Connect with us

Ongoing News

വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ക്ഷേമകാര്യങ്ങള്‍ ഉറപ്പ് വരുത്താനായി സംസ്ഥാന വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്ന നിര്‍ദേശം പരിഗണനയിലാണെന്ന് മന്ത്രി എം കെ മുനീര്‍ നിയമസഭയില്‍ വ്യക്തമാക്കി. വൃദ്ധജനങ്ങളുടെ സംരക്ഷണം സംബന്ധിച്ച് എം പി വിന്‍സെന്റിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2006ലെ വയോജന നയം പരിഷ്‌കരിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നയമായി 2013ല്‍ പുറത്തിറക്കിയിരുന്നു. വയോജന നയത്തില്‍ വ്യക്തമാക്കിയ പദ്ധതികളും ക്ഷേമപരിപാടികളും നടപ്പാക്കുന്നതിന്റെ ഭാഗമായി സാമൂഹികനീതി അഡീഷനല്‍ സെക്രട്ടറി അധ്യക്ഷനായി വിദ്യാഭ്യാസ, തൊഴില്‍, പുനരധിവാസ, ധനകാര്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പുകളിലെ സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ അംഗങ്ങളായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി തയ്യാറാക്കുന്ന ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ പരിഗണിക്കും. ഇതനുസരിച്ച് സംസ്ഥാനത്ത് വയോജന നയം നടപ്പാക്കാന്‍ വിവിധ വകുപ്പുകളില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്കെതിരെയുള്ള ശാരീരിക മാനസിക അതിക്രമങ്ങള്‍ തടയുക, നിയമസഹായം ലഭ്യമാക്കുക, ഓള്‍ഡേജ് ഹോമുകളുടെ സേവനം മെച്ചപ്പെടുത്തുക, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനുള്ള നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പ് ഏകോപിപ്പിക്കുക എന്നിവക്കാവശ്യമുള്ള തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.
മുതിര്‍ന്നവര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ രൂപവത്കരിക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. വൃദ്ധസദനത്തില്‍ പ്രതിമാസം ഒരു അന്തേവാസിക്ക് 750 രൂപ ഭക്ഷണത്തിനും പ്രതിവര്‍ഷം 1000 രൂപ വസ്ത്രത്തിനുമായി നല്‍കുന്നുണ്ട്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുളള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, ആശുപത്രികളില്‍ ദീര്‍ഘനേരം ചികിത്സക്കായി കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി നിശ്ചിത ദിവസങ്ങളില്‍ സൗകര്യപ്രദമായ സമയം അനുവദിക്കുന്നതിനും പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെയുളള സ്ഥലങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തും.
മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ മിഷന്‍ വഴി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതിനും ദൈനംദിന ജീവിതം സുഖപ്രദമാക്കുന്നതിനുമുള്ള വയോമിത്രം എല്ലാ മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
2001ല്‍ സംസ്ഥാനത്ത് 9.79ശതമാനമായിരുന്ന വൃദ്ധജനസമൂഹം 2021 ആകുമ്പോഴേക്ക് 15.63 ശതമായി വര്‍ധിക്കുമെന്നാണ് കണക്കുകള്‍.

 

Latest