Connect with us

Eranakulam

മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു; വില കുതിക്കുന്നു

Published

|

Last Updated

കൊച്ചി: ട്രോളിംഗ് നിരോധത്തെ തുടര്‍ന്ന് കേരളത്തില്‍ മത്സ്യത്തിന്റെ വില കുതിച്ചുയര്‍ന്നു. മത്തിയുടെ വില കിലോക്ക് 170 രൂപയിലെത്തി. അയലക്ക് 220 രൂപ വരെ വിലയുണ്ട്. നെയ്മീനിന്റെ വില കിലോക്ക് 800 രൂപയാണ്. ട്രോളിംഗ് നിരോധത്തിന്റെ ഫലമായി മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചു കയറാന്‍ കാരണം. 3,500 ഓളം മത്സ്യ ബന്ധന ബോട്ടുകള്‍ കടലില്‍ പോകാതാകുകയും പരമ്പരാഗത വള്ളങ്ങള്‍ക്ക് വേണ്ടത്ര മത്സ്യം ലഭിക്കാതിരിക്കുകയും ചെയ്തതോടെ കടല്‍ മത്സ്യത്തിന് വന്‍ ഡിമാന്‍ഡാണ്. മണ്‍സൂണ്‍ ദുര്‍ബലമായതും മത്സ്യത്തിന്റെ ലഭ്യതയെ ബാധിച്ചതായി സമുദ്ര മത്സ്യ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മഴ കുറഞ്ഞതിനാല്‍ തീരക്കടലിലെ വെള്ളത്തിന് തണുപ്പ് കുറവായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തീരക്കടലിലെ വെള്ളത്തിന് തണുപ്പേറുമ്പോഴാണ് മത്തി പോലുള്ള മത്സ്യങ്ങള്‍ തീരക്കടലിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുന്നത്.
എന്നാല്‍ മഴ കുറവാകുകയും വെള്ളം വേണ്ടത്ര തണുക്കാതിരിക്കുകയും ചെയ്തതോടെ മത്സ്യങ്ങള്‍ തീരക്കടലില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ അളവിലാണ് ആണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മത്സ്യം ലഭിച്ചത്. പ്രതികൂല കാലാവസ്ഥ മൂലം പല ദിവസവും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും കഴിഞ്ഞില്ല.
മത്സ്യ ലഭ്യത കുറഞ്ഞതോടെ ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്ന വിലയുടെ ഇരട്ടിയിലധികമായി. കഴിഞ്ഞ ജൂണില്‍ മത്തിയുടെ വില കിലോക്ക് 60-70 രൂപയായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 150 മുതല്‍ 170 വരെ എത്തിയിരിക്കുന്നത്. ഇടത്തരം അയലക്ക് കിലോക്ക് 200 രൂപയും വലിയ അയലക്ക് 220 രൂപയും കിലോക്ക് വിലയുണ്ട്. നെയ്മീനിന് ട്രോളിംഗ് നിരോധത്തിന് മുമ്പ് 550-600 രൂപയായിരുന്നു വില ഇപ്പോള്‍ 800-820 രൂപയിലെത്തിയിട്ടുണ്ട്. ചെമ്മീനിന് 350 മുതല്‍ 450 വരെ വിലയുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും മംഗലാപുരത്തു നിന്നും എത്തുന്ന മത്സ്യങ്ങളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും വില ഒരു പരിധി വരെയെങ്കിലും പിടിച്ചു നിര്‍ത്തുന്നത്. മഴ ശക്തിയാര്‍ജിക്കുകയും മത്സ്യലഭ്യത വര്‍ധിക്കുകയും ചെയ്യുന്നതോടെ വില താഴേക്ക് വരുമെന്നാണ് കരുതുന്നത്.