Connect with us

Kollam

അന്തര്‍സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാനി അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: ആന്ധ്രാപ്രദേശിലെ രവികാന്തം എന്ന സ്ഥലത്ത് നിന്ന് കഞ്ചാവ് ശേഖരിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനി പിടിയില്‍. തൃശൂര്‍ ജില്ലയിലെ തലപ്പള്ളി വരവൂര്‍ വില്ലേജില്‍ മഞ്ചേശ്വരി വീട്ടില്‍ രമേശാണ്(25) തൃശൂര്‍ ചെറുതുരുത്തിയില്‍ നിന്ന് അറസ്റ്റിലായത്.
2012 സെപ്തംബര്‍ 13ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം രവികാന്തത്ത് വെച്ചാണ് 75 കിലോഗ്രാം കഞ്ചാവുമായി ഇടുക്കി സ്വദേശിയായ രാജേഷുമൊത്ത് രമേശ് പിടിയിലായത്. ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ രമേശ് അവിടെ വെച്ച് കൊല്ലം സ്വദേശി മനുവിനെ പരിചയപ്പെട്ടു. ജയില്‍ മോചിതനായ രമേശ് കായംകുളത്തും കൊല്ലത്തും മനു, സുല്‍ഫിക്കര്‍ എന്നിവര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കും.
രമേശിന്റെ വടക്കാഞ്ചേരിയിലുള്ള ബേങ്ക് അക്കൗണ്ടില്‍ തുക എത്തിച്ച ശേഷമാണ് കഞ്ചാവ് എത്തിക്കുന്നത്. മനുവിനെയും ആന്ധ്രാ പോലീസ് 75 കിലോ കഞ്ചാവുമായി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് ജീപ്പുകളിലും ട്രെയിനുകളിലുമാണ് കഞ്ചാവ് എടുക്കാന്‍ പോകുന്നത്. കൊല്ലം ജില്ലയില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ സുല്‍ഫിക്കര്‍, മനു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആന്ധ്രയില്‍ നിന്ന് ഒരു കിലോക്ക് 3,000 രൂപക്ക് ശേഖരിക്കുന്ന കഞ്ചാവ് കേരളത്തില്‍ 12,000 മുതല്‍ 20,000 വരെ രൂപക്കാണ് വില്‍ക്കുന്നത്. സേവ് ക്യാമ്പസ്, ക്ലീന്‍ ക്യാമ്പസ് എന്ന ആഭ്യന്തര വകുപ്പിന്റെ പദ്ധതി പ്രകാരം കൊല്ലം എ സി പി. കെ ലാല്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്.
സി ഐ സുരേഷ് വി നായരുടെ നേതൃത്വത്തില്‍ എസ് ഐ ഗോപകുമാര്‍, എ എസ് ഐ രാജേന്ദ്രന്‍ പിള്ള, രാജന്‍ലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജ്‌മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, ഹരി എന്നിവരടങ്ങിയ സംഘമാണ് രമേശിനെ അറസ്റ്റ് ചെയ്തത്.