Connect with us

Ongoing News

ഡെപ്യൂട്ടി കലക്ടറുടെ മരണം ഡി വൈ എസ് പി അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: ഡെപ്യൂട്ടി കലക്ടര്‍ പ്രസന്നകുമാറിന്റെ അസ്വാഭാവിക മരണത്തെക്കുറിച്ച് ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി നിയമസഭയെ അറിയിച്ചു. നിലവില്‍ നൂറനാട് എസ് ഐ കേസ് അന്വേഷിച്ചുവരികയാണ്. നൂറനാടുള്ള ലഹരിവിരുദ്ധ ചികിത്സാ കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്രസന്നകുമാറിന്റെ മരണം കൊലപാതകമാണെന്നുന്നയിച്ച് വി ശിവന്‍കുട്ടി എം എല്‍ എ നടത്തിയ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആറടിയോളം പൊക്കവും ഒത്ത ശരീരവുമുള്ള പ്രസന്നകുമാര്‍ ബാത്ത്‌റൂമിലെ ടൗവല്‍ ബാറില്‍ തൂങ്ങിമരിച്ചുവെന്നത് വിശ്വസനീയമല്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. കടകംപള്ളി, കളമശേരി ഭൂമിതട്ടിപ്പ് കേസുകളില്‍ ബന്ധമുള്ള പ്രസന്നകുമാറിന്റെ മരണം ദുരൂഹമാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. എന്നാല്‍ കടകം പള്ളി ഭൂമിതട്ടിപ്പ് കേസില്‍ വിജിലന്‍സ് പ്രസന്നകുമാറിനെ ചോദ്യം ചെയ്തിട്ടില്ലെന്നും കളമശേരി തട്ടിപ്പ് കേസില്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നൂറനാടുള്ള കെ സി എം ലഹരിവിരുദ്ധ കേന്ദ്രത്തില്‍ മരിച്ച പ്രസന്നകുമാറിന്റെ മൃതദേഹം ചെങ്ങന്നൂര്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍, നടന്നത് തൂങ്ങിമരണമാണെന്നും ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ അന്തിമ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയൂ എന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

Latest