Connect with us

Idukki

പൊരിവെയിലില്‍ അസംബ്ലി; വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ കുഴഞ്ഞു വീണു

Published

|

Last Updated

തൊടുപുഴ: കുമളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അസംബ്ലി വെയിലത്ത് രണ്ട് മണിക്കൂര്‍ നീണ്ടതോടെ 40 കുട്ടികള്‍ തലചുറ്റി വീണു. തീര്‍ത്തും അവശനായി ഗുരുതര നിലയിലായ ഒരു കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേക്കടിയിലെ സ്വകാര്യ സ്‌കൂളിലെ കായിക വിഭാഗത്തിന്റെ ഹൗസ് ഓപ്പണിംഗ്് പരിപാടിയുടെ ഭാഗമായി ബുധനാഴ്ച നടന്ന അസംബ്ലിയിലാണ് അധികൃതര്‍ വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നിര്‍ത്തിയത്. തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ കുട്ടികള്‍ ഒന്നൊന്നായി തളര്‍ന്നുവീണു. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ കുമളി സി ഐയുടെ സാന്നിധ്യത്തിലാണ് ക്രൂരത അരങ്ങേറിയത്.
തളര്‍ന്നുവീണ കുട്ടികളെ ക്ലാസുകളിലേക്ക് മാറ്റിയെങ്കിലും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന റോസാപ്പൂക്കണ്ടം സ്വദേശി രാജന്റെയും മിനിയുടെ മകന്‍ പ്രപഞ്ചിന്റെ നില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
രാവിലെ 9.30 മുതല്‍ 11.30 വരെ അസംബ്ലി തുടര്‍ന്നെന്നാണ് കുട്ടികള്‍ പറയുന്നത്. എന്നാല്‍ 10.10 മുതലാണ് അസംബ്ലി ആരംഭിച്ചതെന്നും ഏഴ് കുട്ടികള്‍ക്ക് മാത്രമാണ് ക്ഷീണം അനുഭവപ്പെട്ടതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇടുക്കി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു.

 

Latest