Connect with us

Gulf

നാട്ടിലെ ബേങ്ക് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

Published

|

Last Updated

അബുദാബി: നാട്ടിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് വ്യാജ ഇ-മെയില്‍ സന്ദേശം വഴി പണം തട്ടാന്‍ ശ്രമം. അബുദാബി ഇത്തിസലാത്ത് ജീവനക്കാരന്‍ കെ. ജയചന്ദ്രന്‍ നായരുടെ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തിരുവനന്തപുരം കീഴാറ്റിങ്ങല്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടന്നത്. സിംഗപ്പൂര്‍ 80 റാഫിള്‍ പ്‌ളെയ്‌സിലെ യുണൈറ്റഡ് ഓവര്‍സീസ് ബാങ്കില്‍ 358-115-664-0 എന്ന നമ്പറില്‍ അക്കൗണ്ടുള്ള ച്യൂ സൂണ്‍ ഇങ് ക്രിസ്റ്റഫര്‍ എന്നയാള്‍ക്ക് 12,500 ഡോളര്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രന്‍ നായരുടെ പേരില്‍ വ്യാജ ഇ-മെയിലും ഒപ്പുവച്ച മറ്റൊരു കത്തും ഈ മാസം 17നു ബ്രാഞ്ച് മാനേജര്‍ക്ക് ലഭിച്ചു.
അത്യാവശ്യ ഘട്ടങ്ങളില്‍ പണം കൈമാറ്റത്തിനു മാനേജര്‍ക്ക് ഇ-മെയിലും ഇതോടൊപ്പം ഒപ്പുവച്ച കത്തിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പും അയയ്ക്കുന്ന പതിവുണ്ടായിരുന്നു. ചിലപ്പോള്‍ ഉറപ്പിനായി ബാങ്കില്‍ നിന്നു തിരികെ ഫോണില്‍ വിളിക്കാറുമുണ്ട്. ഇത്തവണ ഇതുപോലെ മാനേജര്‍ വിളിച്ചതാണു തട്ടിപ്പു നീക്കം പൊളിയാന്‍ ഇടയാക്കിയത്. താനറിയാതെ തന്റെ ഇ-മെയില്‍ അക്കൗണ്ടില്‍ നിന്നു മെയിലും തന്റെ ഒപ്പുള്ള കത്തും ബാങ്കില്‍ ലഭിച്ചത് എങ്ങനെയെന്ന അമ്പരപ്പിലാണു ജയചന്ദ്രന്‍ നായര്‍. സ്വന്തം മെയില്‍ അക്കൗണ്ടിലെ സെന്റ് മെയിലില്‍ ഇതൊന്നും കാണുന്നുമില്ല.
എന്നാല്‍, മെയില്‍ അക്കൗണ്ട് സ്റ്റാറ്റസ് പരിശോധിച്ചപ്പോള്‍ ഈ മാസം 17ന് പുലര്‍ച്ചെ മലേഷ്യയില്‍ നിന്ന് ആരോ ഇ-മെയില്‍ ഉപയോഗിച്ചതായും അതേ ദിവസം തന്നെയാണ് ബാങ്കിലേക്ക് ആദ്യ സന്ദേശം പോയതെന്നും വ്യക്തമായി. സംഭവം സംബന്ധിച്ച് സിംഗപ്പൂര്‍ യുണൈറ്റഡ് ഓവര്‍സീസ് ബാങ്കില്‍ അറിയിച്ചിട്ടുണ്ട്. ഐഒ ബി കീഴാറ്റിങ്ങല്‍ ശാഖ മാനേജര്‍ കേരള പോലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നു ജയചന്ദ്രന്‍ നായര്‍ അറിയിച്ചു. യുഎഇ പോലീസ് സൈബര്‍ സെല്ലിലും സിംഗപ്പൂര്‍ പോലീസിലും പരാതി നല്‍കാനും ശ്രമിച്ചുവരുന്നു.

Latest