസ്സന്‍ കുറ്റപ്പെടുത്തി.

 

Latest